കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (NFDC), നാഷണൽ സെർവീസ് സ്കീമിൻ്റെയും (NSS) സഹകരണത്തോടെ ജയരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിൽ (RINFF 2026) ഇൽഗിസ് ഷെർഗിസ് സംവിധാനം ചെയ്ത കിർഗിസ്ഥാൻ ഡോക്യുമെന്ററി ‘ലോങ് വേ ടു ദ പാസ്ച്ചർ’ (Long Way to the Pasture) മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി. ഹബീബ് അൽവാനി സംവിധാനം ചെയ്ത ഇറാനിയൻ ഡോക്യുമെന്ററി ‘അഡ്രിയാന: എ പാസഞ്ചർ ഫ്രം ഇറ്റലി’ രണ്ടാമത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. പ്രശസ്ത ശ്രീലങ്കൻ ചലച്ചിത്രകാരൻ പ്രസന്ന വിത്താനഗെ അധ്യക്ഷനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസേര്‍ട്ടിഫിക്കേഷന്റെ(യു.എന്‍.സി.സി.ഡി) പിന്തുണയോടെയാണ് മേള സംഘടിപ്പിച്ചത്. ആലുവ എസ്.സി.എം.എസ്. ക്യാമ്പസിൽ ഒക്ടോബർ 29 മുതൽ 31 വരെയായിരുന്നു ചലച്ചിത്രോത്സവം.

കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, നടൻ ടിനി ടോം, മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജി. എസ്. ഗിരീഷ് കുമാർ, തോമസ് കുരുവിള, ഡോ. ജോബിൻ ജോസ്, പ്രശസ്ത ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ചലച്ചിത്ര സംവിധായകൻ ജയരാജ് മേളയെക്കുറിച്ചുള്ള അവലോകനം അവതരിപ്പിച്ചു. മനോരമ ഹോർത്തൂസിന് വേണ്ടിയുള്ള പുരസ്കാരം മാർക്കറ്റിംഗ് ഡയറക്ടർ വർഗീസ് ചാണ്ടി ഏറ്റുവാങ്ങി തുടർന്ന് ആശംസാപ്രസംഗം നടത്തി.

നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ, സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. വി. മനു, ഹയർ സെക്കൻഡറി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ എസ്. എന്നിവർ ചേർന്ന് കുട്ടികൾക്കുള്ള ‘ഗോൾഡൻ ഹോൺബിൽ’, ‘ഗോൾഡൻ ഔൾ’, ‘ക്രിസ്റ്റൽ ബട്ടർഫ്ലൈ’ പുരസ്കാരങ്ങൾ വിതരണം ചെയ്തു,

മഹാത്മാഗാന്ധി സർവകലാശാല എൻ.എസ്.എസ് കോർഡിനേറ്റർ ഇ. എൻ. ശിവദാസൻ സമാപന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. എസ്.സി.എം.എസ് (SCMS) കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി മഹേഷ് നന്ദി രേഖപ്പെടുത്തി.

ഇറാനെ ‘ഫോക്കസ് രാജ്യ’മായും (Country Focus) മിസോറാമിനെ ‘ഫോക്കസ് സംസ്ഥാന’മായും (Focus State) തെരഞ്ഞെടുത്ത ഈ മേള, പ്രകൃതിയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള വൈവിധ്യമാർന്ന ചലച്ചിത്ര കാഴ്ചപ്പാടുകളെ ആഘോഷിക്കുന്നതിനുള്ള മികച്ചൊരു വേദിയൊരുക്കി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, എൻ.എഫ്.ഡി.സി (NFDC) എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കേരളത്തിലെ ഏക പരിസ്ഥിതി-പ്രകൃതി കേന്ദ്രീകൃത ചലച്ചിത്രോത്സവമായ RINFF 2026, സിനിമയിലൂടെ പരിസ്ഥിതി അവബോധം വളർത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നു.

സ്കൂൾ, കോളേജ് വിഭാഗങ്ങളിൽ നിന്നായി നൂറോളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മത്സരത്തിൽ പങ്കെടുത്തു. മിസോറാം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, വിവര-പൊതുജനസമ്പർക്ക വകുപ്പ് മന്ത്രി ശ്രീ ബി. ലാൽഛൻസോവയാണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്.

ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ, ശ്രദ്ധേയമായ സംഭാവനകളെ മുൻനിർത്തി മുരളി തുമ്മാരുകുടിക്ക് ‘പ്രകൃതി പുരസ്കാരം’ (RINFF 2026 ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്) കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു.

സിനിമയിലൂടെ പരിസ്ഥിതി ആശങ്കകളെ പറ്റി ആഴത്തിൽ ചിന്തിക്കാൻ ഈ മേള ചലച്ചിത്രപ്രവർത്തകർക്കും യുവ പങ്കാളികൾക്കും വേദിയൊരുക്കി. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ അവബോധം വളർത്താൻ ഇത് പ്രചോദനമായി.