ബ്രിക്‌സ് രാജ്യങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ മേധാവികളുടെ യോഗത്തിന് ജൂലൈ 6, 7 തീയതികളിൽ അസമിലെ ഗുവാഹത്തിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും.

ബ്രിക്സ് അംഗരാജ്യങ്ങളിലെ ലഹരിമരുന്ന് വിരുദ്ധ ഏജൻസി മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും. മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള പ്രവർത്തനപരമായ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഈ യോഗം സഹായിക്കും.

ആഗോള മയക്കുമരുന്ന് കടത്ത് മേഖലയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം, പുതിയ സൈക്കോആക്ടീവ് പദാർത്ഥങ്ങൾ (NPS), ഡാർക്ക്‌നെറ്റ് വഴിയുള്ള മയക്കുമരുന്ന് കടത്ത്, ക്രിപ്‌റ്റോ കറൻസി അധിഷ്‌ഠിത സാമ്പത്തിക ഇടപാടുകൾ എന്നിവ ആഗോളതലത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു. അതേസമയം, ഡാറ്റാ അനലിറ്റിക്‌സ്, സാങ്കേതികവിദ്യകൾ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് എന്നിവ അന്താരാഷ്ട്ര സഹകരണത്തിന് പുതിയ അവസരങ്ങൾ നൽകുന്നുമുണ്ട്. കേവലം ചർച്ചകൾക്കപ്പുറം, കൃത്യമായ പ്രവർത്തനങ്ങളിലേക്ക് ബ്രിക്സ് കൂട്ടായ്മയെ മാറ്റാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് (എൻ.സി.ബി) യോഗം നിയന്ത്രിക്കുന്നത്. മൂന്ന് പ്രധാന മുൻഗണനാ മേഖലകളിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

 

I. സിന്തറ്റിക് മരുന്നുകളും അവയുടെ നിർമ്മാണത്തിനുള്ള രാസവസ്തുക്കളുടെ വഴിതിരിച്ചുവിടലും തടയുക.

II. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കലും പ്രവർത്തന ഏകോപനവും ശക്തമാക്കൽ.

III. ശേഷി വികസനവും സ്ഥാപനപരമായ സഹകരണവും.

 

 

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം: ലഹരിമുക്ത ഇന്ത്യയെക്കുറിച്ചുള്ള ദർശനം

 

മയക്കുമരുന്ന് മാഫിയക്കെതിരെ ഇന്ത്യ നടത്തുന്ന ശക്തമായ പോരാട്ടങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണിത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം യുവാക്കളുടെ ഭാവിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ഈ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം തന്നെ ബോധവൽക്കരണം, ജനപങ്കാളിത്തം, ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ എന്നിവയ്ക്കും ഗവണ്മെൻ്റ് മുൻഗണന നൽകുന്നു. ഇതിനായി സമഗ്ര ഗവണ്മെൻ്റ്, നെറ്റ്‌വർക്ക് കേന്ദ്രീകൃത സമീപനം എന്നിവ സ്വീകരിച്ചുകൊണ്ട് മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സ്ഥാപനപരമായ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെൻ്റ് (2026–2029)’ രാജ്യം പുറത്തിറക്കിയിട്ടുണ്ട്.

 

രഹസ്യ ലബോറട്ടറികളെയും ഉയർന്നുവരുന്ന സിന്തറ്റിക് ലഹരി മരുന്ന് പ്രവണതകളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ, അസംസ്കൃത രാസവസ്തുക്കളുടെയും ഔഷധങ്ങളുടെയും നിരീക്ഷണം, ഇൻ്റലിജൻസ് വിവര കൈമാറ്റം, മികച്ച രീതികളുടെ പങ്കിടൽ, സംയുക്ത പരിശീലന പരിപാടികൾ എന്നിവയിലൂടെ സഹകരണം ശക്തിപ്പെടുത്താൻ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ ശ്രമിക്കും.

 

ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പ്രമേയാധിഷ്ഠിത സെഷനുകൾ

 

രണ്ടുദിവസത്തെ യോഗത്തിൽ വിവിധ രാജ്യങ്ങളിലെ ലഹരിമരുന്ന് സാഹചര്യം ചർച്ച ചെയ്യുകയും വെല്ലുവിളി ഉയർത്തുന്ന ആറ് പ്രധാന വിഷയങ്ങളിൽ സെഷനുകൾ നടക്കുകയും ചെയ്യും:

 

I: തത്സമയ മയക്കുമരുന്ന് വേട്ടയ്ക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ.

II: ഡാർക്ക്‌നെറ്റ് വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയൽ.

III: പുതിയ സൈക്കോആക്ടീവ് പദാർത്ഥങ്ങളെ നേരിടൽ.

IV: രാസവസ്തുക്കളുടെ ദുരുപയോഗവും വഴിതിരിച്ചുവിടലും തടയുന്നതിന് ആഗോള വിതരണ ശ്യംഖല ശക്തമാക്കൽ.

V: മയക്കുമരുന്നിൻ്റെ ആവശ്യം കുറയ്ക്കുന്നതിനുള്ള പ്രത്യേക നടപടികൾ.

VI: സ്ഥാപനപരമായ സംവിധാനങ്ങൾ ശക്തമാക്കൽ.

യോഗത്തിൻ്റെ അവസാനം അംഗരാജ്യങ്ങൾ ഒരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കും.

“പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവക്കായി ഉൾച്ചേരുക” എന്നതാണ് 2026-ൽ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ബ്രിക്സ് യോഗത്തിൻ്റെ പ്രമേയം. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ 11 പ്രമുഖ വളർന്നുവരുന്ന സമ്പദ്‌ വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ആഗോളവും പ്രാദേശികവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടിയാലോചനകൾ നടത്തുന്നതിനുള്ള ഒരു സുപ്രധാന വേദിയാണിത്.