കേന്ദ്ര മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ( 31/07/2026 )

84,084 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ‘സമുദ്ര മന്ഥൻ’ (ദേശീയ സമുദ്ര പര്യവേക്ഷണ പദ്ധതി) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

 

പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കേന്ദ്ര മേഖല പദ്ധതിയായ ‘സമുദ്ര മന്ഥൻ’ – ദേശീയ സമുദ്ര പര്യവേക്ഷണ പദ്ധതിക്ക് അംഗീകാരം നൽകി. 2030-31 സാമ്പത്തിക വർഷം വരെ നടപ്പിലാക്കുന്നതിനായി 84,084 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഇതിനായി അംഗീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വിശാലമായ ഓഫ്ഷോർ ഊർജ്ജ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി 2025-ലെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി പങ്കുവെച്ച ആധുനിക കാലത്തെ ‘സമുദ്ര മന്ഥനം’ എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ഈ പദ്ധതി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ആഭ്യന്തര പര്യവേക്ഷണവും ഉൽപ്പാദനവും ത്വരിതപ്പെടുത്തുന്നതിനും, സാങ്കേതിക നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനും, വികസിത ഭാരതം എന്ന കാഴ്ചപ്പാട് മുൻപോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്.

സമുദ്ര പര്യവേക്ഷണ മൂല്യശൃംഖലയിലുടനീളമുള്ള സമഗ്രമായ ഇടപെടലുകൾ ഈ പദ്ധതി ഉൾക്കൊള്ളുന്നു. ഉയർന്ന ഗുണനിലവാരമുള്ള സീസ്മിക് ഡാറ്റയുടെ വൻതോതിലുള്ള ശേഖരണം, പ്രൊസസിംഗ്, വ്യാഖ്യാനം, ആഴക്കടലിലും അതിലും അ​ഗാധമായ സ്ഥലങ്ങളിലും ത്വരിതപ്പെടുത്തിയ പര്യവേക്ഷണ ഡ്രില്ലിംഗ്, പുതിയ മേഖലകളിലെ ശാസ്ത്രീയ ഡ്രില്ലിംഗ്, പൊതുവായ സമുദ്രോപരി ഉൽപ്പാദന-വിതരണ അടിസ്ഥാന സൗകര്യ വികസനം, ഒരു സംയോജിത ഓയിൽ & ഗ്യാസ് മാനുഫാക്ചറിംഗ് ആൻഡ് സർവീസസ് സോണിന്റെ സ്ഥാപനം എന്നിവ പദ്ധതി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഡിജിറ്റൽ പ്രോഗ്രാം മാനേജ്‌മെന്റ്, ശേഷി വർദ്ധനവ്, സാങ്കേതികവിദ്യ സ്വീകരിക്കൽ, പങ്കാളികളുടെ ഇടപെടൽ, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം എന്നിവയ്ക്കുള്ള പ്രത്യേക വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ സമുദ്ര പര്യവേക്ഷണവും ഉൽപ്പാദനവും ത്വരിതപ്പെടുത്തുന്നതിന് ഒരു സംയോജിത ആവാസവ്യവസ്ഥ ഇത് സൃഷ്ടിക്കുന്നു.

