കനത്ത മഴയിലും കാറ്റിലുംബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.
എറണാകുളം രാമമംഗലം സ്വദേശിനികളായ സ്മിത, ലത എന്നിവരാണ് മരിച്ച മലയാളികൾ. രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ഇവിടെ എത്തിയത് .
ഷോപ്പിങ്ങിനിറങ്ങിയ സമയത്താണ് കനത്ത മഴയും കാറ്റുമുണ്ടായത്. ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞ് വീണത്. അപകടത്തിൽ മലയാളികളായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും വിനോദയാത്രാ സംഘത്തിലെ അംഗങ്ങളാണ്.തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ.വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു .
bengaluru hospital wall collapse.


