.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര പുനർവികസനത്തിനായി ദക്ഷിണ റെയിൽവേ 6.46 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. സ്റ്റേഷനിലെ നിലവിലെ സൗകര്യങ്ങളുടെ കുറവും യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളും പരിഹരിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് സ്റ്റേഷന്റെ പുനർ വികസനം യാഥാർത്ഥ്യമാകുന്നത് . തിരുവനന്തപുരം ഡിവിഷന്റെ പദ്ധതിയായിട്ടാണ് സ്റ്റേഷൻ നവീകരണം നടപ്പിലാക്കുന്നത്.

സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാറ്റ്ഫോമുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ, സുരക്ഷാ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിപുലമായ ഘടകങ്ങളാണ് ഉൾക്കൊള്ളുന്നത്. പ്ലാറ്റ്ഫോം 1, 2 എന്നിവയുടെ വികസനം, കോച്ച് ഇൻഡിക്കേഷൻ ബോർഡുകളുടെ സ്ഥാപണം എന്നിവയ്ക്ക് 1.70 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. റിട്ടെയ്നിംഗ് വാൾ, കോമ്പൗണ്ട് വാൾ എന്നിവയുടെ നിർമ്മാണത്തിന് 3.66 കോടി രൂപ നീക്കിവെക്കപ്പെട്ടിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കുടിവെള്ള ബേസിനുകൾക്കായുള്ള പൈപ്പ് ലൈൻ സൗകര്യങ്ങൾ, സ്റ്റേഷൻ കെട്ടിടത്തിന്റെയും മതിലുകളുടെയും പെയിന്റിംഗ്, സർവീസ് ബിൽഡിംഗുകളുടെ റിപെയർ ജോലികൾ എന്നിവയ്ക്കായി പ്രത്യേക തുകകൾ വകയിരുത്തിയിട്ടുണ്ട്. അപ്രോച്ച് റോഡിന്റെയും സർകുലേറ്റിംഗ് ഏരിയയുടെയും മെച്ചപ്പെടുത്തലിനായി 8.25 ലക്ഷം രൂപയും പ്ലാറ്റ്ഫോം ബെഞ്ചുകൾ, നെയിംബോർഡുകൾ, സ്റ്റാൻഡേർഡ് IRS തരം ഷെൽട്ടറുകൾ, 30 സ്റ്റെയിൻലെസ് സ്റ്റീൽ കുടിവെള്ള ബേസിനുകൾ എന്നിവയ്ക്കായി ആവശ്യമായ തുകയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതി പൂർത്തിയാക്കുന്നതിനായി 18 മാസം കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിലും സോണൽ തലത്തിലും കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ശാസ്താംകോട്ട സ്റ്റേഷന്റെ പുനർവികസന നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞത്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡറിംഗ് ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതും ഈ ഇടപെടലുകളുടെ ഫലമാണ്.

ശാസ്താംകോട്ടയും അതിനോടനുബന്ധിച്ച പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി നിർണായകമാകും. കുന്നത്തൂരിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ ശാസ്താംകോട്ടയ്ക്ക് ലഭിച്ചിരിക്കുന്ന ഈ പദ്ധതി പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾക്ക് പുതിയ സാധ്യതകളൊരുങ്ങും.