2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2021-ലെ ഐടി നിയമങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയുൾപ്പെടെ നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് അനുസൃതമായി, സമൂഹ മാധ്യമങ്ങളുടേയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടേയും ഉത്തരവാദിത്തവും ധാർമ്മികമായ ഉപയോഗവും എല്ലാ ഗുണഭോക്താക്കളും ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവർത്തിച്ച് നിർദ്ദേശിക്കുന്നു.
2. തെറ്റിദ്ധരിപ്പിക്കുന്നതോ, നിയമവിരുദ്ധമായതോ, എഐ ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ കൃത്രിമം കാണിച്ചതോ ആയ ഉള്ളടക്കങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തിയാൽ, മൂന്ന് മണിക്കൂറിനുള്ളിൽ അവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
3. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ പ്രതിനിധികളും, തങ്ങളുടെ പ്രചാരണത്തിനായി കൃത്രിമമായി നിർമ്മിച്ചതോ, എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവയിൽ “എഐ നിർമ്മിതം”, “ഡിജിറ്റൽ രീതിയിൽ പരിഷ്കരിച്ചത്” അല്ലെങ്കിൽ “കൃത്രിമ ഉള്ളടക്കം” എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, സുതാര്യതയും വോട്ടർമാരുടെ വിശ്വാസവും നിലനിർത്തുന്നതിനായി, ഈ ഉള്ളടക്കം നിർമ്മിച്ച സ്ഥാപനത്തിൻ്റെ വിവരങ്ങൾ കൂടി ഇതിനോടൊപ്പം വെളിപ്പെടുത്തേണ്ടതുണ്ട്.
4. അസം, കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനങ്ങൾ, ക്രമസമാധാന നില തകർക്കുന്നതോ അല്ലെങ്കിൽ തകർക്കാൻ സാധ്യതയുള്ളതോ ആയ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ, വോട്ടെടുപ്പ് പ്രക്രിയയ്‌ക്കോ സംവിധാനങ്ങൾക്കോ എതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഉള്ളടക്കങ്ങൾ ഐടി ആക്ട് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ബന്ധപ്പെട്ട സംസ്ഥാന ഐടി നോഡൽ ഓഫീസർമാർ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
5. ഇതനുസരിച്ച്, 2026 മാർച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള 11,000-ലധികം സാമൂഹ്യ മാധ്യമ പോസ്റ്റുകളും URL-കളും തിരിച്ചറിയുകയും അവയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക, തെറ്റായ വിവരങ്ങൾക്ക് കൃത്യമായ വിശദീകരണങ്ങളും ഖണ്ഡനങ്ങളും നല്കുന്ന നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപുള്ള നിശ്ശബ്ദ പ്രചാരണ കാലയളവിൽ പോളിംഗ് മേഖലകളിൽ തെരഞ്ഞെടുപ്പ് സംബന്ധമായ എന്തെങ്കിലും പ്രചാരണസാമഗ്രികൾ പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്ന 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 പ്രകാരമുള്ള വ്യവസ്ഥകളും കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കി. ടെലിവിഷൻ, റേഡിയോ, അച്ചടി, സമൂഹ മാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഈ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുണ്ട്.
7. കൂടാതെ, പൗരന്മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ECINET-ലെ സി-വിജിൽ മൊഡ്യൂൾ ഉപയോഗിച്ച് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. മാർച്ച് 15 മുതൽ ഏപ്രിൽ 19 വരെ സി-വിജിൽ ആപ്പ് വഴി 3,23,099 പരാതികളാണ് ലഭിച്ചത്. ഇതിൽ 3,10,393 പരാതികൾ, അതായത് 96.01 ശതമാനം പരാതികളും നിശ്ചിത സമയപരിധിയായ 100 മിനിറ്റിനുള്ളിൽ പരിഹരിക്കപ്പെട്ടു.

