സുസ്ഥിരവും അനുഭവവേദ്യവുമായ ടൂറിസത്തിന് ഊന്നല്‍; വയോജനങ്ങളുടെ അനുഭവസമ്പത്തും വികസനത്തിന് ഉപയോഗപ്പെടുത്തണം മന്ത്രി പി. സി. വിഷ്ണുനാഥ്

കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും 70 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള സരള്‍ നിയമം പ്രാബല്യത്തില്‍ വന്നതായി സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. നിക്ഷേപകര്‍ക്ക് നിയമപരവും പാരിസ്ഥിതികവുമായ പരിശോധനകളില്‍ ഇളവ് നല്‍കാതെ തന്നെ അനുമതി നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജില്ലാതല സമീപനരേഖാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസം വികസനത്തില്‍ പുതിയ സാധ്യതകള്‍ തുറക്കണം

കേരളത്തിന്റെ ഭാവി വികസനത്തില്‍ ഏറ്റവും വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ടൂറിസത്തിനാണ് സംസ്ഥാനത്ത് കൂടുതല്‍ സാധ്യത. നിക്ഷേപത്തിന് തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സര്‍ക്കാരിന് മികച്ച സഹായക സംവിധാനമായി പ്രവര്‍ത്തിക്കാനാകും. സ്വകാര്യ നിക്ഷേപം പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കണം.
പത്തനംതിട്ടയ്ക്ക് സാംസ്‌കാരിക, തീര്‍ത്ഥാടന ടൂറിസത്തില്‍ വലിയ സാധ്യതകളുണ്ട്. ശബരിമല, ആറന്മുള, ആറന്മുള വള്ളസദ്യ, വള്ളംകളി, ആറന്മുള കണ്ണാടി, പടയണി, അയിരൂരിലെ കഥകളി ഗ്രാമം, തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിലെ കഥകളി, മാരാമണ്‍, ചെറുകോല്‍പ്പുഴ, കുമ്പനാട് കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവയെല്ലാം പ്രധാന ടൂറിസം ആകര്‍ഷണങ്ങളാണ്. ഗവി, അടവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കണം.

അനുഭവവേദ്യ ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത്

സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പരമ്പരാഗത ടൂറിസത്തില്‍നിന്ന് വ്യത്യസ്തമായി തദ്ദേശീയ ജീവിതരീതികളും കലകളും സംസ്‌കാരവും നേരിട്ട് അനുഭവിക്കുന്ന ടൂറിസത്തിനാണ് ഇന്ന് പ്രാധാന്യം. പള്ളിയോട നിര്‍മാണം, വള്ളം നിര്‍മാണം, പരമ്പരാഗത കരകൗശല വിദ്യകള്‍, നെല്‍കൃഷി, ഗ്രാമീണ ജീവിതം തുടങ്ങിയവയെ ടൂറിസം ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ കഴിയും. ഇവ കൃത്യമായ പാക്കേജുകളാക്കി അവതരിപ്പിച്ചാല്‍ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പ്രാദേശിക ജനങ്ങള്‍ക്ക് വരുമാനമുണ്ടാക്കാനും സാധിക്കും.
ജില്ലയിലെത്തുന്ന തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ഒരു ദിവസമെങ്കിലും ജില്ലയില്‍ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അനുഭവവേദ്യ ടൂറിസത്തിനും ദീര്‍ഘകാല താമസത്തിനും അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ അനുഭവസമ്പത്ത് വികസനത്തിന് പ്രയോജനപ്പെടുത്തണം

സില്‍വര്‍ ഇക്കോണമി എന്നത് വയോജനക്ഷേമ പദ്ധതികളില്‍ മാത്രം ഒതുങ്ങുന്നതല്ല. മുതിര്‍ന്ന പൗരന്മാരുടെ അറിവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. അവരുടെ കഴിവുകളും അനുഭവങ്ങളും സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തണം. വയോജനങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും മന്ത്രി പറഞ്ഞു.