600 മില്യൺ മെട്രിക് ടൺ ഓയിൽ ഇക്വവലന്റിന് (MMTOE) മുകളിലുള്ള കരുതൽ ശേഖര വർദ്ധനവിന് വഴിയൊരുക്കുക, സമുദ്ര പര്യവേക്ഷണ പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുക, ഉയർന്ന ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയ്ക്ക് കീഴിൽ തദ്ദേശീയ നിർമ്മാണം ശക്തിപ്പെടുത്തുക, സമുദ്ര സാങ്കേതികവിദ്യകൾക്കും സേവനങ്ങൾക്കുമായി ആഗോളതലത്തിൽ മത്സരശേഷിയുള്ള ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുക എന്നിവയാണ് ‘സമുദ്ര മന്ഥനി’ലൂടെ പ്രതീക്ഷിക്കുന്നത്. പര്യവേക്ഷണ, ഉൽപ്പാദന മൂല്യശൃംഖലയിലുടനീളം വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും, വ്യവസായം, നവീകരണം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിലേക്ക് കുതിക്കുമ്പോൾ, രാജ്യത്തിന്റെ ഓഫ്ഷോർ ഊർജ്ജ വിഭവങ്ങളെ പ്രയോജനപ്പെടുത്തുകയും, ദീർഘകാല ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും, സാങ്കേതിക ശേഷി വർദ്ധിപ്പിക്കുകയും, സാമ്പത്തിക രംഗത്തിനും ഭാവി തലമുറകൾക്കുമായി ശാശ്വതമായ മൂല്യം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പരിവർത്തനാത്മക ദേശീയ സംരംഭമാണ് സമുദ്ര മന്ഥൻ.

കഴിഞ്ഞ ദശകത്തിൽ, അപ്‌സ്ട്രീം മേഖലയിലുടനീളം ​ഗവൺമെൻ്റ് പരിവർത്തനാത്മകമായ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സമുദ്ര മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും പര്യവേക്ഷണത്തിനായി തുറന്നുകൊടുക്കൽ, നിയമനിർമ്മാണ, കരാർ ചട്ടക്കൂടുകൾ ആധുനികവൽക്കരിക്കൽ, നാഷണൽ ഡാറ്റാ റെപോസിറ്ററി ശക്തിപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പരിഷ്കാരങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട്, തന്ത്രപരമായ പൊതു നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യകൾ, ലോകോത്തര അടിസ്ഥാന സൗകര്യം എന്നിവയിലൂടെ സമുദ്ര പര്യവേക്ഷണ രംഗത്ത് വേഗതയേറിയ ഒരു പുതിയ യുഗത്തിന് സമുദ്ര മന്ഥൻ തുടക്കമിടും
———————————

2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 3.15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ പിഎം-കിസാൻ പദ്ധതി തുടരുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിലേക്കു തുടരുന്നതിന് അംഗീകാരം നൽകി. ഈ കാലയളവിൽ പദ്ധതിക്കായി മൊത്തം 3.15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വിഹിതത്തിനാണ് അംഗീകാരം നൽകിയത്.

കർഷകരുടെ ക്ഷേമമാണു രാജ്യത്തിന്റെ സമൃദ്ധിയുടെ അടിത്തറയെന്ന ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെയാണ് ഈ അംഗീകാരം എടുത്തുകാട്ടുന്നത്. പിഎം-കിസാൻ പദ്ധതിയിലൂടെ, അർഹരായ കർഷക കുടുംബങ്ങൾക്കു നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (DBT) വഴി കൃത്യസമയത്തും സുതാര്യമായും സാമ്പത്തിക സഹായം എത്തിക്കുന്നു. ഇതു കാർഷിക നിക്ഷേപം വർധിപ്പിക്കുന്നതിനും കർഷകരുടെ ഉപജീവനമാർഗം കൂടുതൽ ശക്തമാക്കുന്നതിനും സഹായിക്കുന്നു.

പിഎം-കിസാൻ: സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കർഷകക്ഷേമത്തിന്റെ മാതൃകാപരമായ വിജയം

2019 ഫെബ്രുവരിയിലാണു പിഎം-കിസാൻ പദ്ധതിക്കു തുടക്കമിട്ടത്. ഈ പദ്ധതിക്കു കീഴിൽ, അർഹരായ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്കു പ്രതിവർഷം 6,000 രൂപ മൂന്നു തുല്യഗഡുക്കളായി നേരിട്ടു ബാങ്ക് അക്കൗണ്ടുകളിലേക്കു ലഭ്യമാക്കുന്നു. ആധാർ അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ, ഡിജിറ്റൽ പരിശോധന, ശക്തമായ DBT സംവിധാനം എന്നിവയിലൂടെ സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്വം എന്നിവയിൽ മാതൃകാപരമായ ഉദാഹരണം സൃഷ്ടിക്കാൻ ഈ പദ്ധതിക്കു സാധിച്ചിട്ടുണ്ട്.

