കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ; പൂജ അവധിക്ക് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ.

പൂജ അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ എക്സ്പ്രസ് സർവീസ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെത്തുടർന്നാണ് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുന്നത്.

ഈ ആവശ്യം കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നേരിട്ട് ഉന്നയിച്ചിരുന്നു. അവധിക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ 16-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് തിരുവനന്തപുരത്തേക്കും ഒക്ടോബർ 17-ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുമാണ് പ്രത്യേക സർവീസ്.

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ രീതിയിൽ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.

ബെംഗളൂരുവിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്ന വിദ്യാർഥികൾക്കും അവധിക്കാലത്ത് നാട്ടിലെത്തുന്ന കുടുംബങ്ങൾക്കും ഈ പ്രത്യേക സർവീസ് വലിയ ആശ്വാസമാകും.

ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം ഉറപ്പാക്കാനുള്ള ഇടപെടലുകൾ തുടരും. മാവേലിക്കരയുടെ റെയിൽവേ വികസനത്തിനും യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി കൊടിക്കുന്നിൽ സുരേഷ് എംപി സജീവമായി രംഗത്തുണ്ട്.