(നരേന്ദ്ര മോദി)
ഇന്ത്യൻ സംസ്കാരത്തെയും സംഗീതത്തെയും സ്നേഹിക്കുന്ന ഏവർക്കും സെപ്റ്റംബർ 8 ഏറെ സവിശേഷമാണ്; വിശേഷിച്ചും അസമിലെ എന്റെ സഹോദരീസഹോദരന്മാർക്ക്. കാരണം, ഇന്ത്യൻ സംഗീതലോകത്തെ സവിശേഷമായ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപെൻ ഹസാരികയുടെ ജന്മദിനമാണിത്. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുകയാണ്. ഇന്ത്യയുടെ കലാപരമായ ആവിഷ്കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാനുള്ള അവസരമാണിത്.
സംഗീതത്തിന് അതീതമാണ് ഭൂപെൻ ദാ നമുക്കു നൽകിയ കാര്യങ്ങൾ. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികൾ ഹൃദയത്തിൽ ആഴത്തിൽ സ്പന്ദിക്കുന്ന അനുഭൂതികൾ പകരുന്നു. ശബ്ദം മാത്രമായിരുന്നില്ല; അദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തിൽ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാണു നിരവധി തലമുറകൾ വളർന്നത്.
അസമിൽനിന്നുയർന്ന ആ ശബ്ദം, കാലാതീതമായ നദിപോലെ ഒഴുകി, അതിർത്തികളും സംസ്കാരങ്ങളും കടന്ന്, മാനവികതയുടെ സത്ത ഉൾക്കൊണ്ട ഒന്നായിരുന്നു. ഭൂപെൻ ദാ ലോകമാകെ സഞ്ചരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളുമായി അദ്ദേഹം ഇടപഴകി. എന്നാൽ, അസമിലെ തന്റെ വേരുകളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പുലർത്തിപ്പോന്നു. അസമിലെ സമ്പന്നമായ വാമൊഴി പാരമ്പര്യങ്ങൾ, നാടോടി ഈണങ്ങൾ, സാമൂഹ്യ കഥപറച്ചിൽ രീതികൾ എന്നിവ അദ്ദേഹത്തിന്റെ ബാല്യത്തെ ആഴത്തിൽ രൂപപ്പെടുത്തി. ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കലാപരമായ പദാവലിയുടെ അടിത്തറയായി. അസമിന്റെ തദ്ദേശീയ സ്വത്വത്തിന്റെയും അവിടത്തെ ജനങ്ങളുടെ ധർമചിന്തയുടെയും ചൈതന്യം അദ്ദേഹത്തിൽ എല്ലായ്പോഴും ഉൾച്ചേർന്നിരുന്നു.
നന്നേ ചെറുപ്പത്തിൽത്തന്നെ ഭൂപെൻ ദായിൽ പ്രതിഭയുടെ മിന്നലാട്ടം ദൃശ്യമായിരുന്നു. വെറും അഞ്ചു വയസ്സുള്ളപ്പോൾ, അദ്ദേഹം ഒരു പൊതുപരിപാടിയിൽ പാടി. അസം സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വമായ ലക്ഷ്മിനാഥ് ബെസ്ബറുവയുടെ ശ്രദ്ധയാകർഷിക്കാൻ ആ ശബ്ദത്തിനു കഴിഞ്ഞു. കൗമാരത്തിലെത്തുമ്പോഴേക്കും അദ്ദേഹം തന്റെ ആദ്യ ഗാനം റെക്കോഡുചെയ്തിരുന്നു. എന്നാൽ സംഗീതം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഒരു ഭാഗം മാത്രമായിരുന്നു. അത്രത്തോളം ബൗദ്ധികനിലവാരമുള്ള വ്യക്തികൂടിയായിരുന്നു ഭൂപെൻ ദാ. ജിജ്ഞാസയും വാചാലതയും നിറഞ്ഞ, ലോകത്തെ മനസ്സിലാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താൽ നയിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ജ്യോതിപ്രസാദ് അഗർവാല, ബിഷ്ണു പ്രസാദ് റാഭ തുടങ്ങിയ സാംസ്കാരിക ഇതിഹാസങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അന്വേഷണത്വര കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. പഠിക്കാനുള്ള ഈ ആഗ്രഹമാണ് അദ്ദേഹത്തെ ബനാറസ് ഹിന്ദു സർവകലാശാലയിലെ കോട്ടൺ കോളേജിൽ മികവു പുലർത്താൻ സഹായിച്ചതും അമേരിക്കയിലേക്കു യാത്രചെയ്യാൻ പ്രേരിപ്പിച്ചതും. അവിടെ അദ്ദേഹം അക്കാലത്തെ പ്രമുഖ അക്കാദമിക വിദഗ്ധരുമായും ചിന്തകരുമായും സംഗീതജ്ഞരുമായും ഇടപഴകി. ഇതിഹാസ കലാകാരനും പൗരാവകാശ നേതാവുമായ പോൾ റോബ്സണെ അദ്ദേഹം കണ്ടുമുട്ടി. റോബ്സണിന്റെ “ഓൾ’ മാൻ റിവർ” എന്ന ഗാനമാണ് ഭൂപെൻ ദായുടെ ഐതിഹാസിക രചനയായ ‘ബിസ്തീർനോ പരോറെ’യ്ക്ക് പ്രചോദനമായത്. ഏറെ പ്രശംസയ്ക്കു പാത്രമായ മുൻ അമേരിക്കൻ പ്രഥമ വനിത എലീനർ റൂസ്വെൽറ്റ്, ഇന്ത്യൻ നാടോടി സംഗീതത്തിലെ പ്രകടനങ്ങൾക്ക് അദ്ദേഹത്തിന് സ്വർണ്ണ മെഡൽ സമ്മാനിക്കുകയും ചെയ്തു.
