ഇന്ത്യാ സെൻസസ് 2027 രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള, രജിസ്ട്രാര്‍ ജനറല്‍ & സെന്‍സസ് കമ്മീഷണറായ മൃത്യുഞ്ജയ് നാരായൺ ഐഎഎസ് ആണ് സെൻസസ് നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ.
ചരിത്ര പശ്ചാത്തലം
ലോകത്തെ ഏറ്റവും മികച്ച സെന്‍സസുകളില്‍ ഒന്നെന്ന നിലയില്‍ ഇന്ത്യാ സെന്‍സസിന് ഒരു സമ്പന്നമായ പാരമ്പര്യമുണ്ട്. കൂടാതെ ഇത് ലോകത്ത് ഏറ്റവും വലിയ ഭരണപരമായ പ്രവർത്തനങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. സെൻസസ് ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 69-ാം നമ്പറിൽ യൂണിയൻ ലിസ്റ്റിൽ [അനുച്ഛേദം 246] ഉൾപ്പെടുത്തിയിരിക്കുന്നു. സെൻസസ് നിയമം, 1948 ആണ് സെൻസസ് നടത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനം.
1872-ലാണ് ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് നടത്തിയത്. ഇത് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വിവിധ സമയങ്ങളിലായിട്ടാണ് നടത്തിയത്. പിന്നീട് 1881 ല്‍ രാജ്യമൊട്ടാകെ ഒരേ സമയത്ത് ഒരു സെന്‍സസ് നടത്തി. അതിനുശേഷം, 2011-ലെ സെൻസസ് വരെ മുടക്കമില്ലാതെ 10 വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തിയിരുന്നു. എന്നിരുന്നാലും 2021-ലെ സെൻസസ് കോവിഡ്-19 മഹാമാരി മൂലം നിശ്ചിത സമയത്ത് നടത്താനായില്ല. 2027-ലെ സെന്‍സസ്, 1872 മുതൽ ആരംഭിച്ച ഈ പരമ്പരയിലെ 16-ാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ 8-ാമത്തേയും ആണ്.
വില്ലേജ്, പട്ടണം, വാർഡ് എന്നീ തലങ്ങളിലുള്ള പ്രാഥമിക വിവരത്തിന്‍റെ ഏറ്റവും വലിയ സ്രോതസ്സാണ് സെൻസസ്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ, ജനസംഖ്യാവിവരങ്ങൾ, മതം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, ഭാഷ, സാക്ഷരത, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം, സന്താനോത്പാദനം തുടങ്ങി വിവിധ ഘടകങ്ങളിന്മേൽ സൂക്ഷ്മമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഭാരത സെൻസസ് 150 വർഷത്തെ ചരിത്രമുള്ളതാകുന്നു. രാജ്യത്തിന്‍റെ ആസൂത്രണത്തിനും വികസനത്തിനും അടിത്തറ പാകുന്നതിനാൽ ശേഖരിക്കപ്പെടുന്ന വിവരം വളരെ പ്രാധാന്യമുള്ളതാകുന്നു.
സെന്‍സസ് നടത്തുന്നതിന്‍റെ ലക്ഷ്യങ്ങള്‍
ജനസംഖ്യാശാസ്ത്രം (ജനസംഖ്യാ സവിശേഷതകൾ), സാമ്പത്തിക പ്രവർത്തനം, സാക്ഷരതയും, വിദ്യാഭ്യാസവും, പാർപ്പിട ഗാർഹിക സൗകര്യങ്ങൾ, നഗരവൽക്കരണം, പ്രജനനം, പട്ടികജാതി, പട്ടികവർഗ്ഗം, ഭാഷ, മതം, കുടിയേറ്റം, വൈകല്യം തുടങ്ങിയ നിരവധി സാമൂഹിക-സാംസ്കാരിക, ജനസംഖ്യാ സംബന്ധമായ വിവരങ്ങൾക്ക് ഏറ്റവും വിശ്വസനീയമായ ഉറവിടമാണ് ഇന്ത്യാ സെൻസസ്.
ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാനപരമായ വിവരങ്ങള്‍ സെന്‍സസാണ് നല്‍കുന്നത്. സെന്‍സസ് വഴി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്‍റ്, അസംബ്ലി, പഞ്ചായത്തുപോലെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. അങ്ങനെ എന്യൂമറേറ്റര്‍മാര്‍ വെറും വിവരങ്ങള്‍ ശേഖരിക്കുക മാത്രമല്ല, നമ്മുടെ രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ തന്നെ ഒരു ഭാഗമായി മാറുകയുമാണ്.
ജനവാസ കേന്ദ്രങ്ങളിലെ സ്ഥിതി, പാര്‍പ്പിട ദൗര്‍ലഭ്യം, വീടുകളുടെ ആവശ്യകത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഒന്നാം ഘട്ടം, അതായത് വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും വീടുകളെ സംബന്ധിച്ച് നയങ്ങള്‍ ആവിഷ്കരിക്കുന്നതിന് വളരെയേറെ ഉപയോഗപ്രദമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ക്കും സര്‍ക്കാരിതര ഏജന്‍സികള്‍ക്കും തദ്ദേശീയതലത്തിലും സംസ്ഥാനതലത്തിലും വികസന-ആസൂത്രണ പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹായകമായി കുടുംബങ്ങളിലെ സൗകര്യങ്ങളെയും ആസ്തികളെയും സംബന്ധിച്ച വിപുലമായ ഡാറ്റ ലഭ്യമാക്കാന്‍ ഇതിനു കഴിയുന്നു. കൂടാതെ ഇത് ജനസംഖ്യാ കണക്കെടുപ്പിന് അടിസ്ഥാനമാവുകയും ചെയ്യുന്നു.
രണ്ടാം ഘട്ടമായി നടപ്പാക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് രാജ്യത്തെ ഓരോ വ്യക്തിയെയും കുറിച്ചുള്ള ഒരു നിര്‍ദ്ദിഷ്ടസമയത്തെ വിലപിടിപ്പുള്ള വിവരങ്ങള്‍ നല്‍കുന്നു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും പുരോഗതിക്കാവശ്യമായ നല്ല നയങ്ങളും പരിപാടികളും വികസിപ്പിച്ചെടുക്കുന്നതിന് സെന്‍സസ് ഡാറ്റ ആവശ്യമാണ്. പഠിതാക്കളുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും ആസൂത്രകരുടെയും തെരഞ്ഞെടുപ്പ് അധികാരികളുടെയും ആവശ്യങ്ങള്‍ക്കു പുറമേ വളരെ കാര്യക്ഷമവും ഫലപ്രദവുമായ ഒരു പൊതുഭരണ സമ്പ്രദായത്തിനും സെന്‍സസ് വിവരങ്ങള്‍ ആവശ്യമാണ്. ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഒരു പ്രധാന സവിശേഷത ഓരോ വ്യക്തിയെയും എണ്ണുകയും, ആ വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ സൂചിത തീയതിയും സമയവും (Reference Date and Moment) എന്നും വിളിക്കപ്പെടുന്ന നിശ്ചിത സമയത്ത് ശേഖരിക്കുകയും ചെയ്യുന്നു എന്നതാണ്.
