‘ഖേത് ബച്ചാവോ അഭിയാൻ’ (കൃഷിയിട സംരക്ഷണ പ്രചാരണം) വെറുമൊരു ബോധവത്കരണ പരിപാടി മാത്രമല്ല, മറിച്ച് കൃഷിയിടങ്ങളേയും കർഷകരേയും ഗ്രാമങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമഗ്ര ദേശീയ പ്രചാരണ പരിപാടിയാക്കി മാറ്റണമെന്ന സന്ദേശം കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പങ്കുവെച്ചു.
ഈ പ്രചാരണ പരിപാടിയുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാസവളങ്ങളുടെ സന്തുലിതവും വിവേകപൂർണ്ണവുമായ ഉപയോഗം, കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കണക്കിലെടുത്ത് കർഷകർക്ക് സമയബന്ധിതമായ നിർദ്ദേശങ്ങൾ നല്കൽ, പഞ്ചായത്ത് തലത്തിലുള്ള സജീവ പങ്കാളിത്തം, വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേരിട്ട് ഗ്രാമങ്ങളിൽ എത്തിക്കൽ എന്നിവയിലായിരിക്കും ഈ പ്രചാരണ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ‘ഖേത് ബച്ചാവോ അഭിയാൻ’ ഫലപ്രദവും ഫലപ്രാപ്തിയുള്ളതുമാക്കുന്നതിന്, കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിലും, ചെലവുകൾ സന്തുലിതമാക്കുന്നതിലും, കർഷകർക്ക് സമയബന്ധിതവും ശരിയായതുമായ മാർഗ്ഗനിർദ്ദേശം നല്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. ഈ പ്രചാരണ പരിപാടി മുകളിൽ നിന്ന് താഴേക്ക് നടപ്പിലാക്കുന്ന രീതിയിലായിരിക്കില്ല പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പകരം, പഞ്ചായത്ത് തലം മുതൽ സംസ്ഥാന-കേന്ദ്ര തലങ്ങൾ വരെയുള്ള പങ്കാളിത്തം ഇതിൽ ഉറപ്പാക്കും.
രാസവളത്തിൻ്റെ അനിയന്ത്രിതമായ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതായിരിക്കും ഈ പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് യോഗത്തിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഊന്നിപ്പറഞ്ഞു. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളങ്ങളും മറ്റ് കാർഷിക ഉപാധികളും സന്തുലിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കർഷകരിൽ അവബോധം വളർത്തുക, പച്ചിലവളങ്ങൾ, ജൈവവളങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംയോജിത പോഷക മാനേജ്മെൻ്റിൻ്റെ തത്സമയ പ്രദർശനങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
വരും ദിവസങ്ങളിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത് കർഷകർക്ക് പ്രായോഗിക നിർദ്ദേശങ്ങൾ നല്കുമെന്ന് കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, അനുയോജ്യമായ വിളകൾ, വിള വൈവിധ്യവൽക്കരണം, ജലക്ഷാമമോ മറ്റ് പ്രതിസന്ധികളോ ഉള്ള സാഹചര്യങ്ങളിലെ കൃഷിരീതികൾ എന്നിവയെക്കുറിച്ച് കർഷകർക്ക് ഫലപ്രദമായ നിർദ്ദേശങ്ങൾ നല്കും. വെറുമൊരു സന്ദേശം എത്തിക്കുക എന്നത് മാത്രമല്ല, കൃഷിയിടങ്ങളിലെ സാഹചര്യത്തിനനുസരിച്ച് കർഷകർക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നല്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
പഞ്ചായത്ത് തലത്തിൽ ഈ പ്രചാരണ പരിപാടിക്ക് ശക്തമായ അടിത്തറ പാകുമെന്നും യോഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. കാർഷിക യന്ത്രവൽക്കരണ ഉപകരണങ്ങളുടെ വിതരണവും, വിവിധ പദ്ധതികളുടേയും സർക്കാർ പരിപാടികളുടേയും ആനുകൂല്യങ്ങളും പഞ്ചായത്ത് തലത്തിൽ ഈ പ്രചാരണ പരിപാടിയുടെ കീഴിൽ ഉൾപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
