തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും സമീപ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്‌വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുന്നു. നവംബർ 20ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിലായി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിലും പരമാവധി 110 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുകയാണ്.

ഇതിന്റെ സ്വാധീനഫലമായി നവംബർ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്‌വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നവംബർ 18 മുതൽ 21 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്ന് നിർദേശം നൽകി.