മണ്ഡല–മകരവിളക്ക് തീർഥാടനത്തിന്റെ പുണ്യാരംഭം കുറിച്ച് വൃശ്ചികം ഒന്നാം തീയതി പുലർച്ചെ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുനട തുറന്നു. അയ്യപ്പദർശനത്തിനായി എത്തിയ ആയിരക്കണക്കിന് ഭക്തരുടെ ശരണമന്ത്രങ്ങൾക്കിടയിൽ സന്നിധാനം ഭക്തിസാന്ദ്രമായി.

ശരണാമൃതം നിറഞ്ഞ വൃശ്ചിക പുലരി

പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വൃശ്ചികം ഒന്നിലെ പൂജകൾക്ക് തുടക്കമായത്. പുലർച്ചെ മൂന്നിന് നട തുറന്ന് നിർമാല്യദർശനം, അഭിഷേകം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചു. നെയ്യഭിഷേകത്തിനും അയ്യപ്പദർശനത്തിനുമായി ഭക്തർ സന്നിധാനത്ത് എത്തിത്തുടങ്ങി.41 ദിവസം നീളുന്ന മണ്ഡലവ്രതത്തിലൂടെ ഭക്തിയും വ്രതശുദ്ധിയും നിറഞ്ഞ തീർഥാടനകാലത്തിനാണ് തുടക്കമായിരിക്കുന്നത്. ഇനി കാനനപാതകളിലും മലമടക്കുകളിലും മുഴങ്ങുക ഒരേയൊരു മന്ത്രം:സ്വാമിയേ ശരണമയ്യപ്പാ