കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ പുതുതായി ഉൾപ്പെടുത്തി 2025-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഇതോടൊപ്പം ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ (Urban Rooftop Farmer)’, ‘ഉദ്യാന ശ്രേഷ്ഠ’ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും (50,000 വീതം, ഫലകം, സർട്ടിഫിക്കറ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന കർഷക അവാർഡുകൾ നൽകുന്നത്.
അവാർഡുകൾക്കായുള്ള അപേക്ഷകൾ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം. സംസ്ഥാന കർഷക അവാർഡുകളിൽ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ‘സി. അച്ച്യുതമേനോൻ സ്മാരക അവാർഡ്’ (10 ലക്ഷം), മികച്ച കൃഷിഭവനുള്ള ‘വി.വി. രാഘവൻ സ്മാരക അവാർഡ്’ (5 ലക്ഷം), ‘പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്’ (3 ലക്ഷം), ‘സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്’ (2 ലക്ഷം), ‘കേരകേസരി’ (2 ലക്ഷം), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാർഡ് (2 ലക്ഷം), മികച്ച ജൈവ കർഷകൻ (2 ലക്ഷം) എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങൾ നൽകും.
അവാർഡുകൾ ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.keralaagriculture.gov.in.
കർഷക ഭാരതി അവാർഡ് 2025: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പ് 2025-ലെ സംസ്ഥാന കർഷക അവാർഡുകളുടെ ഭാഗമായി മാധ്യമരംഗത്തെ മികവിന് നൽകുന്ന ‘കർഷക ഭാരതി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
മലയാള ഭാഷയിലൂടെ കാർഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ മികച്ച ഫാം ജേർണലിസ്റ്റുകളെയാണ് അവാർഡിന് പരിഗണിക്കുന്നത്. വ്യക്തികളുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കില്ല.
അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കർഷക ഭാരതി അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് 50,000 രൂപ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
അവാർഡ് വിജ്ഞാപന തീയതി മുതൽ പിന്നോട്ടുള്ള ഒരു വർഷക്കാലയളവിലെ മാധ്യമപ്രവർത്തന മികവാണ് വിലയിരുത്തുക. അപേക്ഷാ ഫോറവും വിശദമായ മാർഗനിർദേശങ്ങളും www.keralaagriculture.gov.in എന്ന കൃഷിവകുപ്പ് വെബ്‌സൈറ്റിലും www.fibkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് ‘കർഷക ഭാരതി അവാർഡ് 2025 – (വിഭാഗത്തിന്റെ പേര്) എന്ന് വ്യക്തമായി രേഖപ്പെടുത്തണം.


