അമരാവതി: തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ച അര്‍ണബ് ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയില്‍ ആന്ധ്രാപ്രദേശ് തീരംതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് നിലവിലെ വിലയിരുത്തല്‍.
നിലവില്‍ മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് മുന്നേറുന്നത്. ഇത് വിശാഖപട്ടണത്തില്‍നിന്ന് 260 കിലോമീറ്ററും കാക്കിനടയില്‍നിന്ന് 380 കിലോമീറ്ററും അകലെയാണ് സ്ഥിതിചെയ്യുന്നത്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
വന്‍തോതില്‍ മുന്നൊരുക്കങ്ങള്‍
– 5.70 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കും
തീരദേശ ജില്ലകളില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ മാറ്റുന്നു.
– 16 ജില്ലകള്‍ക്ക് ചുഴലിക്കാറ്റ് ഭീഷണി
സംസ്ഥാനത്തെ 16 ജില്ലകളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
– 11 ജില്ലകളില്‍ ദുരന്തനിവാരണ സേന
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്.
– 1,763 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം
അടിയന്തര താമസത്തിനും സഹായത്തിനുമായി ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍
– ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
– രണ്ട് ദിവസങ്ങളിലായി 53 ട്രെയിനുകള്‍ റദ്ദാക്കി.
– യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റുകളില്‍ സര്‍വീസ് നില പരിശോധിച്ചശേഷം മാത്രമേ യാത്രതിരിക്കാവൂ എന്ന് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി.
അടുത്ത ഏതാനും മണിക്കൂറുകള്‍ ആന്ധ്രാപ്രദേശ് തീരമേഖലകളില്‍ അതിശക്തമായ കാറ്റും കനത്ത മഴയും കടല്‍ക്ഷോഭവും തുടരാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