പിഎം-കിസാൻ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ:
• ഈ പദ്ധതിയിലൂടെ ഇതുവരെ 23 ഗഡുക്കളായി 4.47 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറി.
• 23-ാം ഗഡു, 9.49 കോടിയിലധികം കർഷകർക്കു പ്രയോജനപ്പെട്ടു. അതിലൂടെ 18,984 കോടിയിലധികം രൂപ വിതരണംചെയ്തു.
• കോവിഡ്-19 മഹാമാരിയുടെ സമയത്ത് കർഷകർക്കു സാമ്പത്തിക സഹായം നൽകുന്നതിനായി 1.71 ലക്ഷം കോടിയിലധികം രൂപ വിതരണംചെയ്തു.
• പിഎം-കിസാൻ പദ്ധതിക്കു കീഴിൽ വനിതാ കർഷകർക്ക് 1.06 ലക്ഷം കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്. നാലിൽ ഒരു ഗുണഭോക്താവ് വനിതയാണ്.

കാർഷിക നിക്ഷേപവും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിൽ നിർണായക പങ്ക്:
പിഎം-കിസാൻ പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം വിത്തുകൾ, വളങ്ങൾ, ജലസേചനം, കാർഷിക യന്ത്രങ്ങൾ, മറ്റു കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്കായി കൃത്യസമയത്തു നിക്ഷേപം നടത്താൻ കർഷകരെ പ്രാപ്തരാക്കി. ഇതു കർഷകരുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും, അനൗദ്യോഗിക വായ്പകളെ ആശ്രയിക്കുന്നതു കുറയ്ക്കുകയും, ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്തു.

സ്വതന്ത്ര മൂല്യനിർണയങ്ങളിലൂടെ സ്ഥിരീകരിച്ച ഗുണപരമായ സ്വാധീനം:
പിഎം-കിസാൻ പദ്ധതിയുടെ സ്വാധീനം വിവിധ സ്വതന്ത്ര സ്ഥാപനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. നിതി ആയോഗിന്റെ ഡെവലപ്‌മെന്റ് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസ് (DMEO) നടത്തിയ മൂല്യനിർണയം അനുസരിച്ച്:
• 92 ശതമാനത്തിലധികം ഗുണഭോക്താക്കളും അവർക്കു ലഭിച്ച സാമ്പത്തിക സഹായം കാർഷിക ആവശ്യങ്ങൾക്കും കാർഷിക നിക്ഷേപങ്ങൾക്കുമായി ഉപയോഗിച്ചതായി വ്യക്തമാക്കി.
• ഏകദേശം 85% ഗുണഭോക്താക്കളും കാർഷിക വരുമാനത്തിൽ വർധനയുണ്ടായതായും അനൗദ്യോഗിക വായ്പകളെ ആശ്രയിക്കുന്നതു കുറഞ്ഞതായും സ്ഥിരീകരിച്ചു.
• 2020–21 മുതൽ 2025–26 വരെയുള്ള കാലയളവിൽ ധാന്യോൽപ്പാദനത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. ഈ കാലയളവിൽ കൃഷിഭൂമിയുടെ വിസ്തൃതി ഏകദേശം 9.65 ശതമാനവും, ഉൽപ്പാദനക്ഷമത ഏകദേശം 10.53 ശതമാനവും, മൊത്തം ധാന്യോൽപ്പാദനം ഏകദേശം 21.18 ശതമാനവും വർധിച്ചു. ഇതു പിഎം-കിസാൻ പദ്ധതിയിലൂടെ കർഷകർക്കു ലഭിക്കുന്ന സമഗ്രമായ പിന്തുണയെയും കാർഷിക മേഖലയുടെ വളരുന്ന ശേഷിയെയും പ്രതിഫലിപ്പിക്കുന്നു.

