മാറിക്കൊണ്ടിരിക്കുന്ന ആഗോള സാങ്കേതിക പ്രവണതകൾക്ക് അനുസൃതമായി രാജ്യത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി, നിർമ്മിത ബുദ്ധി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ രൂപീകരിച്ച ‘എഐ കരിക്കുലം ടാസ്‌ക് ഫോഴ്‌സു’മായി ഉന്നതതല യോഗം ചേർന്നു. വ്യവസായ മേഖലയിലെ പ്രമുഖരുമായി സഹകരിച്ചാണ് ഈ വലിയ പദ്ധതിക്ക് ഗവണ്മെൻ്റ് രൂപം നൽകുന്നത്.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ബാച്ചിലർ ഓഫ് ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, മറ്റ് അനുബന്ധ കോഴ്‌സുകൾ എന്നിവയുടെ പാഠ്യപദ്ധതിയെക്കുറിച്ച് ടാസ്‌ക് ഫോഴ്‌സ് പ്രാഥമിക പഠനം നടത്തിക്കഴിഞ്ഞു. പ്രമുഖ ഐടി സംഘടനയായ നാസ്‌കോം (NASSCOM), വ്യവസായ രംഗത്തെ മറ്റ് വിദഗ്ദ്ധർ എന്നിവരുമായി ചേർന്നാണ് ഈ പഠനം പൂർത്തിയാക്കിയത്.

ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഐ (AI) പാഠ്യപദ്ധതി വിപുലീകരിക്കപ്പെട്ടിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, ചില പ്രധാന പോരായ്മകളും അത് ചൂണ്ടിക്കാണിക്കുന്നുണ്ട്. അധ്യാപന രീതി (Pedagogy), അടിസ്ഥാന സൗകര്യങ്ങൾ, കൂടാതെ ജനറേറ്റീവ് എഐ (Generative AI), മെഷീൻ ലേണിംഗ് ഓപ്പറേഷൻസ് (MLOps), ഫൗണ്ടേഷണൽ മോഡൽ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പ്രായോഗിക പരിശീലനക്കുറവ് എന്നിവയിലാണ് പ്രധാനമായും പോരായ്മകൾ കണ്ടെത്തിയത്.

 

ഈ പശ്ചാത്തലത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രധാനമായും ഊന്നൽ നൽകുന്ന മേഖലകൾ താഴെ പറയുന്നവയാണ്:

പ്രായോഗികാധിഷ്ഠിത അധ്യാപന രീതി (Application-Oriented Pedagogy): പരമ്പരാഗത ലക്ചർ രീതികളിൽ നിന്ന് മാറി, ഒന്നാം സെമസ്റ്റർ മുതൽ തന്നെ വ്യവസായ മേഖലയിലെ യഥാർത്ഥ പ്രോജക്ടുകളെയും ഉദാഹരണങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠനരീതിയിലേക്ക് മാറുക.

 

ക്രെഡിറ്റ് അധിഷ്ഠിത പാഠ്യപദ്ധതി (Credit-Linked Curriculum Integration):

വ്യവസ്ഥാപിതമായ സെമസ്റ്റർ തിരിച്ചുള്ള ഘടനയിലൂടെ എഐ കോഴ്‌സുകളെ ഔദ്യോഗിക അക്കാദമിക് ക്രെഡിറ്റ് സമ്പ്രദായത്തിന്റെ ഭാഗമാക്കുക.

 

കൂടുതൽ പ്രായോഗിക പരിശീലനം (Enhanced Practical Exposure):

നിലവിലുള്ള 25-30 ശതമാനം പ്രായോഗിക പരിശീലനം, ബിരുദത്തിന്റെ സ്വഭാവവും തിരഞ്ഞെടുക്കുന്ന സ്പെഷ്യലൈസേഷനും അനുസരിച്ച് 40-75 ശതമാനമായി ഉയർത്തുക.

 

വ്യവസായ-സംയോജിത ബോധനരീതി (Industry-Integrated Pedagogy): കാപ്‌സ്റ്റോൺ പ്രോജക്ടുകൾ, തുടക്കം മുതൽ ഒടുക്കം വരെയുള്ള എഐ പരിഹാര രൂപകൽപ്പന, ലോ-കോഡ്/നോ-കോഡ് (low-code/no-code) ടൂളുകളുടെ ഉപയോഗം എന്നിവയിലൂടെ കോഴ്‌സിലുടനീളം വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയുമായി നേരിട്ടുള്ള പരിചയവും പ്രായോഗിക ജ്ഞാനവും ലഭ്യമാക്കുന്നു.

 

ഉത്തരവാദിത്തമുള്ള നിർമ്മിത ബുദ്ധി ഒരു തുടർച്ചയായ ശൃംഖല (Responsible AI as a Continuous Thread): ഉത്തരവാദിത്തമുള്ള എഐ,എഐ ഗവേണൻസ് എന്നിവ ഏതെങ്കിലും ഒരു പ്രത്യേക മൊഡ്യൂളിൽ ഒതുക്കാതെ, എല്ലാ സെമസ്റ്ററുകളിലും പാഠ്യപദ്ധതിയുടെ ഭാഗമായി തുടർച്ചയായി ഉൾപ്പെടുത്തിയിരിക്കുന്നു.

