പ്രണയിച്ച പെൺകുട്ടിയെ ജീവിത സഖിയാക്കുവാൻ ആചാരങ്ങളും അനുഷ്ടാനങ്ങളും തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് വെട്ടിക്കോട് തോട്ടത്തിൽ ഇല്ലത്തിൽ ഉഷ, വിദ്യാനന്ദൻ നമ്പൂതിരി ദമ്പതികളുടെ മകൻ അനന്തകൃഷ്ണൻ.

കോമല്ലൂർ വെട്ടത്തുപറമ്പിൽ പ്രിയ മറിയം പ്രസാദായിരുന്നു വധു. ലണ്ടനിൽ ജോലി ചെയ്തിരുന്ന ഇവർ ഇരു കുടുംബങ്ങളുടെയും അനുമതിയോടെ കറ്റാനം സബ് രജിസ്ട്രാറിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി.

മതം വിശ്വാസം വ്യക്തിപരമാണെന്നും അത് തങ്ങളുടെ കുടുബ ജീവിതത്തെ ബാധിക്കില്ലെന്നും അവർ പറഞ്ഞു, ആചാരങ്ങളും അനുഷ്ടാനങ്ങളുമനുസരിച്ച് വീട്ടിലേക്ക് പോകാതെ അവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടിയെത്തിയത് അടൂർ പള്ളിക്കൽ മഹാത്മ ജനസേവന കേന്ദ്രം അഗതി മന്ദിരത്തിലേക്കാണ്.

 

മുൻകൂർ അറിയിച്ചിരുന്നതിനാൽ ഇവിടെ ഒരുക്കിയ വിവാഹസദ്യ അവർ കൂടി ചേർന്ന് അന്തേവാസികൾക്ക് വിളമ്പി നല്കുകയും അവരോടൊപ്പമിരുന്ന് ആഹാരം കഴിക്കുകയും ചെയ്തു. വിവാഹ ചെലവുകൾക്കായ് നീക്കിവച്ച തുക അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് അന്നദാനത്തിനായി നല്കിയ ശേഷമാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.

 

പണം ചെലവഴിച്ചുള്ള ആർഭാടങ്ങളിൽ യാതൊരു താത്പര്യവുമില്ലെന്നും ജീവിതം തെരഞ്ഞെടുക്കേണ്ടതും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടതും ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ജീവിതം മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാക്കാർ നമ്മൾ ശ്രമിക്കണമെന്നും വധു വരൻമാർ പറഞ്ഞു