ആലപ്പുഴ കുട്ടനാടിന്‍റെ അതുല്യമായ കാർഷിക-സാംസ്കാരിക പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ (UNESCO World Heritage List) ഉൾപ്പെടുത്തുന്നതിനായി മാവേലിക്കര ലോക്സഭാ മണ്ഡലം എംപി കൊടിക്കുന്നിൽ സുരേഷ് നടത്തിയ ഇടപെടലുകൾക്ക് നിർണായകമായ അനുകൂല പ്രതികരണവുമായി കേന്ദ്ര സർക്കാർ.
കുട്ടനാടിന് FAOയുടെ Globally Important Agricultural Heritage Systems (GIAHS) അംഗീകാരം ലഭിച്ച സാഹചര്യത്തിൽ, യുനെസ്കോയുടെ World Heritage Convention പ്രകാരമുള്ള Cultural Landscape വിഭാഗത്തിൽ കുട്ടനാടിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ASI) വിഷയത്തിൽ വിശദമായ പരിശോധന നടത്തിയതായി കേന്ദ്ര മന്ത്രി എംപിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
പരിശോധനയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ Wildlife Institute of Indiaയുടെ വിദഗ്ധ അഭിപ്രായം തേടിയിരുന്നു. കുട്ടനാടിന്റെ കാർഷിക-പരിസ്ഥിതി സംവിധാനത്തെ വിലയിരുത്തിയ സ്ഥാപനം, കുട്ടനാടിനെ യുനെസ്കോയുടെ Cultural Landscape വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശക്തമായ ശുപാർശ നൽകിയതായും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ അപൂർവമായ Below Sea Level Farming System, തനത് ജലവിഭവ മാനേജ്മെന്റ് സംവിധാനങ്ങൾ, ജീവിക്കുന്ന കാർഷിക പൈതൃക മാതൃക (Living Agricultural Heritage System), ജൈവ വൈവിധ്യം, പരമ്പരാഗത കാർഷിക അറിവ് സമ്പ്രദായങ്ങൾ എന്നിവയാണ് കുട്ടനാടിന്റെ പ്രധാന സവിശേഷതകളായി Wildlife Institute of India ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ദേശീയതലത്തിലെ ഒരു വിദഗ്ധ സ്ഥാപനം തന്നെ കുട്ടനാടിന്റെ സവിശേഷതകൾ യുനെസ്കോയുടെ Cultural Landscape മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതായി വിലയിരുത്തി ശുപാർശ നൽകിയിരിക്കുന്നത് കുട്ടനാടിന്റെ ലോക പൈതൃക അംഗീകാരത്തിലേക്കുള്ള യാത്രയിലെ നിർണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കുട്ടനാടിന്റെ UNESCO World Heritage നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രാലയം (Ministry of Agriculture & Farmers Welfare) ഭാരത സർക്കാരിന്റെ പേരിൽ FAOയുമായി ഏകോപനം നടത്തി തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. GIAHS അംഗീകാരവും UNESCO World Heritage നാമനിർദ്ദേശ പ്രക്രിയയും തമ്മിലുള്ള ഏകോപനത്തിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
കൂടാതെ, കുട്ടനാട് കാർഷിക ഭൂപ്രകൃതിയെ UNESCO World Heritage Nomination-നായി പരിഗണിക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം മന്ത്രാലയത്തിന് ലഭിക്കുന്ന പക്ഷം, ഇന്ത്യയുടെ Tentative List-ൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉറപ്പ് നൽകിയതും സുപ്രധാനമായ മുന്നേറ്റമായാണ് കാണപ്പെടുന്നത്.
UNESCO World Heritage പട്ടികയിലേക്ക് ഏതെങ്കിലും പ്രദേശത്തെ നാമനിർദ്ദേശം ചെയ്യുന്നതിന് മുമ്പ് ഇന്ത്യയുടെ Tentative List-ൽ ഉൾപ്പെടുത്തൽ നിർബന്ധ ഘട്ടമാണ്. അതിനാൽ കേന്ദ്ര മന്ത്രാലയത്തിന്റെ ഈ ഉറപ്പ് കുട്ടനാടിന്റെ ലോക പൈതൃക പദവിയിലേക്കുള്ള പ്രക്രിയയിൽ നിർണായക ചുവടുവയ്പ്പാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കുട്ടനാടിന്റെ കാർഷിക പൈതൃകത്തിനും സാംസ്കാരിക ചരിത്രത്തിനും അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം, കേന്ദ്ര കാർഷിക മന്ത്രാലയം, FAO, ASI, Wildlife Institute of India, സംസ്ഥാന സർക്കാർ എന്നിവരുമായി സഹകരിച്ച് തുടർനടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.