പ്രളയപ്രതിരോധത്തിന് ജനകീയ സംവിധാനം വേണം

പ്രളയവും പ്രകൃതിദുരന്തങ്ങളും നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ശക്തമായ ജനകീയ സംവിധാനവും ജില്ലയില്‍ ഒരുക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സമയത്ത് സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തണം.
വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ ജനങ്ങളെ വീടുകളില്‍നിന്ന് മാറ്റുന്നതിന് പ്രാദേശിക ജനപ്രതിനിധികള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. ദുരന്തസമയത്ത് രാത്രികാല രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തണം. പത്തനംതിട്ട ജില്ലയിലെ അഗ്‌നിരക്ഷാ, രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ജില്ലകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നേരിട്ട് കേട്ട് അവരുടെ അഭിപ്രായങ്ങളും വികസന നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്ന ആസൂത്രണ ബോര്‍ഡിന്റെ സമീപനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. പങ്കാളിത്ത ആസൂത്രണത്തിലൂടെ പുതിയ കാലത്തിന്റെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബിന്‍ വര്‍ക്കി എം എല്‍ എ യോഗത്തില്‍ അധ്യക്ഷനായിരുന്നു.

തീര്‍ത്ഥാടന ടൂറിസത്തിലൂടെ പ്രതിവര്‍ഷം 250 കോടി രൂപയുടെ വരുമാന സാധ്യത; സമഗ്ര പ്രളയനിയന്ത്രണ പദ്ധതിയും വേണം

70 ലക്ഷത്തിലേറെ തീര്‍ത്ഥാടകരെത്തുന്ന പത്തനംതിട്ടയുടെ വികസന സാധ്യതകള്‍ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ പ്രയോജനപ്പെടുത്തണം അബിന്‍ വര്‍ക്കി എംഎല്‍എ

തീര്‍ത്ഥാടന ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി പത്തനംതിട്ടയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി പ്രതിവര്‍ഷം 250 കോടി രൂപയിലേറെ വരുമാനം നേടുന്ന മേഖലയാക്കി ജില്ലയിലെ ടൂറിസത്തെ വളര്‍ത്താന്‍ കഴിയുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ.

ശബരിമല, ആറന്മുള തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളും മാരാമണ്‍, ചെറുകോല്‍പ്പുഴ, കുമ്പനാട് കണ്‍വെന്‍ഷനുകളും പടയണി ഉള്‍പ്പെടെയുള്ള തനത് കലാരൂപങ്ങളും പള്ളിയോടങ്ങളും ഉള്‍പ്പെടുത്തി സമഗ്ര തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കണം. ഇതിന് ആവശ്യമായ താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നടന്ന ജില്ലാ തല സമീപനരേഖാ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പ്രതിവര്‍ഷം ഏകദേശം 55 ലക്ഷം തീര്‍ത്ഥാടകരും ആറന്മുള ക്ഷേത്രത്തില്‍ 10 ലക്ഷം പേരും എത്തുന്നുണ്ട്. വിവിധ കണ്‍വെന്‍ഷനുകളും സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടെ പ്രതിവര്‍ഷം 70 മുതല്‍ 75 ലക്ഷം വരെ ആളുകള്‍ ജില്ലയില്‍ എത്തുന്നു. ഇവരില്‍ ചെറിയൊരു ശതമാനം ആളുകളെപ്പോലും ജില്ലയില്‍ ഒരു ദിവസം താമസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ടൂറിസം വരുമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകും. സന്ദര്‍ശകരുടെ താമസത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയില്‍ മുന്‍ഗണന നല്‍കണം.

വയോജനക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍

വയോജനങ്ങളുടെ എണ്ണത്തില്‍ മുന്നിലുള്ള ജില്ലയെന്ന നിലയില്‍ പത്തനംതിട്ടയില്‍ വയോജനക്ഷേമ പദ്ധതികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. വയോജന പരിചരണത്തിനും ആരോഗ്യസംരക്ഷണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സില്‍വര്‍ ഇക്കോണമിയുടെ സാധ്യതകള്‍ ജില്ലയില്‍ പ്രയോജനപ്പെടുത്താനാകണം. വയോജന പരിചരണ മേഖലയിലെ പുതിയ പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ജില്ലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തെ നേരിടാന്‍ സമഗ്ര പദ്ധതി

കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായ പ്രളയവും ജില്ലയുടെ വികസനത്തിന് വലിയ വെല്ലുവിളിയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളുടെ തീരപ്രദേശങ്ങള്‍ എല്ലാ വര്‍ഷവും പ്രളയഭീഷണി നേരിടുന്നു. റാന്നിയിലുണ്ടായ അതിതീവ്രമഴയും തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു.

