BUSINESS100NEWS.COM; നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ഐടിബിപി, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം ചേർന്നു. ജൂലൈ 15-ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വിളിച്ചുചേർക്കുന്ന ഉന്നതതല യോഗത്തിന് മുന്നോടിയായാണ് ഐടിബിപി ക്യാമ്പിൽ യോഗം സംഘടിപ്പിച്ചത്.

കേന്ദ്രീയ വിദ്യാലയത്തിന് ആവശ്യമായ അഞ്ച് ഏക്കർ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. നിലവിൽ ലഭ്യമായ 3.29 ഏക്കർ ഭൂമിയോട് ചേർന്നുള്ള 1.71 ഏക്കർ കൂടി ഉൾപ്പെടുത്തി അഞ്ച് ഏക്കർ ഒറ്റഭൂമിയായി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് ആവശ്യമായ റിപ്പോർട്ടും റവന്യൂ രേഖകളും മന്ത്രി തല യോഗത്തിൽ സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.പി. നിർദേശം നൽകി.

നേരത്തെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിനെ തുടർന്ന് പിണറായി സർക്കാർ അധികഭൂമി അനുവദിച്ചിരുന്നെങ്കിലും, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (CPWD) നടത്തിയ സാങ്കേതിക പരിശോധനയിൽ അനുവദിച്ച സ്ഥലത്തിന്റെ ഭൂരിഭാഗം ചതുപ്പുനിലമാണെന്നും കേന്ദ്രീയ വിദ്യാലയ നിർമാണത്തിന് അനുയോജ്യമല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സ്ഥലസാധ്യതകൾ പരിശോധിച്ച് വിദ്യാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന അഞ്ച് ഏക്കർ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ബുധനാഴ്ച നടക്കുന്ന മന്ത്രി തല യോഗത്തിൽ അധികഭൂമി ലഭ്യമാക്കുന്നതിനുള്ള ഇൻ-പ്രിൻസിപ്പൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. അനുമതി ലഭിച്ചാൽ ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കി കേന്ദ്രീയ വിദ്യാലയം അധികൃതർക്ക് അന്തിമ നിർദേശം സമർപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാകുന്നത് കേന്ദ്രസേനാംഗങ്ങളുടെ മക്കൾക്കും പ്രദേശത്തെ വിദ്യാർത്ഥികൾക്കും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാൻ സഹായകരമാകുമെന്നും എം.പി. അഭിപ്രായപ്പെട്ടു.

യോഗത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ., ഐടിബിപി ഡെപ്യൂട്ടി കമാൻഡന്റ് ലിയോ മാത്യു കുര്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ അജയ്, മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്ണൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ലൈജു, ലെപ്രസി സാനറ്റോറിയം ആശുപത്രി സൂപ്രണ്ട് ഡോ. കോശി സി. പണിക്കർ, മറ്റ് ഐടിബിപി, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.