വാസസ്ഥലം, ജനസംഖ്യ, സാമൂഹ്യ–സാമ്പത്തിക ഘടകങ്ങൾ, കുടിയേറ്റം, പ്രജനന സവിശേഷതകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളിലെ സെൻസസ് വഴി ശേഖരിക്കുന്ന ഡാറ്റ, വിശാലമായ വിവരശേഖരമായതിനാൽ ദേശീയ ആസൂത്രണത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണ്. വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിനായി, വിശ്വസനീയമായ സെൻസസ് ഡാറ്റ തെളിവ് അടിസ്ഥാനമാക്കിയ നയരൂപീകരണത്തിന് അടിത്തറയാകുന്നു. ലക്ഷ്യബദ്ധമായ പദ്ധതികളും ക്ഷേമപരിപാടികളും രൂപകൽപ്പന ചെയ്യാനും ബജറ്റിംഗ് നടത്താനും, വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗം/വിതരണം ഉറപ്പാക്കാനും, അടിസ്ഥാന സൗകര്യ വികസനവും നഗരാസൂത്രണവും ഫലപ്രദമായി നടത്താനും ഇത് നയരൂപീകരണക്കാരെ സഹായിക്കുന്നു. ഇതുകൂടാതെ, പിന്നാക്ക വിഭാഗങ്ങൾക്കായി (പ്രത്യേകിച്ച് ഭിന്നശേഷിയുള്ളവർ, എസ്.സി/എസ്.ടി വിഭാഗങ്ങൾ, ലിംഗസംബന്ധമായ വിഷയങ്ങൾ) ഉൾക്കൊള്ളുന്ന നയങ്ങൾ രൂപപ്പെടുത്തുന്നതിനും സാമൂഹിക സമത്വത്തിലേക്കുള്ള പുരോഗതി നിരീക്ഷിക്കുന്നതിനും സാമൂഹികമേഖല വികസനത്തിന്‍റെ അടിസ്ഥാനമായും സെൻസസ് ഡാറ്റ പ്രവർത്തിക്കുന്നു. തൊഴിലവസരങ്ങൾ, നൈപുണ്യ വികസന സംരംഭങ്ങൾ, വ്യവസായ വികസന തന്ത്രങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും, അതുവഴി സാമ്പത്തിക ആസൂത്രണത്തിനും തൊഴിൽ സൃഷ്ടിക്കും സെൻസസ് ഡാറ്റ സഹായകരമാണ്.
ദുരന്തനിവാരണത്തിലും പൊതുജനാരോഗ്യ ആവശ്യങ്ങൾക്കും ദുർബലരായ ജനങ്ങളെ തിരിച്ചറിയുന്നതിനും, അടിയന്തര സാഹചര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, വാക്സിനേഷൻ ഡ്രൈവുകളും, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും എന്നിവയിലും ഇത് ഉപയോഗിക്കുന്നു. വികസിത് ഭാരത് എന്ന ദേശീയ ലക്ഷ്യത്തിലേക്കുള്ള സർക്കാർ പദ്ധതികൾ ഉദ്ദേശിച്ച പുരോഗതി കൈവരിക്കുന്നുണ്ടോ എന്ന് സമഗ്രമായി വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് സെൻസസ്.
ഇന്ത്യാ സെന്‍സസ് 2027
ഇന്ത്യാ സെന്‍സസ് 2027 രണ്ടു ഘട്ടങ്ങളായാണ് നടക്കുക: (i) വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും (ii) ജനസംഖ്യാ കണക്കെടുപ്പ്. സെന്‍സസിന്‍റെ ഒന്നാം ഘട്ടത്തില്‍, 2026 ഏപ്രിലിനും സെപ്തംബറിനും ഇടയ്ക്ക്, ഒരു നിശ്ചിതമാസത്തില്‍, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾ അതാതിന്‍റെ പ്രാദേശിക സാഹചര്യത്തിനനുസരിച്ച്, സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിച്ച സമയക്രമത്തിൽ കെട്ടിടങ്ങളും സെന്‍സസ് വീടുകളും കുടുംബങ്ങളും കണ്ടെത്തി ക്രമാനുസൃതമായി പട്ടികപ്പെടുത്തുകയും ചെയ്യുന്നു.
കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടികയ്ക്ക് പുറമേ, ജനവാസ കേന്ദ്രങ്ങളുടെ അവസ്ഥ, പാര്‍പ്പിട ദൗര്‍ലഭ്യം മുതലായവ വിലയിരുത്തുന്നതിനുവേണ്ടികുടുംബത്തിനു കൈവശമുള്ള ആസ്തികളെയും ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുള്ള ചില ഉപയോഗപ്രദമായ വിവരങ്ങളും ശേഖരിക്കുന്നു.