ഡിജിറ്റൽ ഇന്ത്യയിലൂടെ കർഷകർക്കു നേരിട്ടുള്ള ആനുകൂല്യങ്ങൾ

ഡിജിറ്റൽ ഇന്ത്യയുടെ ഫലപ്രദമായ ഉപയോഗത്തിനു മികച്ച ഉദാഹരണമാണു പിഎം-കിസാൻ പദ്ധതി. ആധാർ അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ, ഡിജിറ്റൽ ഗുണഭോക്തൃ പരിശോധന, DBT സംവിധാനം എന്നിവയിലൂടെ സാമ്പത്തിക സഹായം കർഷകരിലേക്കു നേരിട്ടു കൈമാറുന്നു. ഈ പദ്ധതി സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; മറിച്ച്, കർഷകരിൽ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള ശേഷിയും വളർത്തുകയും ചെയ്യുന്നു.

സ്വയംപര്യാപ്ത ഇന്ത്യയിലേക്കും സമൃദ്ധിയുള്ള കർഷകരിലേക്കുമുള്ള പ്രധാന ചുവടുവയ്പ്പ്:

പിഎം-കിസാൻ പദ്ധതിയുടെ തുടർച്ചയായ വികാസം കർഷകർക്കു കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള ശേഷി വർധിപ്പിക്കുകയും, ഉൽപ്പാദനക്ഷമത കൂട്ടുകയും, കാർഷിക മേഖലയിലെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുകയും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുകയും ചെയ്യും.

ഗവണ്മെന്റിന്റെ കർഷക കേന്ദ്രീകൃത നയങ്ങളുടെ പ്രധാനപ്പെട്ട സ്തംഭമാണു പിഎം-കിസാൻ പദ്ധതി. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ഭക്ഷ്യോൽപ്പാദകരെ ശാക്തീകരിക്കാനും, അതിലൂടെ ‘വികസിത ഇന്ത്യ’യിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

—————

ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജന (PM-SSY) യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

5,070 കോടി രൂപാ ചെലവിൽ ഊർജ്ജ സംഭരണ സംവിധാനങ്ങളോട് (ESS) കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് (FSPV) പദ്ധതികളുടെ വികസനത്തിനായുള്ള സംരംഭമായ പ്രധാൻമന്ത്രി സൂര്യ സരോവർ യോജന (PM-SSY) യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി.

കുറഞ്ഞത് രണ്ട് മണിക്കൂർ സംഭരണ ശേഷിയുള്ള, അതായത് 10,000 MWh ശേഷിയുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ 5,000 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികളുടെ വികസനമാണ് ഇത് വിഭാവനം ചെയ്യുന്നത്. ഈ പദ്ധതികൾ 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ അനുവദിക്കുകയും സാമ്പത്തിക സഹായത്തിന്റെ വിതരണം 2032-33 സാമ്പത്തിക വർഷം വരെ തുടരുകയും ചെയ്യും.

രാജ്യത്തെ ജലാശയങ്ങളിലും അനുയോജ്യമായ മറ്റ് ഉൾനാടൻ ജലാശയങ്ങളിലുമായി ഏകദേശം 102.18 GWp ഫ്ലോട്ടിംഗ് സോളാർ ശേഷിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) അടുത്തിടെ നടത്തിയ വിലയിരുത്തലിനെ തുടർന്നാണ് ഈ അംഗീകാരം.

