2023-ലാണ് ടെലികമ്യൂണിക്കേഷൻ നിയമം പാർലമെന്റ് പാസാക്കിയത്. 1885-ലെ ചരിത്രപരമായ ടെലിഗ്രാഫ് നിയമത്തിന് പകരം നിലവില്‍ വന്ന വിപ്ലവകരമായ നിയമ നിർമാണമാണിത്.
വിശാലമായ നിരവധി സേവനങ്ങളെ ഉൾക്കൊള്ളുന്ന സമഗ്ര നിയമമാണ് ടെലികമ്യൂണിക്കേഷൻ നിയമം. ഓരോ സേവനത്തിന്റെയും സ്വഭാവമനുസരിച്ച് വ്യത്യസ്ത മന്ത്രാലയങ്ങളാണ് ഇതിന്റെ നിര്‍വഹണ ചുമതല വഹിക്കുന്നത്. ടെലിവിഷൻ, റേഡിയോ, അനുബന്ധ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിയന്ത്രിക്കുന്നത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ്.
ടെലിവിഷൻ, റേഡിയോ സേവനങ്ങളുമായി ബന്ധപ്പെട്ട 1885-ലെ ടെലിഗ്രാഫ് നിയമത്തിലെ വിവിധ മാർഗനിർദേശങ്ങളെ പുതുതായി നിലവിൽ വന്ന 2023-ലെ ടെലികമ്യൂണിക്കേഷൻ നിയമ ചട്ടക്കൂടിന്റെ ഭാഗമായി ഏകീകരിക്കാനാണ് ‘ടെലികമ്യൂണിക്കേഷൻ (ടെലിവിഷൻ, റേഡിയോ, അനുബന്ധ സേവനങ്ങൾ) ചട്ടങ്ങള്‍ 2026’-ന്റെ കരട് രൂപീകരിച്ചിരിക്കുന്നത്.
താഴെ നല്‍കിയിരിക്കുന്ന മാർഗനിർദേശങ്ങൾ പുതിയ ചട്ടങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്നു:
ഇന്ത്യയിൽ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ അപ്ലിങ്കിങ്, ഡൗൺലിങ്കിങ് എന്നിവയുമായി ബന്ധപ്പെട്ട് 2022 നവംബർ 9ന് പുറത്തിറക്കിയ നയപരമായ മാർഗനിർദേശങ്ങൾ
ഇന്ത്യയിൽ ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റ് സേവനങ്ങൾക്ക് ലൈസൻസ് നേടുന്നതിനാവശ്യമായ കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ 2001 മാർച്ച് 15-ലെ മാർഗനിർദേശങ്ങൾ.
ഇന്ത്യയിൽ ഹെഡ്എൻഡ്-ഇൻ-ദി-സ്കൈ ബ്രോഡ്കാസ്റ്റ് സേവനങ്ങൾ നൽകുന്നതിനാവശ്യമായ 2009 നവംബർ 26-ലെ മാർഗനിർദേശങ്ങൾ.
സ്വകാര്യ ഏജൻസികൾ വഴി എഫ്.എം റേഡിയോ പ്രക്ഷേപണ സേവനങ്ങള്‍ വിപുലീകരിക്കുന്നത് സംബന്ധിച്ച് 2011 ജൂലൈ 25 ന് പുറത്തിറക്കി 2024 സെപ്റ്റംബർ 10 വരെ ഭേദഗതി വരുത്തിയ നയപരമായ മൂന്നാംഘട്ട മാർഗനിർദേശങ്ങൾ.
ഇന്ത്യയിൽ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 2024 ഫെബ്രുവരി 13-ലെ നയപരമായ പുതുക്കിയ മാർഗനിർദേശങ്ങൾ.
ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട 2008 സെപ്റ്റംബർ 8 -ലെ മാർഗനിര്‍ദേശങ്ങൾ
ഈ പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ പ്രക്ഷേപണ മേഖലയ്ക്ക് ഏകീകൃതവും ലളിതവുമായ നിയമാവലി ലഭ്യമാകും. ടെലിവിഷൻ, റേഡിയോ പ്രക്ഷേപണ മേഖലയിലെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം നിലവിലെ സംവിധാനങ്ങളെ ലളിതമാക്കാനും ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ ചട്ടങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
ഔദ്യോഗികമായി വിജ്ഞാപനം ചെയ്യപ്പെടുന്നതോടെ പ്രക്ഷേപണ സേവനങ്ങളെ നിയന്ത്രിക്കുന്ന നിലവിലെ വിവിധ മാർഗനിർദേശങ്ങൾക്ക് പകരമായി പുതിയ ചട്ടങ്ങൾ മാറും. കരട് ചട്ടങ്ങളുടെ പ്രധാന സവിശേഷതകൾ താഴെ:
തുടർച്ചയോടെയുള്ള മാറ്റം: പരിഷ്കാരങ്ങൾക്കൊപ്പം പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിന് നിലവിലെ അംഗീകാര വ്യവസ്ഥകൾ ഏകീകരിക്കുകയും യുക്തിസഹമാക്കുകയും ചെയ്തിട്ടുണ്ട്.
വ്യവസായ സൗഹൃദ അന്തരീക്ഷം
ഒന്നിലേറെ മാർഗനിർദേശങ്ങൾക്ക് പകരം ഏകീകൃത നിയന്ത്രണ ചട്ടക്കൂട്.
അംഗീകാര പ്രക്രിയ പൂർണമായി ഡിജിറ്റൽ സംവിധാനത്തിലൂടെ.
ലളിതമാക്കിയ അനുമതി നടപടിക്രമങ്ങൾ.
ഗ്രാന്റ് ഓഫ് പെർമിഷൻ എഗ്രിമെന്റ് ഒപ്പിടേണ്ടതില്ലെന്ന ഇളവ്.
സുതാര്യമായ തർക്ക പരിഹാര സംവിധാനം.
പൊതുജനങ്ങൾക്കും വിവിധ മന്ത്രാലയങ്ങൾക്കും അഭിപ്രായമറിയിക്കുന്നതിന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.mib.gov.in) കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും ‘അണ്ടർ സെക്രട്ടറി (BP&L), വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് , മൂന്നാം നില, കർത്തവ്യ ഭവൻ-II, ന്യൂഡൽഹി – 110001’ എന്ന വിലാസത്തില്‍ 2026 ജൂലൈ 27 ന് മുന്‍പ് അറിയിക്കാം.