രണ്ടാം ഘട്ടത്തിന്‍റെ (ജനസംഖ്യാ കണക്കെടുപ്പ്) ഫീല്‍ഡ് വര്‍ക്ക് രാജ്യത്തുടനീളം (മഞ്ഞ് മൂടിയ പ്രദേശങ്ങൾ ഒഴികെ) 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തപ്പെടും. ഈ ഘട്ടത്തിൽ, ഓരോ വ്യക്തിയെയും എണ്ണുകയും, അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. മഞ്ഞ് മൂടിയ പ്രദേശങ്ങളിൽ, ഈ പ്രവർത്തനം 2026 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും.
സെൻസസിന്‍റെ ആദ്യ ഘട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി സെൻസസ് ഡാറ്റ ശേഖരിക്കും. സെൻസസ് ആവശ്യത്തിനായി തയ്യാറാക്കിയ എച്ച് എൽ ഒ മൊബൈൽ ആപ്പ് എല്ലാ എന്യൂമറേറ്റര്‍മാർക്കും സൂപ്പർവൈസർമാർക്കും പരമാവധി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ലളിതവും സൗകര്യപ്രദവും ഉപയോക്തൃ സൗഹൃദവുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്യൂമറേറ്റര്‍മാർക്ക് ഫീൽഡിലേക്ക് ഭാരമേറിയ ഷെഡ്യൂളുകൾ കൊണ്ടുപോകേണ്ടതില്ലാത്തതിനാൽ അവർക്ക് കൂടുതൽ സ്വാതന്ത്ര്യവും സഞ്ചാരസൗകര്യവും ലഭിക്കും. സെൽഫ്-എന്യൂമറേഷൻ നടത്തിയ സെൻസസ് വീടിന്‍റെ റെക്കോര്‍ഡുകള്‍ ലഭ്യമാക്കുന്നതിനും ആവശ്യാനുസരണം അവ എഡിറ്റ് ചെയ്യുന്നതിനും ആപ്പ് സൗകര്യം നൽകുന്നു. കൂടാതെ, ഡിജിറ്റൽ ഡാറ്റ ശേഖരണം വർക്കിംഗ് ഷീറ്റ്, സംക്ഷിപ്ത പട്ടികകൾ, മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങൾ എന്നിവ തയ്യാറാക്കുന്ന ജോലിഭാരം കുറക്കുക വഴി സമയവും പരിശ്രമവും ലാഭിക്കുന്നു.
2027 സെൻസസിൻ്റെ സവിശേഷതയായി, ഇത്തവണ നമുക്ക് സ്വന്തമായി നമ്മുടെ കുടുംബത്തിന്റെ വിവരങ്ങൾ അതിനായി നൽകിയിരിക്കുന്ന https://se.census.gov.in എന്ന പോർട്ടലിൽ സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിക്കാവുന്നതാണ്. ഈ സമീപനം വ്യക്തികൾക്ക് വെബ് പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ സുരക്ഷിതമായി സമർപ്പിക്കാന്‍ അവസരമൊരുക്കുന്നു. ജോലി, ബിസിനസ്സ് അല്ലെങ്കിൽ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ദിവസം മുഴുവൻ വീടുകളിൽ നിന്ന് മാറിനിൽക്കേണ്ടിവരുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇത് കൂടുതൽ സഹായകമാകുന്നു. എന്യൂമറേറ്റര്‍ സെൽഫ്- എന്യൂമറേഷൻ നടത്തിയ ഡാറ്റ സമർപ്പിക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടതുണ്ട്.
സെൻസസിന്‍റെ ആദ്യ ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ലക്ഷദ്വീപിൽ ഇപ്പോൾ (ഏപ്രിൽ 16 മുതൽ മെയ് 15 വരെ )നടന്നു വരികയാണ്. വിവര ശേഖരണത്തിനായി അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർ ഇപ്പോൾ വീടുകൾ സന്ദർശിച്ച് വരികയാണ്. വീടുകളുടെ 33 വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കുന്നത്. ലക്ഷദ്വീപിൽ സെൽഫ്-എന്യൂമറേഷൻ കാലാവധി 2026 ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെ ആയിരുന്നു.
കേരളത്തിൽ സെൽഫ് എന്യൂമറേഷൻ കാലാവധി ജൂൺ 16 മുതൽ 30 വരെ ആണ്. വിവര ശേഖരണത്തിനായി അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർ ജൂലൈ 1 മുതൽ 30 വരെ വീടുകൾ സന്ദർശിക്കും.
ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സെൻസസ് എന്ന നിലയിൽ ഈ സെൻസസ് അതുല്യവും ശ്രദ്ധേയവുമാണ്.
വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും വീടുകളുടെ സെന്‍സസിനുമുളള ചോദ്യങ്ങൾ ഇവയാണ്:
ചോദ്യം.1: കെട്ടിടനമ്പര്‍
ചോദ്യം.2: വീടിന്‍റെ നമ്പര്‍
ചോദ്യം.3: വീടിന്‍റെ നിലത്തിനുപയോഗിച്ച പ്രധാന സാമഗ്രി
ചോദ്യം.4: വീടിന്‍റെ ഭിത്തിക്കുപയോഗിച്ച പ്രധാന സാമഗ്രി
ചോദ്യം.5: വീടിന്‍റെ മേൽക്കൂരക്കുപയോഗിച്ച പ്രധാന സാമഗ്രി
ചോദ്യം.6: വീടിന്‍റെ ഉപയോഗം ചോദ്യംദിച്ചറിയുക
ചോദ്യം.7: വീടിന്‍റെ അവസ്ഥ
ചോദ്യം.8: കുടുംബത്തിന്‍റെ നമ്പര്‍
ചോദ്യം.9: ഈ കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
ചോദ്യം.10: കുടുംബനാഥന്‍റെ/നാഥയുടെ പേര്
ചോദ്യം.11: ലിംഗഭേദം
ചോദ്യം.12: പട്ടികജാതിയോ പട്ടികവര്‍ഗമോ മറ്റുള്ളവരോ
ചോദ്യം.13: ഈ വീടിന്‍റെ ഉടമസ്ഥത
ചോദ്യം.14: താമസിക്കുവാൻ ഈ കുടുംബത്തിനു മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം
ചോദ്യം.15: ഈ കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം
ചോദ്യം.16: കുടിവെള്ളത്തിന്‍റെ പ്രധാന സ്രോതസ്സ്
ചോദ്യം.17: കുടിവെള്ള സ്രോതസ്സിന്‍റെ ലഭ്യത
ചോദ്യം.18: വെളിച്ചത്തിന്‍റെ പ്രധാന സ്രോതസ്സ്
ചോദ്യം.19: കക്കൂസിന്‍റെ ലഭ്യത
ചോദ്യം.20: കക്കൂസിന്‍റെ തരം.
ചോദ്യം.21: അഴുക്കുവെള്ളക്കുഴല്‍ ബന്ധിപ്പിച്ചിട്ടുള്ളത്.
ചോദ്യം.22: പരിസരത്ത് ലഭ്യമായ കുളിയ്ക്കുവാനുള്ള സൗകര്യം
ചോദ്യം.23: അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്‍റെയും ലഭ്യത
ചോദ്യം.24: പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
ചോദ്യം.25: റേഡിയോ/ട്രാന്‍സിസ്റ്റര്‍
ചോദ്യം.26: ടെലിവിഷന്‍
ചോദ്യം.27: ഇന്‍റര്‍നെറ്റിന്‍റെ ലഭ്യത
ചോദ്യം.28: ലാപ്ടോപ് /കമ്പ്യൂട്ടര്‍
ചോദ്യം.29: ടെലിഫോണ്‍, മൊബൈല്‍ഫോണ്‍/സ്മാര്‍ട്ട്ഫോണ്‍
ചോദ്യം.30: സൈക്കിള്‍, സ്കൂട്ടര്‍/മോട്ടോര്‍സൈക്കിള്‍/മോപ്പഡ്
ചോദ്യം.31: കാര്‍/ജീപ്പ്/വാന്‍
ചോദ്യം.32: കുടുംബത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം
ചോദ്യം.33: മൊബൈല്‍ നമ്പര്‍.
വിവര ശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർ വീടുകൾ സന്ദർശിക്കുമ്പോൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണെന്ന് മനസ്സിലാക്കി ശരിയായ വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

