സംസ്ഥാനത്ത് മഴയുടെ തോത് കുറഞ്ഞതോടെ ഈ വർഷം വ്യാപകമായി മഴ ലഭിക്കാത്ത ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) കൂടുതൽ സമയം വേണ്ടിവരാൻ സാധ്യത. ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി.) പുറം സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം തുടരുകയാണ്.
നിലവിൽ പല പ്രദേശങ്ങളിലും ഒരു ദിവസം മൂന്നുതവണ വരെ വിവിധ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നുണ്ട്. 15 മുതൽ 30 മിനിറ്റ് വരെ മാത്രം നീണ്ടുനിൽക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും, ചില സ്ഥലങ്ങളിൽ ഇപ്പോൾ ഒരു മണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടുന്നതായി പരാതിയുണ്ട്.
മഴയുടെ അഭാവത്തെ തുടർന്ന് സംസ്ഥാനത്ത് പകൽ താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതോടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയും ചില ദിവസങ്ങളിൽ അധികമായി 1,000 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമായി വരികയും ചെയ്യുന്നു.
സ്ഥിതി മെച്ചപ്പെടാൻ കാര്യമായ മഴ ലഭിക്കുകയോ, അല്ലെങ്കിൽ പവർ എക്‌സ്‌ചേഞ്ച് എന്ന തത്സമയ വൈദ്യുതി വിപണിയിൽ ആവശ്യമായ വൈദ്യുതി ലഭ്യമാകുകയോ വേണമെന്നാണ് വിലയിരുത്തൽ. അതുവരെ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കുന്നതാണ് ലോഡ് ഷെഡിങ്ങിന്റെ തീവ്രത കുറയ്ക്കാൻ സഹായകമാകുക.
അധിക വൈദ്യുതി യൂണിറ്റിന് 5.69 രൂപ നിരക്കിൽ എൻ.ടി.പി.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വാങ്ങാനുള്ള നീക്കവും കെ.എസ്.ഇ.ബി. പരിഗണിക്കുന്നുണ്ട്. ഇതിനായി കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമാണ്.

