കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം വിതുരയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ തിരുവനന്തപുരം) 14-ാമത് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. നിതി ആയോഗ് അംഗവും കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് (DST) മുൻ സെക്രട്ടറിയുമായ പ്രൊഫ. അഭയ് കരന്ദികർ മുഖ്യാതിഥിയായി പങ്കെടുത്തു.

ബിരുദം നേടിയ വിദ്യാർഥികളോട് ജീവിതകാലം മുഴുവൻ പഠനം തുടരുന്നവരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും പുരോഗതിക്കായി ശാസ്ത്ര-സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോൾ മികവ്, സത്യനിഷ്ഠ, സേവന മനോഭാവം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡീപ് – ടെക് രംഗത്ത് ഇന്ത്യ ആഗോള ശക്തിയായി ഉയർന്നുവരുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദേശീയ ക്വാണ്ടം മിഷൻ (National Quantum Mission), ഇന്ത്യ എഐ മിഷൻ (IndiaAI Mission), ഇന്ത്യ സെമികണ്ടക്ടർ മിഷൻ (India Semiconductor Mission), ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ (National Supercomputing Mission), ബയോഇ3 നയം (BioE3 Policy), ഗ്രീൻ ഹൈഡ്രജൻ മിഷൻ (Green Hydrogen Mission), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (Anusandhan National Research Foundation) തുടങ്ങിയ പരിവർത്തനാത്മക ദേശീയ പദ്ധതികൾ യുവ ഗവേഷകർക്കും നൂതനാശയകാർക്കും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നതായി പറഞ്ഞു. നിർമിത ബുദ്ധി ശാസ്ത്രീയ കണ്ടെത്തലുകളുടെ സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോഴും, മനുഷ്യന്റെ ജിജ്ഞാസ, സർഗാത്മകത, ധാർമിക വിവേകം, സത്യനിഷ്ഠ എന്നിവയ്ക്ക് പകരം വയ്ക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം പുലർത്താനും, ധൈര്യത്തോടെ മികവ് പിന്തുടരാനും, കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഭാവി മനുഷ്യരാശിക്കായി സൃഷ്ടിക്കുന്നതിന് തങ്ങളുടെ അറിവ് പ്രയോജനപ്പെടുത്താനും അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു.

ബോർഡ് ഓഫ് ഗവർണേഴ്സ് അധ്യക്ഷ ഡോ. വിജയലക്ഷ്മി ദേശ്മാനെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ മികവ്, ജിജ്ഞാസ, സത്യനിഷ്ഠ, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. നിർമിത ബുദ്ധി, ജൈവസാങ്കേതികവിദ്യ, ക്വാണ്ടം സാങ്കേതികവിദ്യകൾ, ശുദ്ധ ഊർജം എന്നീ മേഖലകളിലെ അതിവേഗ മുന്നേറ്റങ്ങൾ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ആഗോള വെല്ലുവിളികൾക്ക് ധാർമികവും സുസ്ഥിരവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ യുവ ശാസ്ത്രജ്ഞർക്ക് നിർണായക പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. ശാസ്ത്രവിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ഐസർ തിരുവനന്തപുരം കൈവരിച്ചുകൊണ്ടിരിക്കുന്ന മികവിനെയും അവർ പ്രശംസിച്ചു.

ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. എസ്. മൂർത്തി ശ്രീനിവാസുല കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥാപനം കൈവരിച്ച പ്രധാന അക്കാദമിക, ഗവേഷണ, സ്ഥാപന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഗവേഷണം, നവീകരണം, അക്കാദമിക മികവ് എന്നീ മേഖലകളിൽ സ്ഥാപനം കൈവരിച്ച ശ്രദ്ധേയമായ പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 29 കോടി രൂപയുടെ 51 ബാഹ്യ ധനസഹായ ഗവേഷണ പദ്ധതികൾ സ്ഥാപനം നേടിയതായും അദ്ദേഹം അറിയിച്ചു. നവീകരണം, സംരംഭകത്വം, ഇന്റർ ഡിസിപ്ലിനറി ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നവേഷൻ, ഇൻക്യുബേഷൻ ആൻഡ് സ്റ്റാർട്ടപ്പ്സ് (CIIS), സെന്റർ ഓഫ് എക്സലൻസ് ഇൻ എനർജി, സസ്റ്റെയിനബിലിറ്റി ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് എന്നീ പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങൾ ശാസ്ത്രവിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നെന്ന ഐസർ തിരുവനന്തപുരത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
മുഖ്യാതിഥി പ്രൊഫ. അഭയ് കരന്ദികറും ബോർഡ് ഓഫ് ഗവർണേഴ്സ് അധ്യക്ഷ ഡോ. വിജയലക്ഷ്മി ദേശ്മാനെയും ചേർന്ന് അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമഗ്ര മികവിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഗോൾഡ് മെഡലും അക്കാദമിക മികവിനുള്ള ഡയറക്ടറുടെ ഗോൾഡ് മെഡലും അനന്തകൃഷ്ണ പി. കരസ്ഥമാക്കി. പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച നേട്ടങ്ങൾ പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൾച്ചറൽ അവാർഡ് പാർഥ് മനോജിന് സമ്മാനിച്ചു.

210 ബി.എസ്.-എം.എസ്. വിദ്യാർഥികൾക്കും 58 പി.എച്ച്.ഡി. ഗവേഷകർക്കും 21 ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി. വിദ്യാർഥികൾക്കും 28 എം.എസ്. (റിസർച്ച്) വിദ്യാർഥികൾക്കും 6 ബി.എസ്.സി. വിദ്യാർഥികൾക്കും 78 എം.എസ്.സി. വിദ്യാർഥികൾക്കും ചടങ്ങിൽ ബിരുദങ്ങൾ നൽകി