മുംബൈ: രാജ്യത്തെ കലാസാംസ്കാരിക രംഗത്തെ ചരിത്രപ്രസിദ്ധമായ ഇന്ത്യന്‍ നാഷണല്‍ തിയേറ്ററിന് പുതിയ രൂപവും ലക്ഷ്യവും നല്‍കിക്കൊണ്ട് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഐഎന്‍ടി ആദിത്യ ബിര്‍ള പെര്‍ഫോമിംഗ് ആര്‍ട്സ് അക്കാദമി ആരംഭിച്ചു.

 

മുംബൈയില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ രാജശ്രീ ബിര്‍ള ഉദ്ഘാടനം നിര്‍വഹിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, നീരജ ബിര്‍ള, അനന്യ ബിര്‍ള, ആര്യമാന്‍ വിക്രം ബിര്‍ള എന്നിവര്‍ സന്നിഹിതരായി.

 

1940-കളിലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ കമലാദേവി ചതോപാധ്യായയെപ്പോലുള്ള ദീര്‍ഘദര്‍ശികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യന്‍ നാഷണല്‍ തിയേറ്റര്‍. പി. എല്‍. ദേശ്പാണ്ഡെ, ഡോ. ശ്രീറാം ലാഗു, അമരീഷ് പുരി, സദാശിവ് അമ്രാപുര്‍ക്കര്‍, സ്മിത പാട്ടീല്‍, സഞ്ജീവ് കുമാര്‍, ദീനാ പഥക്, ഭക്തി ബര്‍വെ, രോഹിണി ഹട്ടന്‍ഗഡി, അശോക് സറഫ്, പരേഷ് റാവല്‍, സ്വരൂപ് സമ്പത്ത് തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും നാടകരംഗത്തെയും പ്രഗത്ഭരായ നിരവധി കലാകാരന്മാര്‍ തുടക്കം കുറിച്ചത് ഇന്ത്യന്‍ നാഷണല്‍ തിയേറ്ററിലൂടെയാണ്.

 

തലമുറകളായി സ്കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയിലൂടെ രാജ്യനിര്‍മ്മാണത്തിനായി ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കിവരുന്ന സംഭാവനകളുടെ തുടര്‍ച്ചയാണ് ഈ പുതിയ അക്കാദമി.

 

തിയേറ്റര്‍, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുള്ള ഒരു ദേശീയ കേന്ദ്രമായാണ് അക്കാദമിയെ വിഭാവനം ചെയ്തിരിക്കുന്നത്.

 

ഇന്ത്യയുടെ അസാധാരണമായ കലാ പൈതൃകത്തിനും അത് കാത്തുസൂക്ഷിച്ചവര്‍ക്കുമുള്ള ആദരവാണ് ഈ അക്കാദമിയെന്നും സര്‍ഗ്ഗാത്മകതയും സംസ്കാരവും ഒരു മികച്ച സമൂഹത്തിന്‍റെ നെടുംതൂണുകളാണെന്ന ആദിത്യ വിക്രം ബിര്‍ളയുടെ വിശ്വാസമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും രാജശ്രീ ബിര്‍ള പറഞ്ഞു.

 

ഉസ്താദ് അംജദ് അലി ഖാന്‍, ഡോ. എന്‍. രാജം, ശങ്കര്‍ മഹാദേവന്‍, ഉല്‍ഹാസ് കഷാല്‍ക്കര്‍, അരുണ സായിറാം, ലാല്‍ഗുഡി ജി.ജെ.ആര്‍. കൃഷ്ണന്‍, ലൂയിസ് ബാങ്ക്സ്, ബേലാ സെഗാള്‍, യു. രാജേഷ്, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, രജിത് കപൂര്‍, ടെറന്‍സ് ലൂയിസ്, ക്ലിന്‍റ് വല്ലാഡറസ് തുടങ്ങി പ്രഗത്ഭരായ ഇന്ത്യന്‍ കലാകാരന്മാരുടെ വലിയൊരു നിര തന്നെ അക്കാദമിയുടെ ഉപദേശക സമിതിയിലുണ്ട്.

 

ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ മുഖ്യാതിഥിയായിരുന്നു. നൂര്‍ ജഹാന്‍, ശോഭാ ഗുര്‍ട്ടു, കിഷോരി അമോന്‍കര്‍, ബീഗം അക്തര്‍ തുടങ്ങിയ ഇതിഹാസ ഗായകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് പ്രശസ്ത ഗായിക കൗശികി ചക്രവര്‍ത്തിയുടെ സംഗീത പരിപാടിയും അരങ്ങേറി.

 

അപൂര്‍വ്വമായ സംഗീത റെക്കോര്‍ഡിംഗുകളും പ്രകടനങ്ങളും സിനിമാ സൃഷ്ടികളും വരും തലമുറകള്‍ക്കായി സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക ആര്‍ക്കൈവല്‍ കേന്ദ്രം സ്ഥാപിക്കാന്‍ അക്കാദമിക്ക് പദ്ധതിയുണ്ട്. ഇതൊരു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ്.

 

കല എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക ഉന്നമനത്തിനുമാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.