ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83)അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്ന വിശേഷണങ്ങളുള്ള ഫോട്ടോഗ്രാഫറാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിആണ് പകര്‍ത്തിയത് . മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയാണ് രഘു റായ്.പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. 1962ൽ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. സ്റ്റേറ്റ്സ്മാനിലാണ് ആദ്യം ജോലി ചെയ്തത്. 18ലധികം പുസ്തകങ്ങൾ രചിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫർ എസ്. പോൾ ആണ് സഹോദരൻ. ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്രസഹകരണ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് രഘു റായ്. എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവരാണ് മക്കള്‍ .

