കെസിഎല്ലിൽ തുടരെ മൂന്നാം വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് :
തിരുവനന്തപുരം: കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആറ് വിക്കറ്റിനായിരുന്നു കാലിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും സ്പിന്നർ ഹരികൃഷ്ണന്റെയും തകർപ്പൻ പ്രകടനമാണ് കാലിക്കറ്റിന് വിജയമൊരുക്കിയത്. രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആലപ്പി റിപ്പിൾസ് – 19.3 ഓവറിൽ 131/10, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് – 16.5 ഓവറിൽ 135/4
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ ഓവറിൽ തുടരെയുള്ള പന്തുകളിൽ ജലജ് സക്സേനയെയും (2) സച്ചിൻ ബേബിയെയും (0) പുറത്താക്കി ഹരികൃഷ്ണനാണ് ആലപ്പിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (1) അഖിൽ സ്കറിയ പുറത്താക്കിയതോടെ നാല് വിക്കറ്റിന് 16 റൺസെന്ന നിലയിലായിരുന്നു റിപ്പിൾസ്. പിന്നീടെത്തിയ ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർക്കും തിളങ്ങാനായില്ല. അവസാന ഓവറുകളിൽ അഭിജിത് പ്രവീൺ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് ആലപ്പിയെ മാന്യമായ സ്കോറിലെത്തിച്ചത്. 17 പന്തുകളിൽ നാല് ഫോറും ഒരു സിക്സുമടക്കമാണ് ആഷിഖ് 33 റൺസ് നേടിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹരികൃഷ്ണനാണ് കാലിക്കറ്റിന് വേണ്ടി തിളങ്ങിയത്. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് തുടക്കത്തിൽ തന്നെ കെ.എസ്. അരവിന്ദിന്റെയും (2) വരുൺ നായനാരുടെയും (1) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാമതായി ഒത്തുചേർന്ന ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രോഹൻ കുന്നുമ്മൽ ആഞ്ഞടിച്ച് മുന്നേറിയപ്പോൾ അഖിൽ സ്കറിയ കരുതലോടെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സുമടക്കം 94 റൺസെടുത്ത രോഹൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്തായത്. ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച രോഹൻ അജിനാസ് എറിഞ്ഞ 12-ാം ഓവറിൽ തുടരെ നാല് സിക്സുകളാണ് നേടിയത്. അഖിൽ സ്കറിയ 31 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിക്ക് വേണ്ടി ജലജ് സക്സേന രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഗ്രീൻഫീൽഡിൽ വിശ്വരൂപം പൂണ്ട് ഹരികൃഷ്ണൻ; വീഴ്ത്തിയത് ആലപ്പിയുടെ മൂന്ന് നിർണായക വിക്കറ്റുകൾ
തിരുവനന്തപുരം: കെസിഎല്ലിൽ ആലപ്പി റിപ്പിൾസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മത്സരത്തിൽ വിക്കറ്റ് വേട്ട നടത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം ഹരികൃഷ്ണന്റെ മിന്നും പ്രകടനം. നാല് ഓവറിൽ ഒരു മെയ്ഡിൻ ഉൾപ്പെടെ വെറും 12 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റ മുന്നിൽ ആലപ്പിയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞു.
മത്സരത്തിന്റെ ഗതി പൂർണമായും കാലിക്കറ്റിന് അനുകൂലമാക്കിയത് ഹരികൃഷ്ണന്റെ ആദ്യ ഓവറായിരുന്നു. സ്കോർ ഒമ്പതിൽ നിൽക്കെ
ആലപ്പിയുടെ ബാറ്റിങ് നെടുംതൂണായ ജലജ് സക്സേനയെ അഖിൻ സത്താറിന്റെ കൈകളിലെത്തിച്ചാണ് ഹരി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ക്ലീൻ ബൗൾഡാക്കി പവലിയനിലേക്ക് മടക്കി ഹരി മൈതാനത്ത് വിസ്മയം തീർത്തു. മുൻനിര ബാറ്റർമാരെ തുടക്കത്തിലേ നഷ്ടമായ ആലപ്പി പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ വല്ലാതെ വിയർത്തു.