പ്രളയനിയന്ത്രണം ഏതെങ്കിലും ഒരു പ്രദേശത്ത് ഒറ്റപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിലൂടെ സാധ്യമാകില്ല. റാന്നിയുടെ മുകള്‍പ്രദേശങ്ങളില്‍നിന്ന് ആരംഭിച്ച് നദികളുടെ തീരങ്ങളിലൂടെ തോട്ടപ്പള്ളി സ്പില്‍വേയും വേമ്പനാട് കായലും വരെയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതി തയ്യാറാക്കണം. വെള്ളപ്പൊക്ക ഭൂപടങ്ങള്‍ തയ്യാറാക്കുന്നതിനൊപ്പം പ്രളയസാധ്യത കുറയ്ക്കാനുള്ള ദീര്‍ഘകാല നടപടികളും പതിനഞ്ചാം പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

കാര്‍ഷിക മേഖലയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും മുന്‍ഗണന

റബര്‍ കൃഷിയും നെല്‍വയലുകളും ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയും ഉല്‍പാദനം വര്‍ധിപ്പിക്കുകയും വേണം. മികച്ച വായുഗുണനിലവാരവും പ്രകൃതിസമ്പത്തും പത്തനംതിട്ടയുടെ പ്രധാന സവിശേഷതകളാണ്. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ആരോഗ്യ, വിനോദസഞ്ചാര മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും സന്ദര്‍ശകരെയും ആകര്‍ഷിക്കാനാകണം.

യുവജനങ്ങളുടെ പലായനം തടയാന്‍ തൊഴില്‍സാധ്യതകള്‍

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന യുവാക്കളുടെ അറിവും കഴിവും സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കണം. വിദേശപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് നാട്ടില്‍ തിരിച്ചെത്തി ജോലി ചെയ്യാനും സംരംഭങ്ങള്‍ ആരംഭിക്കാനും അനുയോജ്യമായ തൊഴില്‍സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. വിവരസാങ്കേതിക പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍കേന്ദ്രങ്ങളും തൊഴിലധിഷ്ഠിത സംരംഭങ്ങളും ജില്ലയില്‍ വികസിപ്പിക്കേണ്ടതുണ്ട്.

ഗതാഗത ബന്ധം ശക്തിപ്പെടുത്തണം

ശബരി റെയില്‍പാതയുള്‍പ്പെടെയുള്ള ഗതാഗത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ജില്ലയില്‍ വിമാനത്താവളം സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യവും പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പരിഗണിക്കണം. പരിസ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിലയിരുത്തി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

പത്തനംതിട്ട ജില്ല രൂപീകരിച്ചതിന്റെ 44-ാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ പഞ്ചവത്സര പദ്ധതികള്‍ ജില്ലയുടെ സാക്ഷരത, ആരോഗ്യം, അടിസ്ഥാന സൗകര്യം, ടൂറിസം, കാര്‍ഷിക മേഖലകളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ പദ്ധതിയില്‍ ജില്ലയുടെ വികസന സാധ്യതകളും ജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും നേരിട്ട് കേട്ട് നിര്‍ദേശങ്ങള്‍ സമാഹരിക്കുന്ന ആസൂത്രണ ബോര്‍ഡിന്റെ സമീപനം സ്വാഗതാര്‍ഹമാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

 

അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാന സമ്പദ്വ്യവസ്ഥ 28 ലക്ഷം കോടി രൂപയിലെത്തിക്കും

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ച ലക്ഷ്യം; തൊഴിലില്ലായ്മ പകുതിയായി കുറയ്ക്കും