 

മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ് ഓപ്ഷനുകൾ (Multiple Entry-Exit Options): വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പഠനം നിർത്താനും തുടരാനുമുള്ള ഫ്ലെക്സിബിൾ പാത. ഒന്നാം വർഷത്തിന് ശേഷം ‘സർട്ടിഫിക്കറ്റും’, രണ്ടാം വർഷത്തിന് ശേഷം ‘ഡിപ്ലോമയും’, മൂന്നാം വർഷത്തിന് ശേഷം ‘അഡ്വാൻസ്ഡ് ഡിപ്ലോമയും’ ഇതിലൂടെ സ്വന്തമാക്കാം.

 

അധ്യാപക വികസനത്തിന് (ഫാക്കൽറ്റി ഡെവലപ്‌മെന്റ്) മുൻഗണന

പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊപ്പം അധ്യാപകരുടെ സന്നദ്ധതയും ഉറപ്പാക്കേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നിർദ്ദിഷ്ട റോഡ്‌മാപ്പിന്റെ (roadmap) കേന്ദ്രബിന്ദുവായി അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനെ ഈ കൺസൾട്ടേഷൻ മാറ്റി നിർത്തിയിരിക്കുന്നു. ശുപാർശകളിൽ ഉൾപ്പെടുന്നവ ഇവയാണ്:

 

വ്യവസ്ഥാപിതമായ, പരിശീലകർക്കുള്ള പരിശീലന പ്രോഗ്രാമുകൾ.

ക്രോഡീകരിച്ച കോഴ്‌സ് ഉള്ളടക്കങ്ങൾ,ഏകീകൃത വിലയിരുത്തൽ ചട്ടക്കൂടുകൾ. കൂടാതെ,നിലവിലെ വ്യവസായ ഉപകരണങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കും അനുസൃതമായി ആധുനികവൽക്കരിച്ച ലാബുകൾ.

പരിചയസമ്പന്നരായ വ്യവസായ പ്രൊഫഷണലുകളെ അഡ്‌ജങ്ക്റ്റ് ഫാക്കൽറ്റികളായി (adjunct faculty – താൽക്കാലിക/സന്ദർശക അധ്യാപകർ) ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക ഇടപെടലുകളും ശുപാർശ ചെയ്തിട്ടുണ്ട്.

 

പങ്കുവെക്കപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന

ദേശീയ തലത്തിൽ ഒരു പൊതുവായ എ ഐ അടിസ്ഥാന സൗകര്യം രൂപീകരിക്കാനും പങ്കാളികൾ നിർദ്ദേശിച്ചു. വ്യവസായ മേഖല, ഗവൺമെന്റ്, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവർ സംയുക്തമായി പിന്തുണയ്ക്കുന്ന ‘ട്രിപ്പിൾ ഹെലിക്സ് മാതൃക’ (triple helix model) ആയിരിക്കും ഇത്. കോളേജുകളിലും സർവ്വകലാശാലകളിലും ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ് കമ്പ്യൂട്ട്, എഡ്ജ് ഡിവൈസുകൾ, സോഫ്റ്റ്‌വെയർ സ്റ്റാക്കുകൾ, സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിവ എല്ലാവർക്കും തുല്യമായി ലഭ്യമാക്കാൻ ഇത് ഉറപ്പുനൽകുന്നു.

 

ഭാവി രൂപരേഖ.

ദേശീയ തലത്തിലുള്ള ആവശ്യകതകളുടെ വിലയിരുത്തൽ: കമ്പ്യൂട്ട് (compute), ഇൻഫ്രാസ്ട്രക്ചർ, അധ്യാപകർ, വിദ്യാർത്ഥികളുടെ എണ്ണം എന്നിവ ദേശീയ തലത്തിൽ എത്രത്തോളം ആവശ്യമുണ്ടെന്ന് കണക്കാക്കുക.

 

AICTE-യുമായുള്ള സഹകരണം: നിലവിലുള്ള ബാച്ചുകളുടെ അഞ്ച് മുതൽ എട്ട് വരെയുള്ള സെമസ്റ്ററുകളിൽ പരിഷ്‌കരിച്ച പാഠ്യപദ്ധതി ഔദ്യോഗികമായി നടപ്പിലാക്കുന്നതിനും, പുതിയ ബാച്ചുകൾക്കായി ഇത് പൂർണ്ണമായി ഉൾപ്പെടുത്തുന്നതിനുമായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനുമായി (AICTE) ചേർന്ന് പ്രവർത്തിക്കുക.

 

അധ്യാപക വികസന രൂപരേഖ: വ്യവസായ മേഖലയുടെ നേതൃത്വത്തിലുള്ള പരിശീലനം, അനുഭവങ്ങൾ പങ്കുവെക്കൽ, കോർപ്പറേറ്റ് പ്രൊഫഷണലുകൾക്ക് അധ്യാപകരായി സേവനമനുഷ്ഠിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ മാർഗ്ഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ശാസ്ത്ര – സാങ്കേതികേതര കോഴ്‌സുകൾക്കായുള്ള സമാന്തര പാത: എ ഐ അവബോധം, അടിസ്ഥാന നിർമ്മിത ബുദ്ധി സാക്ഷരത, സാങ്കേതികമല്ലാത്ത തസ്തികകളിൽ നിർമ്മിത ബുദ്ധിയുടെ പ്രായോഗിക ഉപയോഗം എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക പ്രവർത്തനമേഖലയായി ഇതിനെ മാറ്റുക.

ഉടൻ നടപ്പിലാക്കേണ്ട ഈ നാല് പ്രധാന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതുവായ തീരുമാനത്തോടെയാണ് കൂടിയാലോചന അവസാനിച്ചത്.