ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. ജലമേളയുടെ എ ബാച്ച് വിഭാഗത്തിൽ വാശിയേറിയ കലാശപ്പോരാട്ടത്തിൽ കടുത്ത മത്സരത്തിനൊടുവിലാണ് മേലുകര കപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കുന്നത്.
ഒന്നാം സ്ഥാനത്തെത്തിയ മേലുകര പള്ളിയോടം 4.32 സെക്കൻഡിൽ തുഴഞ്ഞെത്തിയപ്പോൾ, തൊട്ടുപിന്നിൽ കോഴിപ്പുറം (4.3349 സെക്കൻഡ്), ഇടശ്ശേരിമല കിഴക്ക് (4.3374 സെക്കൻഡ്), മല്ലപ്പുഴശ്ശേരി (4.349 സെക്കൻഡ്) എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു. ബി ബാച്ച് വിഭാഗത്തിൽ 4.42 സെക്കൻഡിൽ തുഴഞ്ഞെത്തി കോറ്റാത്തൂർ കൈതക്കോടി പള്ളിയോടമാണ് കിരീടം ചൂടിയത്. 19-ാം തവണയാണ് കോറ്റാത്തൂർ ജേതാക്കളാകുന്നത്. കോറ്റാത്തൂരിന്റെ തുടർച്ചയായ മൂന്നാം വർഷത്തെ വിജയമാണിതെന്ന പ്രത്യേകതയുമുണ്ട്.


