ദൗത്യരൂപേണ നടത്തിവരുന്ന പ്രത്യേക യജ്ഞത്തിൻ്റെ ഭാഗമായി രാജ്യത്തെ 83,000 സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഒരു കോടിയിലധികം നിർബന്ധിത ബയോമെട്രിക് പുതുക്കലുകള്‍ പൂർത്തീകരിച്ച് നിർണായക നേട്ടം സ്വന്തമാക്കി യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നാഴികക്കല്ല് പിന്നിട്ടു.

സ്‌കൂള്‍ കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ നില പരിശോധിക്കാൻ സാധിക്കുന്ന യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) അപ്ലിക്കേഷനുമായി വിജയകരമായ സാങ്കേതിക സംയോജനത്തിന് പിന്നാലെ 2025 സെപ്റ്റംബറിലാണ് സ്കൂൾ കുട്ടികൾക്കായി പ്രത്യേക യജ്ഞത്തിന് യുഐഡിഎഐ തുടക്കം കുറിച്ചത്. ബയോമെട്രിക് വിവരങ്ങള്‍ പുതുക്കേണ്ട കുട്ടികളെ സംയുക്തമായി തിരിച്ചറിയാനും പുതുക്കല്‍ നടപടികള്‍ പൂർത്തിയാക്കുന്നതിന് സ്കൂളുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഈ നടപടി യുഐഡിഎഐയെയും സ്കൂളുകളെയും സഹായിച്ചു.

യുഐഡിഎഐ സിഇഒ ശ്രീ ഭുവ്‌നേഷ് കുമാർ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഈ സംരംഭത്തെക്കുറിച്ച് കത്തെഴുതുകയും സ്കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ക്യാമ്പുകൾ നടത്താന്‍ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ എട്ട് യുഐഡിഎഐ മേഖലാ ഓഫീസുകൾ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾ, ജില്ലാഭരണകൂടങ്ങള്‍, യുഐഡിഎഐ രജിസ്ട്രാർമാർ, സ്കൂൾ അധികൃതർ എന്നിവരുമായി ചേർന്ന് കഴിഞ്ഞ അഞ്ച് മാസമായി ദൗത്യത്തിൻ്റെ ഏകോപനത്തിന് അശ്രാന്ത പരിശ്രമമാണ് നടത്തിയത്. രാജ്യത്തെ എല്ലാ സ്കൂളുകളും ഉൾപ്പെടുത്തുന്നതുവരെ ദൗത്യം തുടരും. ഇതിനകം രാജ്യത്തെ 83,000 സ്കൂളുകളിലെ ഒരു കോടി കുട്ടികൾക്ക് പ്രയോജനം ചെയ്ത സംരംഭത്തില്‍ ഇനിയും നിരവധി കുട്ടികള്‍ ഗുണഭോക്താക്കളാകാന്‍ ഒരുങ്ങുകയാണ്.

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നീ വിവരങ്ങള്‍ക്കൊപ്പം ഫോട്ടോയും ജനന സർട്ടിഫിക്കറ്റും നൽകിയാണ് ആധാറിൽ ചേര്‍ക്കുന്നത്. അഞ്ചുവയസ്സിന് താഴെ കുട്ടികളുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്സും ആധാറിനായി ശേഖരിക്കാറില്ല. പ്രസ്തുത പ്രായത്തിൽ അവ പൂർണവളർച്ച പ്രാപിക്കാത്തതിനാലാണിത്. ഈ പശ്ചാത്തലത്തില്‍ 5 വയസ്സും 15 വയസ്സും പൂർത്തിയാകുമ്പോൾ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ പ്രക്രിയയിലൂടെ ആധാറിൽ വിരലടയാളവും ഐറിസ് വിവരങ്ങളും നൽകുന്നത് കുട്ടികളെ സംബന്ധിച്ച് അനിവാര്യമാണ്. ആധാറിൽ ഈ വിവരങ്ങളുടെ അഭാവം വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിലെ ആനുകൂല്യങ്ങൾക്ക് ആധികാരികത പരിശോധിക്കാനും നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ മത്സര പരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാനും പ്രയാസം സൃഷ്ടിച്ചേക്കാം.

നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ പൂർത്തിയാക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കാനും സേവനം എല്ലാവർക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട് 7 മുതല്‍ 15 വരെ പ്രായക്കാരായ കുട്ടികളുടെ ബയോമെട്രിക് പുതുക്കലിൻ്റെ ഫീസ് 2025 ഒക്ടോബർ 1 മുതൽ ഒരു വർഷത്തേക്ക് യുഐഡിഎഐ ഒഴിവാക്കിയിരുന്നു. കൂടാതെ 5 മുതല്‍ 7 വരെ വയസ്സിനും 15 മുതല്‍ 17 വരെ വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ബയോമെട്രിക് പുതുക്കല്‍ നടപടികളും സൗജന്യമായി തുടരുന്നു.

സ്കൂളുകളിൽ നടത്തുന്ന ക്യാമ്പുകൾക്ക് പുറമെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ആധാർ എൻറോൾമെൻ്റ് കേന്ദ്രങ്ങളിലും ആധാർ സേവാ കേന്ദ്രങ്ങളിലും കുട്ടികൾക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ പൂർത്തീകരിക്കാം. ഇക്കാലയളവിൽ ഈ കേന്ദ്രങ്ങൾ സന്ദർശിച്ച കുട്ടികളിലൂടെ ഏകദേശം 1.3 കോടി ബയോമെട്രിക് പുതുക്കലുകളും പൂർത്തീകരിച്ചിട്ടുണ്ട്.