തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണക്കാലത്തിന്റെ ഏറ്റവും തിരക്കേറിയ ദിനമായ ഉത്രാടം ‘ഒന്നാം ഓണം’ എന്നും അറിയപ്പെടുന്നു. മഹാബലി തമ്പുരാൻ നാടണയുന്ന ദിനമെന്നാണ് വിശ്വാസം.

പഴയകാലത്ത് കർഷകർ തങ്ങളുടെ വിളവെടുപ്പിലെ ആദ്യഫലം കാരണവർക്ക് കാഴ്ചയായി സമർപ്പിച്ചിരുന്ന ആചാരവുമായി ഉത്രാടദിനത്തിന് പ്രത്യേക ബന്ധമുണ്ട്. തിരുവോണസദ്യയ്ക്കുള്ള സാധനങ്ങളും അവസാന നിമിഷത്തെ വാങ്ങലുകളും പൂർത്തിയാക്കാൻ ജനങ്ങൾ നടത്തുന്ന തിരക്കേറിയ ഓട്ടമാണ് ‘ഉത്രാടപ്പാച്ചിൽ’ എന്നറിയപ്പെടുന്നത്. വിപണികളിലും പച്ചക്കറി കടകളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വീടുകളിൽ വലിയ പൂക്കളങ്ങൾ ഒരുക്കിയും സദ്യയ്ക്കുള്ള വിഭവങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയും മലയാളികൾ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് വീടും പരിസരവും വൃത്തിയാക്കി ആഘോഷത്തിനുള്ള അവസാന ഒരുക്കങ്ങളിലാകും.

കാസർകോട് മേഖലയിൽ ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകൾ കയറിയിറങ്ങിയും ഓണക്കാലത്തിന്റെ വരവറിയിക്കുന്ന ആടിവേടൻ തെയ്യങ്ങൾ ശ്രദ്ധേയമാണ്. ആധിയും വ്യാധിയും ഒഴിഞ്ഞ സമൃദ്ധമായ ഓണക്കാലത്തിനായി പ്രാർഥിക്കുന്ന ജനങ്ങൾ തെയ്യക്കോലങ്ങൾക്ക് മുന്നിൽ അനുഗ്രഹം തേടുന്നു. കുട്ടികൾ കോലം കെട്ടി വീടുകൾ കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്. ആടിവേടൻ തെയ്യത്തിന് പിന്നാലെ ഓണത്താർ തെയ്യവും രംഗപ്രവേശം ചെയ്യും.

ഉത്രാടദിനത്തിലെ മറ്റൊരു പ്രധാന പ്രത്യേകതയാണ് ക്ഷേത്രങ്ങളിൽ കാഴ്ചക്കുലകൾ സമർപ്പിക്കുന്നത്. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തർ സമർപ്പിക്കുന്നത്. ചങ്ങാലിക്കോടൻ ഇനത്തിൽപ്പെട്ട നേന്ത്രക്കുലകൾക്കാണ് പ്രധാനമായും കാഴ്ചക്കുലകളായി സമർപ്പണത്തിൽ പ്രാധാന്യം.

ഉത്രാടനാളിലെ രാത്രിയെയാണ് ‘ഓണനിലാവ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഉത്രാടത്തിന്റെ തിരക്കുകളും ഓട്ടപ്പാച്ചിലും അവസാനിച്ച് കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഈ ഊഷ്മളമായ രാത്രിക്കുശേഷമാണ് തിരുവോണപ്പുലരി എത്തുന്നത്.

പിന്നെ കുളിച്ചൊരുങ്ങി വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞ്, പൂക്കളത്തിന് മുന്നിൽ വിളക്ക് തെളിച്ച്, സദ്യയ്ക്കുള്ള ഒരുക്കങ്ങളുമായി മലയാളി തിരുവോണത്തെ വരവേൽക്കും. സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു തിരുവോണം കൂടി.