ന്യൂഡൽഹി: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

ദീപാവലിയുടെ തലേന്ന് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ അറിയിച്ചു. ഭഗവാൻ ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ഓർമയിലാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. രാമരാജ്യത്തിന്റെ ഉദയത്തെയും തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും പ്രതീകപ്പെടുത്തുന്നതാണ് ഈ ഉത്സവമെന്നും അവർ വ്യക്തമാക്കി.

ദുരിതങ്ങളുടെ അവസാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിന്റെ തുടക്കവുമാണ് ദീപാവലി സൂചിപ്പിക്കുന്നത്. സന്മാർഗത്തിനും ക്ഷേമത്തിനുമായി ഗണപതിയെയും ഐശ്വര്യത്തിനായി മഹാലക്ഷ്മിയെയും ആരാധിക്കുന്ന ഈ വേളയിൽ എല്ലാവരുടെയും സുഖസന്തോഷങ്ങൾക്കായി പ്രാർഥനകൾ അർപ്പിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രകൃതിയെ സംരക്ഷിച്ചും പരസ്പര സൗഹാർദത്തോടെ ജീവിച്ചും രാജ്യത്തെ ഓരോ പൗരനും ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെയെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ യുവാക്കൾ സജീവമായി പങ്കാളികളാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഈ ഉത്സവം രാജ്യത്തുടനീളം പ്രകാശം പരത്തുന്നതാണെന്നും അന്ധകാരത്തെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യത്തെയാണ് ദീപാവലി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവവും വരാനിരിക്കുന്ന നാളുകളും എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

മുൻ വർഷങ്ങളിലേതുപോലെ രാജ്യത്തിന്റെ ധീരരായ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ദീപാവലി ആശംസകളടങ്ങിയ വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് എക്സിൽ ‘എല്ലാവർക്കും മനോഹരമായ ദീപാവലി ആശംസിക്കുന്നു’ എന്നും പ്രധാനമന്ത്രി കുറിച്ചു.