കേരളത്തില്‍നിന്നും ജര്‍മ്മനിയിലേയ്ക്ക് നഴ്സിംങ്, പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍, വിദഗ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ റിക്രൂട്ട്മെന്റിനായി ആഗോള തലത്തില്‍ വിഖ്യാതമായ ജര്‍മ്മനിയിലെ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കരാറിലായി. ഹെഡ് ഓഫ് ഷാരിറ്റെ ഇന്റഗ്രേഷന്‍ മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നാഗി സലാസും (Nagi Salaz) നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിലാണ് കരാര്‍ കൈമാറിയത്.
തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഷാരിറ്റെ ഇന്റഗ്രേഷന്‍ മാനേജര്‍ തോമസ് ഗ്രോസെ, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, മറ്റ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു. കരാറിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന നടപടികള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതോടൊപ്പം സൗജന്യ ജര്‍മന്‍ ഭാഷാപരിശീലനം, സാംസ്കാരിക-ഇന്റഗ്രേഷന്‍ പരിശീലനം, പരിശീലന കാലയളവില്‍ സൗജന്യ താമസം, ഭക്ഷണം എന്നിവയും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്നുള്ള 100 നഴ്സുമാരുടെ ടാലന്റ് പൂള് രൂപീകരിക്കാനാണ് ഷാരിറ്റെ പദ്ധതിയിടുന്നത്.
അത്യാധുനിക ചികിത്സ, മെഡിക്കല്‍ ഗവേഷണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകപ്രശസ്തമാണ് മൂന്നു നൂറ്റാണ്ടിലേറെ പാരമ്പര്യവും നോബല്‍ ജേതാക്കളുടെ പൈതൃകവുമുളള ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. മെഡിസിന്, ഡെന്റിസ്ട്രി, നഴ്സിംഗ് മേഖലകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. കാന്‍സര്‍, ഹൃദ്രോഗ ചികിത്സ, ന്യൂറോളജി, അപൂര്‍വ രോഗങ്ങള്‍ തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി മേഖലകളില്‍ ലോകോത്തര സേവനമാണ് ഷാരിറ്റെ നല്‍കുന്നത്. കേരളത്തില്‍ നിന്നുളള 300 ലധികം നഴ്സുമാര്‍ നിലവില്‍ ജോലിചെയ്യുന്നുണ്ട്. 2026 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന് 2028 മേയ് 31 വരെ കാലാവധിയുണ്ടാകും.


