BUSINESS100NEWS.COM/ തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.
പാനലിലെ 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും 5 പേർ സംസ്ഥാന പാനലിൽ നിന്നുള്ളവരുമാണ്. ഓരോ മത്സരത്തിനും നാല് അമ്പയർമാർ വീതമാണുള്ളത്. ഗ്രൗണ്ടിൽ ഓൺഫീൽഡ് അമ്പയറിംഗിന്റെ ചുമതല വഹിക്കുന്ന രണ്ട് അമ്പയർമാർ ബി.സി.സി.ഐ പാനലിലുള്ളവരായിരിക്കും. റിവ്യൂകൾ കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കുകയാണ് തേർഡ് അമ്പയറുടെ ചുമതല. ഇതിന് പുറമെ ഫോർത്ത് അമ്പയർ അഥവാ റിസർവ് അമ്പയർ കൂടി ഓരോ മത്സരത്തിലുമുണ്ടാകും. പന്തുകൾ സൂക്ഷിക്കുക, ഡഗ് ഔട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുക തുടങ്ങി ഗ്രൗണ്ടിന്റെ പുറത്ത് അമ്പയർമാരുടെ ചുമതല നിർവ്വഹിക്കുന്നത് ഇവരാണ്. ഓൺഫീൽഡ് അമ്പയർമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പകരം ചുമതല നിർവ്വഹിക്കേണ്ടതും ഇവർ തന്നെ.
മുൻ കേരള ടീം ക്യാപ്റ്റൻ എന്ന നിലയിലും ഐ.സി.സി എലൈറ്റ് പാനലിൽ ഇടംനേടിയ ആദ്യ മലയാളി അമ്പയറെന്ന നിലയിലും കായിക കേരളത്തിന് അഭിമാനമായ വ്യക്തിത്വമാണ് കെ.എൻ. അനന്തപത്മനാഭൻ. നിരവധി അന്താരാഷ്ട്ര പോരാട്ടങ്ങളിലും ഐ.പി.എൽ ഉൾപ്പെടെയുള്ള വൻകിട ട്വന്റി-20 ലീഗുകളിലും മികച്ച രീതിയിൽ കളി നിയന്ത്രിച്ച് മുൻപരിചയമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ലീഗിന് പ്രൊഫഷണൽ കരുത്തേകും. ഐ.പി.എൽ, വനിതാ പ്രീമിയർ ലീഗ്, രഞ്ജി ട്രോഫി തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ മികച്ച രീതിയിൽ അമ്പയറിംഗ് നിർവ്വഹിച്ച ടോണി ഇമ്മട്ടിയാണ് പാനലിലെ മറ്റൊരംഗം. ബി.സി.സി.ഐയുടെ ലെവൽ 2 അമ്പയർ കൂടിയാണ് അദ്ദേഹം. ഇരുവർക്കും പുറമെ വിശ്വജിത്ത് ബി, നിധിൻ കെ, ശിവകുമാർ എ, അലി അസ്ഗർ, ഘനശ്യാം പ്രഭു, ഭരത് എം. എസ്, ജിഷ്ണു അജിത്, ശങ്കർ എസ്. എന്നിവരാണ് ബി.സി.സി.ഐ പാനലിലെ മറ്റ് അമ്പയർമാർ. മധുസൂദനൻ, അഖിൽ വേണുഗോപാൽ, വികാസ് അഗർവാൾ, ഹർഷാദ് ബേസിൽ, ജസ്റ്റിൻ മാടവന എന്നിവരാണ് കെ.സി.എ പാനലിൽ നിന്നും കെ.സി.എല്ലിലുള്ളത്.
തീരുമാനങ്ങളിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ രാജ്യാന്തര മത്സരങ്ങളുടെ മാതൃകയിൽ ‘ഹോക് ഐ’ സാങ്കേതികവിദ്യയാണ് ഇത്തവണ കെ.സി.എല്ലിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഹോക് ഐ വരുന്നതോടെ കൂടുതൽ മികച്ച സാങ്കേതികവിദ്യയാണ് ലഭ്യമാകുന്നത്. ഇതിലൂടെ റിവ്യൂകൾ ഇഴകീറി പരിശോധിച്ച് കൃത്യമായ തീരുമാനമെടുക്കാൻ കഴിയുമെന്ന് അമ്പയർ എ ശിവകുമാർ പറഞ്ഞു. അമ്പയർമാർക്ക് തങ്ങളുടെ ചുമതല കൂടുതൽ മികവോടെ നിർവ്വഹിക്കാൻ കഴിയുമെങ്കിലും ജോലി കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരമുള്ള അമ്പയറിംഗ് പാനലും ‘ഹോക് ഐ’ പോലുള്ള ആധുനിക സാങ്കേതികവിദ്യയും ഒരുമിക്കുന്നതോടെ ടൂർണമെന്റ് കൂടുതൽ മികവുറ്റതാകുമെന്ന പ്രതീക്ഷയിലാണ് കെ.സി.എ. ആവേശകരമായൊരു ടൂർണമെന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഗ്രീൻഫീൽഡിൽ ഇനി ക്രിക്കറ്റോണം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ( ഓഗസ്റ്റ് 20) ആവേശത്തുടക്കം
@ ആദ്യ മത്സരം ഉച്ചയ്ക്ക് 2.30 ന്
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ഇരട്ടി മധുരം പകരാൻ തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിന് ( ഓഗസ്റ്റ് 20) തുടക്കം.
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ആരാധകർക്കായി ഒരുക്കുന്ന ഈ ‘ക്രിക്കറ്റ് ഓണം’ ഗ്രീൻഫീൽഡിനെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി മാറ്റും.
ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.
കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ അരങ്ങേറും. ചടങ്ങിൽ കെസിഎ പ്രസിഡൻ്റ് അഡ്വ.ശ്രീജിത്ത് വി നായർ , കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, മറ്റു കെസിഎ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
രാത്രി 7.30 ന് രണ്ടാം മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും തമ്മിലാണ് പോരാട്ടം നടക്കുക. ഇത്തവണത്തെ കിരീടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം കാണികൾക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതിനായി ( ഓഗസ്റ്റ് 20) മുതൽ സ്റ്റേഡിയത്തിൽ ഫാൻ വില്ലേജും ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം ഒരുക്കിയിരിക്കുന്ന ഫാൻ വില്ലേജിലേക്ക് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ അഞ്ച് വരെ പ്രവർത്തിക്കുന്ന ഫാൻ വില്ലേജിൽ കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ എന്നിവയ്ക്ക് പുറമെ ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകളും ബാറ്റൺ ക്യാച്ചർ, ഭീമൻ കണക്റ്റ്-4 തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്. ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വിപുലമായ ഭക്ഷണശാലകളും വർണ്ണാഭമായ ദീപാലങ്കാരങ്ങളും ഫാൻ വില്ലേജിന് മാറ്റുകൂട്ടും.


