വ്യവസായ, വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമേകിക്കൊണ്ട്, ഗാര്‍ഹികേതര എല്‍പിജി വിതരണത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ അളവില്‍ വിതരണം പുനഃസ്ഥാപിച്ചു. കൂടാതെ, പ്രതിസന്ധിയുടെ തുടക്കത്തില്‍ നിര്‍ത്തിവച്ചിരുന്ന ബള്‍ക്ക് എല്‍പിജി വിതരണം, മുന്‍പുണ്ടായിരുന്ന ഉപയോഗത്തിന്റെ 50 ശതമാനമായി ഇളവ് ചെയ്ത് പുനരാരംഭിച്ചിട്ടുണ്ട്. ഇത് വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമേകും. എല്‍പിജി വിതരണ സാഹചര്യത്തില്‍ സമീപകാലത്തുണ്ടായ പുരോഗതിയെ തുടര്‍ന്നാണ് ഈ നടപടി.

പശ്ചിമേഷ്യന്‍ പ്രതിസന്ധി ഘട്ടത്തില്‍, ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി അവശ്യവസ്തു നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, പെട്രോകെമിക്കല്‍ അടക്കമുള്ള മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സി3സി4 സ്ട്രീമുകള്‍ പൂര്‍ണ്ണമായും എല്‍പിജി ഉത്പാദനത്തിനായി മാത്രം മാറ്റിവെക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

ആഭ്യന്തര എല്‍പിജി ഉത്പാദനത്തിലുണ്ടായ പുരോഗതിയും, ഇറക്കുമതി ചെയ്യുന്ന എല്‍പിജി ചരക്കുകളുടെ ലഭ്യത വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയും കണക്കിലെടുത്ത്, സി3/സി4 സ്ട്രീമുകള്‍ എല്‍പിജി പൂളിലേക്ക് വഴിതിരിച്ചുവിടുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആഭ്യന്തര എല്‍പിജി ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ടും, മൊത്തം ആഭ്യന്തര എല്‍പിജി ഉത്പാദനം പ്രതിദിനം കുറഞ്ഞത് 40 ടിഎംടി ആയി നിലനിര്‍ത്തിക്കൊണ്ടുമായിരിക്കും എല്‍പിജി ഇതര ആവശ്യങ്ങള്‍ക്കായി സി3സി4 സ്ട്രീമുകളുടെ ഈ വര്‍ദ്ധിപ്പിച്ച വിഹിതം നടപ്പിലാക്കുക.

പെട്രോകെമിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് നിര്‍ണ്ണായക മേഖലകള്‍ക്കായി ഈ വര്‍ദ്ധിപ്പിച്ച സി3/സി4 സ്ട്രീമുകളുടെ സ്ഥാപന അടിസ്ഥാനത്തിലുള്ള വിഹിതം അനുവദിക്കാനും ഇതുസംബന്ധിച്ച് മന്ത്രാലയത്തിന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഓഫ് ഹൈ ടെക്‌നോളജിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുടെ തുടക്കം മുതല്‍, രാജ്യത്തുടനീളമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാക്ക്ഡ് എല്‍പിജി വിതരണത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ആഗോള വിതരണ സാഹചര്യങ്ങള്‍ക്കിടയിലും, സമയോചിതമായ നയപരമായ ഇടപെടലുകളും എണ്ണ വിപണന കമ്പനികളുടെ ഏകോപിത ശ്രമങ്ങളും എല്‍പിജി വിതരണം സ്ഥിരതയോടെ നിലനിര്‍ത്താന്‍ സഹായിച്ചു.

കാര്യക്ഷമമായ ആസൂത്രണവും വിതരണ മാനേജ്‌മെന്റും സുഗമമാക്കുന്നതിനായി, വാണിജ്യ, വ്യവസായ എല്‍പിജി ഉപഭോക്താക്കളെ സംബന്ധിച്ച സമഗ്ര വിവരശേഖരം തുടര്‍ന്നും സൂക്ഷിക്കാന്‍ എണ്ണ വിപണന കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണവും പ്രവര്‍ത്തന ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി ഒ.എം.സികളിലുടനീളം ഏകീകൃതമായ ഒരു മേഖലാ ഡാറ്റാബേസും നിലനിര്‍ത്തും.

അതേസമയം, പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) ശൃംഖല വ്യാപിപ്പിക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരുകയാണ്. ഇതിനകം തന്നെ പിഎന്‍ജിയിലേക്ക് മാറിയ വാണിജ്യ, ബള്‍ക്ക് ഉപഭോക്താക്കള്‍ പിഎന്‍ജിയില്‍ തന്നെ തുടരും. പിഎന്‍ജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിലുള്ളതോ, അല്ലെങ്കില്‍ പിഎന്‍ജിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതോ ആയ മറ്റ് യോഗ്യരായ എല്‍പിജി ഉപഭോക്താക്കളെ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (CGD) സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് ഘട്ടംഘട്ടമായി പിഎന്‍ജിയിലേക്ക് മാറ്റും.

ഈ പുതുക്കിയ വിതരണ ക്രമീകരണങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ശുദ്ധവും സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമായ ഇന്ധനങ്ങളുടെ ലഭ്യത വിപുലീകരിക്കാനുള്ള പ്രതിജ്ഞാബദ്ധത നിലനിര്‍ത്തിക്കൊണ്ട്, ദേശീയ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ സമീപനത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്.