വികസനത്തിന്റെ എന്‍ജിനുകളായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാറണം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ നിലവിലുള്ള 16 ലക്ഷം കോടി രൂപയില്‍നിന്ന് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 28 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ഇതിനായി പ്രതിവര്‍ഷം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കണം. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പകുതിയായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. പതിനഞ്ചാം പദ്ധതിക്കപ്പുറം പതിനാറ്, പതിനേഴ്, പതിനെട്ട് പഞ്ചവത്സര പദ്ധതികള്‍ കൂടി മുന്നില്‍ കണ്ടുള്ള ദീര്‍ഘകാല വികസന കാഴ്ചപ്പാടാണ് ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജില്ലാ തല സമീപനരേഖാ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പരിമിതികള്‍ മറികടക്കാന്‍ പുതിയ വികസന മാതൃക

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ കടം അഞ്ചു ലക്ഷം കോടി രൂപ കവിയും. മൊത്തം ആഭ്യന്തര ഉല്‍പാദനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കടത്തിന്റെ അനുപാതം സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന നിലയിലാണ്. പ്രതിശീര്‍ഷ വരുമാന വളര്‍ച്ചാനിരക്ക് 19 പ്രധാന സംസ്ഥാനങ്ങളില്‍ താഴെ നിന്ന് രണ്ടാം സ്ഥാനത്താണ്.

ഊര്‍ജമേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും വെല്ലുവിളികളാണ്. സംസ്ഥാനത്തിന് പ്രതിദിനം ആവശ്യമായ വൈദ്യുതി ഏകദേശം 6000 മെഗാവാട്ടാണെങ്കിലും ഉല്‍പാദനം 2500 മെഗാവാട്ട് മാത്രമാണ്. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ഏകദേശം 30 ശതമാനമാണ്.

എന്നാല്‍ ഈ പരിമിതികള്‍ക്കിടയിലും അതിവേഗ വികസനത്തിന് ആവശ്യമായ നിരവധി അനുകൂല ഘടകങ്ങള്‍ കേരളത്തിനുണ്ട്. സംസ്ഥാനത്തെ ബാങ്ക് നിക്ഷേപം 11 ലക്ഷം കോടി രൂപയാണ്. പ്രതിവര്‍ഷം രണ്ടു ലക്ഷം കോടി രൂപയുടെ പ്രവാസി പണമൊഴുക്ക് സംസ്ഥാനത്തേക്കുണ്ട്. പ്രവാസി ബാങ്ക് നിക്ഷേപം മൂന്നു ലക്ഷം കോടി രൂപയാണ്. ആരോഗ്യ, സാക്ഷരതാ മേഖലകളിലെ മികച്ച നേട്ടങ്ങളും വിനോദസഞ്ചാര സാധ്യതകളും കേരളത്തിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ഈ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന വികസന മാതൃകയാണ് രൂപപ്പെടുത്തേണ്ടത്.

വികസനത്തിന്റെ എന്‍ജിനുകളാകണം തദ്ദേശഭരണ സ്ഥാപനങ്ങള്‍

പുതിയ വികസന മാതൃകയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വെറും പദ്ധതി വിഹിതം ചെലവഴിക്കുന്ന സംവിധാനങ്ങളായി തുടരരുത്. അവ പ്രാദേശിക വികസനത്തിന്റെയും നിക്ഷേപത്തിന്റെയും എന്‍ജിനുകളായി മാറണം. ഒരു സ്ഥാപനം എത്ര പണം ചെലവഴിച്ചു എന്നതിലുപരി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു, കാര്‍ഷിക ഉല്‍പാദനം എത്രത്തോളം വര്‍ധിപ്പിച്ചു തുടങ്ങിയവയായിരിക്കും പ്രവര്‍ത്തന മികവിന്റെ പ്രധാന മാനദണ്ഡങ്ങള്‍.

വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി മലയാളികള്‍, സ്വകാര്യ മേഖല, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് ലഭ്യമാകുന്ന പരമാവധി സഹായം പ്രയോജനപ്പെടുത്തുകയും വേണം. പദ്ധതികള്‍ സമര്‍പ്പിക്കാത്തതും വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാത്തതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കേന്ദ്രസഹായം വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതിന് പരിഹാരമായി കേന്ദ്രപദ്ധതികളുടെ ലഭ്യതയും അവയുടെ വിനിയോഗവും സംബന്ധിച്ച സമഗ്ര വിവരശേഖരണം ആസൂത്രണ ബോര്‍ഡ് തയ്യാറാക്കും.