അമേരിക്കയിൽ തുടരാനുള്ള അവസരം ഭൂപെൻ ദായ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തിരികെ ഇന്ത്യയിലെത്തി സംഗീതത്തിൽ മുഴുകി. റേഡിയോ മുതൽ നാടകം വരെയും സിനിമകൾ മുതൽ വിദ്യാഭ്യാസ ഡോക്യുമെന്ററികൾ വരെയും അദ്ദേഹം നിറഞ്ഞു. ഈ മാധ്യമങ്ങളിൽ ഓരോന്നിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. എവിടെയും യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം ഊന്നൽ നൽകി. അദ്ദേഹത്തിന്റെ കൃതികൾ ഗാനരചനയുടെ കലാസൗന്ദര്യത്തിനുപുറമെ, സാമൂഹ്യസന്ദേശങ്ങളും അടങ്ങുന്നതായിരുന്നു. ദരിദ്രർക്കുള്ള നീതി, ഗ്രാമവികസനം, സാധാരണ പൗരന്മാരുടെ ശക്തി എന്നിവയെ സ്പർശിക്കുന്ന സന്ദേശങ്ങൾ അദ്ദേഹം നൽകി. തന്റെ സംഗീതത്തിലൂടെ വഞ്ചിതുഴയുന്നവർ, തേയിലത്തോട്ടം തൊഴിലാളികൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയവരുടെ സ്വപ്നങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. ഗൃഹാതുരത്വത്തിനൊപ്പം, ഭൂപെൻ ദായുടെ കൃതികൾ ആധുനികതയെ വീക്ഷിക്കുന്നതിനുള്ള കരുത്തുറ്റ ദർപ്പണമായി മാറി. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന നിരവധിപേർ, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർ, അദ്ദേഹത്തിന്റെ സംഗീതത്തിൽ നിന്ന് ശക്തിയും പ്രതീക്ഷയും ഉൾക്കൊണ്ടു.
‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവം ഭൂപെൻ ഹസാരികയുടെ ജീവിതയാത്രയിൽ കരുത്തോടെ പ്രതിഫലിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ കൃതികൾ ഭാഷാപരവും പ്രാദേശികവുമായ അതിരുകൾ മറികടന്നു. അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലെ സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. അസമിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ദൃശ്യവും ശബ്ദവുമായി പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായി. ആധുനിക അസമിന്റെ സംസ്കാരിക സ്വത്വം രൂപപ്പെടുത്തിയതിൽ, അസമിലുള്ളവരുടെ കാര്യത്തിൽ മാത്രമല്ല, ലോകമാകെയുള്ള അസംകാർക്കിടയിലും നിർണായക പങ്കുവഹിക്കാൻ അദ്ദേഹത്തിനായി എന്നു പറയുന്നത് അതിശയോക്തിയാകില്ല.
ഭൂപെൻ ദാ രാഷ്ട്രീയവ്യക്തിത്വമല്ലായിരുന്നെങ്കിലും പൊതുസേവന ലോകവുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1967-ൽ, അസമിലെ നൗബോയ്ച നിയോജകമണ്ഡലത്തിൽനിന്ന് സ്വതന്ത്ര എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വിശ്വാസത്തിൽ തന്റെ പൊതുവ്യക്തിത്വം എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് തെളിയിച്ചു. മുഴുവൻ സമയ രാഷ്ട്രീയക്കാരനായില്ലെങ്കിലും, മറ്റുള്ളവരെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തി.
