അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) സെപ്തംബര്‍ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും പുതുക്കാം. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവായേക്കാം.
സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാര്‍ പുതുക്കുന്നതിലൂടെ നീറ്റ്, ജെഇഇ, കീം തുടങ്ങിയ മല്‍സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എടുക്കാന്‍ ശ്രമിക്കുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപിയിലൂടെയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. വിവരങ്ങള്‍ക്ക്
സിറ്റിസണ്‍ കോള്‍ സെന്റര്‍- 1800-4251-1800 (ടോള്‍ ഫ്രീ) / 04712335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442
ഇ-മെയില്‍: [email protected].


