സംസ്ഥാനത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ.
സംസ്ഥാനത്ത് ആലപ്പുഴ, ആറന്മുള ഭാഗത്ത് 123 പേർക്ക് രോഗം വന്നതായാണ് റിപ്പോർട്ട്. കോഴിക്കോട്ട് മൂന്ന് കുട്ടികൾക്കും രോഗം ബാധിച്ചു. ഈ സാഹചര്യത്തിൽ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കും. ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നാണ് നിയമം. എന്നാൽ പലരും ആ രീതി അവലംബിക്കുന്നില്ല.
സാധാരണ വെള്ളം കൊടുത്താൽ ഇതിൽ രോഗത്തിന്റെ ബാക്ടീരിയ കലരാൻ സാധ്യത ഉണ്ട്. അതിനാൽ ക്ളോറിൻ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിലർക്ക് ക്ലോറിന്റെ മണവും സ്വാദുമൊന്നും പിടിക്കുന്നില്ല എന്ന് പറയുന്നു. പക്ഷെ അത് ചെയ്തേ മതിയാകൂ. ഇല്ലെങ്കിൽ ഈ രോഗം നിപ പോലെ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.
ആലപ്പുഴയിലും ആറന്മുളയിലുമൊക്കെ കണ്ട രോഗമാണ് ഇപ്പോൾ കോഴിക്കോട്ടെത്തിയത്. ചില പ്രദേശങ്ങളിൽ മൽസ്യമൊക്ക ഇട്ടുവക്കാൻ സൂക്ഷിക്കുന്ന ഐസ് കുടിക്കാനുള്ള വെള്ളത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഹോട്ടലുകൾ പ്രത്യേകിച്ച് വൃത്തിഹീനമായ തട്ടുകടകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ല.
വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ സാമ്പിൾ, വെള്ളം എന്നിവ പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണം. കോഴിക്കോട്ട് മൂന്ന് കുട്ടികളെയാണ് രോഗം ബാധിച്ച് ആശുപത്രിയിലെത്തിച്ചത്. ഇതിൽ 10 വയസ്സുള്ള ദേവനന്ദ എന്ന കുട്ടിയും രണ്ട് വയസ്സുകാരൻ ആദം അൽഹാനും രോഗം മാറി ആശുപത്രി വിട്ടു.
തലക്കുളത്തൂരിലെ നിള എന്ന നാലുവയസ്സുകാരിയാണ് മരണപ്പെട്ടത്. വയനാട് ജില്ലയിലെ സ്കൂളിലെ 164 കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായത് ഭയാശങ്കകൾക്കിടയാക്കിയെങ്കിലും പ്രാഥമിക റിപ്പോർട്ട് പ്രകാരം ഷിഗല്ലയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിന് കുഴപ്പമില്ല. കിണർ വെള്ളത്തിന്റെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു: മന്ത്രി
ആരോഗ്യമേഖലയെ സംബന്ധിച്ച് ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി മന്ത്രി. കേരളത്തിലെ ആരോഗ്യരംഗം സ്വകാര്യവൽക്കരിക്കുന്നുവെന്ന് ഗവണ്മെന്റ് നഴ്സസ് അസോസിയേഷന്റേതായി പ്രസ്താവന കണ്ടു. ഒരു ജനാധിപത്യ ഗവണ്മെന്റിനു അങ്ങനെ ചിന്തിക്കാനാകുമോ. താൻ പറഞ്ഞത് പ്രധാന സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ആശുപത്രികൾ നവീകരിക്കാം എന്നാണ്. അല്ലാതെ ഇപ്പോഴത്തെ ധവളപത്രം റിപ്പോർട്ട് വച്ച്, സർക്കാർ കെട്ടിടം പണിയുന്നതിന് സാമ്പത്തിക പരിമിതിയുണ്ടാകും.
ഒന്നാമത് ഡോക്ടർമാരുടെ അനുപാതം കൂട്ടണം. അതിന് ചെലവ് വരും. കോടികൾ പലർക്കും കൊടുക്കാനുണ്ട്. അത് കൊടുക്കണം. അതിന്റെ കൂടെ സർക്കാർ കെട്ടിടം പണിയാൻ ചില്ലറ പ്രയാസമല്ല. അതിനാലാണ് സി എസ് ആർ ഫണ്ട് ഉപയോഗിക്കേണ്ടി വരുമെന്ന് പറഞ്ഞത്. അതുപോലെ ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ചും വ്യാജ വാർത്ത വന്നു. അത് സ്വകാര്യ ആശുപത്രികളിലാണ് നടപ്പാക്കുകയെന്നാണ് വന്നത്. അത് എങ്ങനെ നടപ്പാക്കണമെന്ന് യുഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടുപോലുമില്ലെന്നും മന്ത്രി പറഞ്ഞു.