ഇന്ത്യയിലെ ജനങ്ങളും ഗവണ്മെന്റും വർഷങ്ങളായി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുവരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. 2019-ൽ, ഞങ്ങളുടെ ഭരണകാലത്ത് അദ്ദേഹത്തിന് ഭാരതരത്നം നൽകപ്പെട്ടത്, എൻഡിഎ ഗവണ്മെന്റിനും വ്യക്തിപരമായി എനിക്കും അഭിമാനകരമായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ, പ്രത്യേകിച്ച് അസമിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുമുള്ളവർ, ഈ ബഹുമതി അദ്ദേഹത്തിന് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. ഭൂപെൻ ദാ തന്റെ ഹൃദയത്തിന് പ്രിയപ്പെട്ടതായി കരുതിയ തത്വങ്ങളെ ആഘോഷിക്കുകയായിരുന്നു ഈ ബഹുമതി. സത്യത്തിൽ അധിഷ്ഠിതമായാൽ, സംഗീതം എല്ലാ തടസ്സങ്ങളെയും മറികടക്കും. ഒരു ഗാനത്തിന് ഒരു ജനതയുടെ സ്വപ്നങ്ങളുടെ ഭാരം വഹിക്കാനും ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ ചലിപ്പിക്കാനും കഴിയും. ഈ തത്വങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
2011 ൽ ഭൂപെൻ ദാ അന്തരിച്ച സമയം ഞാൻ ഓർക്കുകയാണ്. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിനുപേർ പങ്കെടുത്തത് ഞാൻ ടെലിവിഷനിൽ കണ്ടിരുന്നു. ആ സമയത്ത് എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. മരണത്തിലും, അദ്ദേഹത്തിന്റെ മഹത്തായ ജീവിതത്തിലെന്നപോലെ, അദ്ദേഹം ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്നു. ബ്രഹ്മപുത്ര നദിയെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന ജലുക്ബാരി കുന്നിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും, രൂപകങ്ങളുടെയും, ഓർമകളുടെയും ജീവരേഖയായിരുന്നു അത്. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്റെ ജീവിതയാത്ര ജനപ്രിയമാക്കാൻ പ്രവർത്തിക്കുന്ന ഭൂപെൻ ഹസാരിക സാംസ്കാരിക ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ അസം ഗവണ്മെന്റ് പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ട്.
ഭൂപെൻ ഹസാരികയുടെ ജീവിതം നമ്മെ സഹാനുഭൂതിയുടെയും, ജനങ്ങൾക്കു കരുതലേകുന്നതിന്റെയും അടിത്തറ നിലനിർത്തുന്നതിന്റെയും ശക്തി നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ ആലപിക്കുന്നു. അദ്ദേഹത്തിന്റെ സംഗീതം നമ്മെ അനുകമ്പയുള്ളവരും ധീരരുമാക്കുന്നു. നമ്മുടെ നദികളെയും, തൊഴിലാളികളെയും, തേയിലത്തോട്ടം തൊഴിലാളികളെയും, നാരീശക്തിയെയും, യുവശക്തിയെയും ഓർമ്മിക്കാൻ ഇത് നമ്മോട് ആവശ്യപ്പെടുന്നു. ഇത് നാനാത്വത്തിൽ ഏകത്വത്തിൽ വിശ്വസിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
ഭൂപെൻ ഹസാരികയെന്ന സ്വത്ത് രാജ്യത്തിന്റെ അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ ശതാബ്ദിവർഷത്തിന്റെ തുടക്കം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക് ആവർത്തിക്കാം. സംഗീതം, കല, സംസ്കാരം എന്നിവയെ പിന്തുണയ്ക്കുന്നതിനും, യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതു പ്രചോദനമേകട്ടെ. സർഗാത്മകതയുടെയും കലാമികവിന്റെയും ഉജ്വലവേദിയായി ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്കും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഒന്നായ, ധോല-സാദിയ പാലത്തിന് ഭൂപെൻ ഹസാരികയുടെ പേര് നൽകിയിരിക്കുന്നത് അത്യന്തം യോജിച്ച കാര്യമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ വിവിധ പ്രദേശങ്ങളിലെ ഹൃദയങ്ങളെ ബന്ധിപ്പിച്ചതുപോലെ, ഈ പാലം ദേശങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കുന്നു