കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയതലത്തിൽ നടപ്പാക്കുന്ന ‘ഖേത് ബച്ചാവോ അഭിയാനിന്റെ’ ഭാഗമായി സിഎംഎഫ്ആർഐയിൽ നടന്ന ബോധവൽകരണ പരിപാടിയിൽ 200ലേറെ കർഷകർ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.

രാസവളങ്ങളോടുള്ള അമിത പ്രിയം മണ്ണിന്റെ സ്വാഭാവിക പോഷകഘടനയെ ബാധിക്കും. ജല-വായു മലിനീകരണത്തിനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കടുത്ത പരിസ്ഥിതി നാശത്തിനും കാരണമാകും. അമിത രാസവളപ്രയോഗത്തിലൂടെയുണ്ടാകുന്ന പോഷക ചോർച്ച ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറഞ്ഞു
മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് സിഎംഎഫ്ആർഐ. വികസിപ്പിച്ചെടുത്ത ജൈവ ഉൽപന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. കടൽപായലുകളിൽ നിന്ന് നിർമ്മിച്ച ബയോ-ഫെർട്ടിലൈസറുകൾ, ബയോസ്റ്റിമുലന്റുകൾ, മത്സ്യമാലിന്യങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ‘ഫിഷ്ലൈസർ’ എന്ന ജൈവവളം, ജൈവമാലിന്യ സംസ്‌കരണത്തിനുള്ള പട്ടാളപുഴു അധിഷ്ടിത സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം പരിചയപ്പെടുത്തി.
ഇത്തരം ജൈവസംരംഭങ്ങൾ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും, സുസ്ഥിരമായ പ്രകൃതിദത്ത കൃഷിരീതികൾക്കും പ്രയോജനകരമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിഎംഎഫ്ആർഐ. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്ജ് പറഞ്ഞു.

ജൈവമാലിന്യ സംസ്‌കരണത്തിന് പുറമെ, പട്ടാളപുഴുവിനെ ഉപയോഗിച്ച് മത്സ്യത്തീറ്റ നിർമിക്കുന്ന രീതിയും കർഷകർക്ക് പരിചയപ്പെടുത്തി.

ദേശീയതല കാമ്പയിനിന്റെ ഭാഗമായി മണ്ണും ജലസമ്പത്തും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ കേരളത്തിലെ മുപ്പതോളം കൃഷിഗ്രാമങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 12 ജില്ലകളിലായി ആയിരത്തി അഞ്ഞൂറിലധികം കർഷകരെ ബോധവൽകരിക്കാനായെന്ന് ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ഡോ. കാർത്തിക കെ.എസ്., ഡോ സനൽ എബ്നേസർ, ഡോ വിദ്യ ആർ എന്നിവർ സംസാരിച്ചു.