ഈഡിസിനെ പ്രതിരോധിക്കാം, തടയാം: ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക പ്രതിരോധ മാർഗ്ഗം :ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയുക

വീടിനകത്ത് ചെയ്യേണ്ടവ

ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, എ.സിയിൽ നിന്നും വെള്ളം വീഴുന്ന ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റി വൃത്തിയാക്കി സൂക്ഷിക്കുക. ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്ലഷ് ചെയ്യണം. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. മുഷിഞ്ഞ തുണികൾ കൂട്ടിയിടരുത്.

 

വീടിനു വെളിയിൽ ചെയ്യേണ്ടവ

ഉപയോഗശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ടകൾ തുടങ്ങിയവ വൃത്തിയാക്കി വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. ചെടിച്ചട്ടികൾ, ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, കട്ടികൂടിയ ഇലകൾ, മൂടാനുപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകൾ, സൺ ഷെയ്ഡ്, റൂഫിന്റെ പാത്തി, ടെറസ്, മുട്ടത്തോട് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മൂടി സൂക്ഷിക്കുക.

 

പൊതു ഇടങ്ങളിൽ ചെയ്യേണ്ടവ

പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് കവറുകൾ, പാഴ് വസ്തുക്കൾ തുടങ്ങിയവ വലിച്ചെറിയരുത്. ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക.

 

തോട്ടങ്ങളിൽ ശ്രദ്ധിക്കേണ്ടവ

റബ്ബർ തോട്ടം: വെട്ട് ഇല്ലാത്ത സമയത്ത് ചിരട്ട/കപ്പ് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ കമിഴ്ത്തി വയ്ക്കുക. റെയിൻ ഗാർഡിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

പൈനാപ്പിൾ തോട്ടം : പൈനാപ്പിളിന്റെ ഇല ചേരുന്ന ഭാഗത്ത് വേപ്പിൻ പിണ്ണാക്ക്/മണ്ണ് വിതറുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള വസ്തുക്കൾ മാറ്റുക.

കമുകിൻ തോട്ടം : ഉപയോഗശൂന്യമായ പാളകൾ മാറ്റുക.

തെങ്ങിൻ തോട്ടം : കൊതുമ്പ്, കേടായ തേങ്ങ തുടങ്ങി വെള്ളം കെട്ടാൻ സാധ്യതയുള്ളവ മാറ്റുക.

 

സ്വയംരക്ഷ

ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക.പകലുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.

 

പകർച്ചവ്യാധികൾക്കെതിരെ പോരാടാൻ ‘ഡ്രൈ ഡേ’; സ്വന്തം വസതിയിൽ തുടക്കം കുറിച്ച് ആരോഗ്യമന്ത്രി

 

കൊതുക് വഴി പടരുന്ന പകർച്ചവ്യാധികൾ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഡ്രൈ ഡേ’ ആചരണത്തിന് ഔദ്യോഗിക തുടക്കമായി. ആരോഗ്യ മന്ത്രി കെ മുരളീധരൻ തന്റെ ഔദ്യോഗിക വസതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഈ ജനകീയ പ്രതിരോധ കാമ്പയ്‌ന് തുടക്കം കുറിച്ചത്.

കൊതുകിന്റെ പ്രജനനം തടയുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡ്രൈ ഡേ ദിനാചരണമെന്ന് മന്ത്രി ഓർമിപ്പിച്ചു. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിലും, ആഴ്ചയിൽ ഒരിക്കലെങ്കിലും നിർബന്ധമായും വൃത്തിയാക്കുക എന്നതാണ് ഡ്രൈ ഡേ ലക്ഷ്യമിടുന്നത്. അതിനാൽ പൊതുജനങ്ങൾ ഏവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

വെള്ളിയാഴ്ചകളിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ, ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിൽ, ഞായറാഴ്ചകളിൽ വീടുകളിൽ എന്നിങ്ങനെയാണ് ഡ്രൈ ഡേ ക്രമപ്പെടുത്തിയിട്ടുള്ളത്.

മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലും സന്ദർശനം നടത്തുകയും ബോധവത്ക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. റീത്ത കെ പി, അഡീഷണൽ ഡയറക്ടർ (ആസൂത്രണം) ഡോ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ സർവെയിലൻസ് ഓഫീസറുമായ ഡോ. അനിൽകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് എന്നിവരും പങ്കെടുത്തു.