ഈ പ്രചാരണ പരിപാടി വകുപ്പ് തലത്തിലുള്ള പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ശ്രീ ചൗഹാൻ പറഞ്ഞു. ഇതൊരു ഭരണ പരിപാടി എന്ന പരിധിക്കപ്പുറം പൊതുജന പങ്കാളിത്തത്തിൻ്റെ ശക്തമായ മാതൃകയായി മാറുന്നതിന് സംസ്ഥാന മുഖ്യമന്ത്രിമാരോട് സഹകരണം അഭ്യർത്ഥിക്കുകയും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്യും. ഈ സമീപനം പ്രചാരണ പരിപാടിയുടെ തുടക്കം മുതൽ തന്നെ അതിന് രാഷ്ട്രീയവും സാമൂഹികവും പ്രാദേശികവുമായ ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളുടേയും പ്രധാന കോർഡിനേറ്റർമാരായി കെവികെ-കൾക്ക് ചുമതല നല്കിയിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. 1600-ലധികം ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. അമിതമായി രാസവളം ഉപയോഗിക്കുന്ന നൂറ് ജില്ലകൾക്കായി മൊത്തം 500 ടീമുകളാണ് രൂപീകരിച്ചിരിക്കുന്നത്. ഈ ടീമുകളിൽ കെവികെ-കൾ, ഐസിഎആർ സ്ഥാപനങ്ങൾ, എഐസിആർപി കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ഉൾപ്പെടും. കൂടാതെ, ഐസിഎആർ സ്ഥാപനങ്ങളിൽ നിന്നും കെവികെ-കളിൽ നിന്നുമുള്ള 1150-ലധികം ബഹുമുഖ വിഷയ സംഘങ്ങളും ഇതോടൊപ്പം ഒരേസമയം പ്രവർത്തിക്കും.
ഈ പ്രചാരണ പരിപാടി വളം കൈകാര്യം ചെയ്യുന്നതിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് ശ്രീ ശിവരാജ് സിംഗ് പറഞ്ഞു. വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും കൃഷിയിടങ്ങളിലേക്ക് എത്തിക്കും. കിസാൻ ക്രെഡിറ്റ് കാർഡ്, പിഎം-കിസാൻ എന്നിവയുടെ ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്താക്കളെ ഇതിലേക്ക് ബന്ധിപ്പിക്കൽ, പയർവർഗ്ഗ-എണ്ണക്കുരു ദൗത്യം, ഓയിൽ പാം പദ്ധതി, പരുത്തി ദൗത്യം, സന്തുലിത പോഷണം, മണ്ണിൻ്റെ ആരോഗ്യം, ജലസംരക്ഷണം, ഓരോ പ്രദേശത്തിനും അനുയോജ്യമായ കാർഷിക നിർദ്ദേശങ്ങൾ എന്നിവയെയെല്ലാം സംയോജിപ്പിച്ചുള്ള ഈ സമീപനം പ്രചാരണ പരിപാടിയെ ബഹുമുഖവും ഫലപ്രദവുമാക്കും.
ഈ പ്രചാരണ പരിപാടിയുടെ വിജയത്തിൽ മുഖ്യമായത്, അതിലൂടെ നല്കുന്ന സന്ദേശം പ്രായോഗികവും കൃഷിയിടങ്ങളിൽ ദൃശ്യമാകുന്നതുമാകണം എന്നതും പ്രാദേശിക സംവിധാനങ്ങൾ ഇതിലേക്ക് ബന്ധപ്പെട്ടിരിക്കണം എന്നതുമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുറഞ്ഞതും സന്തുലിതവുമായ വളപ്രയോഗം, കാലാവസ്ഥയ്ക്കനുസരിച്ചുള്ള കൃഷി രീതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ, പഞ്ചായത്ത് തലത്തിലുള്ള സജീവമായ പ്രവർത്തനം, യന്ത്രസാമഗ്രികളുടേയും പദ്ധതികളുടേയും പ്രയോജനങ്ങൾ ഉൾപ്പെടുത്തൽ, ജനപ്രതിനിധികളുടെ പങ്കാളിത്തം എന്നിവയാണ് പ്രചാരണ പരിപാടിയിലുടനീളം പ്രത്യേകം ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ. പ്രചാരണ പരിപാടിയുടെ ദിശാബോധം തികച്ചും വ്യക്തമാണ്: കൃഷിയിടങ്ങൾ സംരക്ഷിക്കുക, ചെലവുകൾ നിയന്ത്രിക്കുക, മണ്ണിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കർഷകരെ ബോധവത്കരിക്കുക, ഗ്രാമതലത്തിൽ കാർഷിക മാനേജ്മെൻ്റിൻ്റെ ഒരു പുതിയ സംസ്കാരം വികസിപ്പിക്കുക എന്നിവയാണവ.

