വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ ജൂലൈ 13 ന് വൈകിട്ടോടെ മുംബൈയിലും തുടര്‍ന്ന് നാട്ടിലുമെത്തിക്കും. ജൂലൈ 11 നാണ് ഇന്ത്യയില്‍ നിന്നുളള 32 വിനോദസഞ്ചാരികളും നാലു ജീവനക്കാരുമായി പോയ ബോട്ട് വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപം അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി.

വിയറ്റ്നാം ബോട്ട് ദുരന്തം: ബന്ധുക്കളെ സന്ദർശിച്ച് ആശ്വസിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി

കൊല്ലം / കൊട്ടാരക്കര : വിയറ്റ്നാമിൽ ഉണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ മരണമടഞ്ഞ കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാർക്കറ്റ് ജംഗ്ഷൻ, കൊട്ടാരക്കര, ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ വസതിയിലെത്തി കൊടിക്കുന്നിൽ സുരേഷ് എം.പി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ എം.പി, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി നേരിട്ട് ബന്ധപ്പെടുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതായി അറിയിച്ചു. വിയറ്റ്നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നു.

അപകടത്തിൽ മരണമടഞ്ഞ 15 ഇന്ത്യൻ പൗരന്മാരുടെയും മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചതായി ഇന്ത്യൻ എംബസി എം.പിയെ അറിയിച്ചു. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റും നിരന്തരം ഏകോപനം നടത്തി നടപടികൾ വേഗത്തിലാക്കുകയാണെന്നും അവർ വ്യക്തമാക്കി.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ പൂർത്തിയാകുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ എംബസിയുമായും തുടർച്ചയായി ബന്ധപ്പെട്ടു ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി.

അപകടത്തിൽ മരിച്ചവർക്ക് എം.പി ആദരാഞ്ജലി അർപ്പിക്കുകയും ദുഃഖിതരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിക്കുകയും ചെയ്തു.