പങ്കാളിത്ത വികസനത്തിന് പ്രത്യേക സെല്‍

വികസന പദ്ധതികള്‍ക്കാവശ്യമായ വിഭവസമാഹരണത്തിനും വിവിധ മേഖലകളുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആസൂത്രണ ബോര്‍ഡില്‍ പ്രത്യേക പാര്‍ട്ണര്‍ഷിപ്പ് സെല്‍ രൂപീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ സെല്‍ സഹായം നല്‍കും. കേന്ദ്രസര്‍ക്കാര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, സഹകരണ മേഖല, പ്രവാസികള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരില്‍നിന്ന് വികസനത്തിനാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഇത്തരം പദ്ധതികള്‍ കണ്ടെത്തി ആവശ്യമായ വിഭവസമാഹരണത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കാനുള്ള ശ്രമം നടത്തും.

പദ്ധതികള്‍ ഇനി സ്മാര്‍ട്ട് മാതൃകയില്‍

പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും സമഗ്രമായ മാറ്റം കൊണ്ടുവരും. എല്ലാ പദ്ധതികളും വ്യക്തമായ ലക്ഷ്യങ്ങളും സമയപരിധിയും ഫലസൂചകങ്ങളും ഉള്‍ക്കൊള്ളുന്ന പ്രോജക്ട് മാതൃകയിലായിരിക്കും തയ്യാറാക്കുക. ഓരോ പദ്ധതിയിലും കൈവരിക്കേണ്ട ലക്ഷ്യം, അളക്കാവുന്ന നേട്ടം, പൂര്‍ത്തീകരണ കാലയളവ് എന്നിവ കൃത്യമായി നിര്‍വചിക്കും.

സ്‌പെസിഫിക്, മെഷറബിള്‍, അച്ചീവബിള്‍, റിസള്‍ട്ട് ഓറിയന്റഡ്, ടൈം ബൗണ്ട് എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് മാതൃകയിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് വഴി പരിശീലനവും പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാതൃകകളും ലഭ്യമാക്കും. പ്ലാന്‍ സ്‌പേസ് എന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെയായിരിക്കും പദ്ധതികള്‍ സമര്‍പ്പിക്കുന്നതും ഭേദഗതി ചെയ്യുന്നതും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹായത്തോടെ പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.

ജില്ലകള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ നിരന്തര പിന്തുണ

ജില്ലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആസൂത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തന ഘടന പുനഃസംഘടിപ്പിക്കും. ബോര്‍ഡിലെ ഏഴ് ചീഫുമാര്‍ക്ക് രണ്ടു ജില്ലകള്‍ വീതം ചുമതല നല്‍കും. ഇവര്‍ മാസത്തില്‍ ഒരിക്കലെങ്കിലും ബന്ധപ്പെട്ട ജില്ലകള്‍ സന്ദര്‍ശിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുമായും വിവിധ വകുപ്പുകളുമായും ചര്‍ച്ച നടത്തും. ജില്ലകളുടെ വികസന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിഹാരം കണ്ടെത്തുന്നതിനും ഇവര്‍ ഇടപെടും. ആസൂത്രണ ബോര്‍ഡ് അംഗങ്ങളും മൂന്നുമാസത്തിലൊരിക്കലെങ്കിലും ജില്ലകളിലെത്തി ചര്‍ച്ചകള്‍ നടത്തും.
തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും വിവിധ മേഖലകളിലെ പങ്കാളികളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.

പുതിയ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ആദ്യമായി പദ്ധതി രൂപീകരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ജില്ലാതലത്തില്‍ ജനപ്രതിനിധികള്‍, തദ്ദേശഭരണ സ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തെ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് നയിക്കുന്ന പങ്കാളിത്താധിഷ്ഠിതവും ഫലാധിഷ്ഠിതവുമായ ആസൂത്രണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.