തുടക്കത്തിലെ വൻ തകർച്ചയിൽ നിന്ന് ആലപ്പിയെ കരകയറ്റാൻ ശ്രമിച്ച അഭിജിത്ത്പ്രവീൺ- സിബിൻ ഗിരീഷ് കൂട്ടുകെട്ടും അധികനേരം ആയുസ്സുണ്ടായിരുന്നില്ല. പതിനാലാം ഓവറിൽ വീണ്ടും പന്തെടുത്ത ഹരികൃഷ്ണൻ, ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ സിബിൻ ഗിരീഷിന്റെ വിക്കറ്റ് കൂടി തെറിപ്പിച്ച് ആലപ്പിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു.
ഹരികൃഷ്ണന് മികച്ച പിന്തുണയുമായി വിഗ്നേഷ് പുത്തൂരും അഖിൽ സ്കറിയയും പന്തെറിഞ്ഞതോടെ ആലപ്പിയുടെ ബാറ്റിങ് നിരയ്ക്ക് മൈതാനത്ത് പിടിച്ചുനിൽക്കാനായില്ല. അതോടെ ആലപ്പിയുടെ ഇന്നിങ്സ് 19.3 ഓവറിൽ 131 റൺസിൽ അവസാനിച്ചു.നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ സ്വന്തമാക്കിയ ഹരികൃഷ്ണൻ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഇപ്പോൾ മുൻനിരയിലാണ്. മത്സരത്തിൽ കാലിക്കറ്റ് ആറ് വിക്കറ്റിന് ആലപ്പിയെ പരാജയപ്പെടുത്തി
തകർത്തടിച്ച് സിജോമോൻ, മൂന്ന് വിക്കറ്റുമായി കാർത്തിക്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ റോയൽസിന് 186 റൺസ് വിജയലക്ഷ്യം
തിരുവനന്തപുരം: കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ 186 റൺസിന്റെ വിജയലക്ഷ്യമുയർത്തി ട്രിവാൺഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 56 റൺസെടുത്ത സിജോമോൻ ജോസഫാണ് റോയൽസിന്റെ ടോപ് സ്കോറർ.
രണ്ടാം ഓവറിൽ തന്നെ അഭിഷേക് പി നായരെ നഷ്ടമായെങ്കിലും കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് റോയൽസിന് ഭേദപ്പെട്ട തുടക്കം നൽകി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദ് അതിവേഗം സ്കോർ ബോർഡ് മുന്നോട്ടു നീക്കി. എന്നാൽ ഒരോവറിൽ ഇരട്ടപ്രഹരവുമായി കാർത്തിക് ബി നായർ റോയൽസിന്റെ കുതിപ്പിന് തടയിട്ടു. ഏഴാം ഓവറിലെ മൂന്നാം പന്തിൽ വിഷ്ണു വിനോദിനെ എൽബിഡബ്ല്യുവിൽ കുടുക്കിയ കാർത്തിക് അവസാന പന്തിൽ ഗോവിന്ദ് ദേവ് പൈയെ ക്ലീൻ ബൗൾഡാക്കി. 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 32 റൺസുമായാണ് വിഷ്ണു വിനോദ് മടങ്ങിയത്. 25 റൺസെടുത്ത കൃഷ്ണപ്രസാദിനെയും കാർത്തിക് തന്നെ മടക്കിയതോടെ റോയൽസ് പ്രതിരോധത്തിലായി.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അക്ഷയ് മനോഹറും സിജോമോൻ ജോസഫും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് റോയൽസിന്റെ ഇന്നിങ്സിൽ നിർണ്ണായകമായത്. 40 പന്തുകളിൽ 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 32 റൺസെടുത്ത അക്ഷയ് മനോഹറെ പുറത്താക്കി സാലി സാംസനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ശേഷമെത്തിയ വിനോദ് കുമാറും മികച്ച രീതിയിൽ ബാറ്റ് വീശി. 26 പന്തുകളിൽ നിന്ന് 44 റൺസ് കൂട്ടിച്ചേർത്ത സിജോമോൻ ജോസഫും വിനോദ് കുമാറും ചേർന്നാണ് റോയൽസിന്റെ സ്കോർ 185ൽ എത്തിച്ചത്. സിജോമോൻ ജോസഫ് 56ഉം വിനോദ് കുമാർ 20ഉം റൺസുമായി പുറത്താകാതെ നിന്നു. 37 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് സിജോമോൻ ജോസഫ് 56 റൺസ് നേടിയത്. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ബി നായരാണ് കൊച്ചിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.
ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്, കൊച്ചിക്ക് തുടർച്ചയായ മൂന്നാം തോൽവി
തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 55 റൺസിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി റോയൽസിന് വിജയമൊരുക്കിയ സിജോമോൻ ജോസഫാണ് പ്ലെയർ ഓഫ് ദി മാച്ച്.
ട്രിവാൺഡ്രം റോയൽസ് – 20 ഓവറിൽ 185/5, കൊച്ചി ബ്ലൂ ടൈഗേഴ്സ് – 20 ഓവറിൽ 130/9
രണ്ടാം ഓവറിൽ തന്നെ അഭിഷേക് പി നായരെ നഷ്ടമായെങ്കിലും കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് റോയൽസിന് ഭേദപ്പെട്ട തുടക്കം നൽകി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദ് അതിവേഗം സ്കോർ ബോർഡ് മുന്നോട്ടു നീക്കി. എന്നാൽ ഒരോവറിൽ ഇരട്ടപ്രഹരവുമായി കാർത്തിക് ബി നായർ റോയൽസിന്റെ കുതിപ്പിന് തടയിട്ടു. ഏഴാം ഓവറിലെ മൂന്നാം പന്തിൽ വിഷ്ണു വിനോദിനെ എൽബിഡബ്ല്യുവിൽ കുടുക്കിയ കാർത്തിക് അവസാന പന്തിൽ ഗോവിന്ദ് ദേവ് പൈയെ ക്ലീൻ ബൗൾഡാക്കി. 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 32 റൺസുമായാണ് വിഷ്ണു വിനോദ് മടങ്ങിയത്. 25 റൺസെടുത്ത കൃഷ്ണപ്രസാദിനെയും കാർത്തിക് തന്നെ മടക്കിയതോടെ റോയൽസ് പ്രതിരോധത്തിലായി.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അക്ഷയ് മനോഹറും സിജോമോൻ ജോസഫും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് റോയൽസിന്റെ ഇന്നിങ്സിൽ നിർണ്ണായകമായത്. 40 പന്തുകളിൽ 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 32 റൺസെടുത്ത അക്ഷയ് മനോഹറെ പുറത്താക്കി സാലി സാംസനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ശേഷമെത്തിയ വിനോദ് കുമാറും മികച്ച രീതിയിൽ ബാറ്റ് വീശി. 26 പന്തുകളിൽ നിന്ന് 44 റൺസ് കൂട്ടിച്ചേർത്ത സിജോമോൻ ജോസഫും വിനോദ് കുമാറും ചേർന്നാണ് റോയൽസിന്റെ സ്കോർ 185ൽ എത്തിച്ചത്. സിജോമോൻ ജോസഫ് 56ഉം വിനോദ് കുമാർ 20ഉം റൺസുമായി പുറത്താകാതെ നിന്നു. 37 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് സിജോമോൻ ജോസഫ് 56 റൺസ് നേടിയത്. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ബി നായരാണ് കൊച്ചിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.
വലിയ ലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ കൊച്ചിയുടെ ബാറ്റർമാർക്ക് ഒരു ഘട്ടത്തിലും അവസരത്തിനൊത്ത് ഉയരാനായില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ജോബിൻ ജോബിയെ രാഹുൽ ചന്ദ്രൻ എൽബിഡബ്ല്യുവിൽ കുടുക്കി. രണ്ടാം ഓവറിൽ അഞ്ച് റൺസെടുത്ത പവൻ ശ്രീധർ റണ്ണൗട്ടായി. വിനൂപ് മനോഹരൻ (17) ശ്രീഹരി നായരുടെ പന്തിൽ ക്ലീൻ ബൗൾഡാവുക കൂടി ചെയ്തതോടെ കൊച്ചിയുടെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയവരിൽ മുഹമ്മദ് ഷാനുവും കാർത്തിക് ബി നായരും മാത്രമാണ് രണ്ടക്കം കടന്നത്. സച്ചിൻ സുരേഷ് റണ്ണെടുക്കാതെ മടങ്ങിയപ്പോൾ സാലി സാംസൻ ഒൻപതും ആൽഫി ഫ്രാൻസിസ് ജോൺ എട്ടും മുഹമ്മദ് ആഷിഖ് മൂന്നും റൺസ് നേടി മടങ്ങി. മുഹമ്മദ് ഷാനു 24 റൺസെടുത്തപ്പോൾ കാർത്തിക് 41 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി ശ്രീഹരി നായർ, സിജോമോൻ ജോസഫ്, വി അജിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.