വിജയകരമായി കമ്മീഷൻ ചെയ്ത ശേഷം അനുയോജ്യമായ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾക്ക് മെഗാവാട്ടിന് (MW) ഒരു കോടി രൂപ വീതം കേന്ദ്ര സാമ്പത്തിക സഹായം (CFA) പദ്ധതിക്ക് കീഴിൽ നൽകും. കൂടാതെ ബാത്തിമെട്രി, ഹൈഡ്രോഗ്രാഫി അവലോകനം, പാരിസ്ഥിതിക പഠനങ്ങൾ, പദ്ധതി വികസനത്തിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റ് പ്രാഥമിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധ്യതാ പഠനങ്ങൾ നടത്തുന്നതിനായി ഒരു പദ്ധതി 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും ലഭ്യമാകും.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. നിലവിൽ ഏകദേശം 700 മെഗാവാട്ട് മാത്രമുള്ള രാജ്യത്തെ ഫ്ലോട്ടിംഗ് സോളാർ പിവി ശേഷി 5,000 മെഗാവാട്ടായി ഉയർത്താൻ ഈ പദ്ധതി സഹായിക്കും. നിലവിലുള്ള ജലാശയങ്ങളും വ്യാവസായിക കുളങ്ങളും ലാഭകരമായി വിനിയോഗിക്കാനും അപൂർവ്വമായ ഭൂവിഭവങ്ങൾക്കായുള്ള മത്സരം ഒഴിവാക്കാനും ഈ പദ്ധതികൾ അവസരമൊരുക്കും. ഊർജ്ജ സംഭരണ സംവിധാനത്തിന്റെ സംയോജനം ഗ്രിഡിന്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ സഹായിക്കും. പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 16,000 മുതൽ 17,000 വരെ മുഴുവൻ സമയ തുല്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഫ്ലോട്ടേഷൻ സിസ്റ്റങ്ങളുടെയും പിവി സെല്ലുകൾ, മൊഡ്യൂളുകൾ, എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ തുടങ്ങിയ പദ്ധതികളുടെ മുഴുവൻ മൂല്യ ശൃംഖലയുടെയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ‘ആത്മനിർഭർ ഭാരത്’ എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

ഈ പദ്ധതി പുനുരുപയോഗ ഊർജ്ജ ശേഷി വർധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ദേശീയ ഊർജ്ജ-കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ പിന്തുണയ്ക്കുകയും ‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം ജലവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം സാധ്യമാക്കുകയും ചെയ്യും.

——————–

പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) സഹായം വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭാ അംഗീകാരം

യുവാക്കളുടെ വികാസത്തിനും രാഷ്ട്രനിർമ്മാണത്തിനുമായി കായികരംഗത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനുള്ള ​ഗവൺമെന്റിൻ്റെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 36,441 കോടി രൂപയുടെ സംയോജിത വിഹിതത്തോടെ പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) വർധിപ്പിച്ച ധനസഹായത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ കായിക വികസന പദ്ധതിയാണിത്. കായികരംഗത്തോടുള്ള രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഇത് വളരെയധികം ഉത്തേജനം നൽകുകയും വരാനിരിക്കുന്ന ദശകത്തിൽ ഒരു പരിവർത്തനാത്മക സ്വാധീനം ചെലുത്തുകയും ചെയ്യും.

മുൻകാല ഖേലോ ഇന്ത്യ പദ്ധതിയുടെ ഏകദേശം എട്ടിരട്ടിയാണ് അം​ഗീകൃത വിഹിതം. ഇത് യുവജന വികാസത്തിൻ്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും അതോടൊപ്പം ഒരു ആഗോള കായിക വൻശക്തിയായി ഇന്ത്യ ഉയർന്നുവരുന്നതിന്റെയും ആണിക്കല്ലാക്കി കായികരംഗത്തെ മാറ്റുന്നതിനുള്ള ഗവൺമെന്റിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

സ്കൂൾ കളിസ്ഥലങ്ങളിൽ നിന്നും ഗ്രാമീണ കായിക മേഖലകളിൽ നിന്നും ഒളിമ്പിക് പോഡിയം വരെ പ്രതിഭാധനരായ എല്ലാ ഇന്ത്യൻ യുവാക്കൾക്കും സുഗമമായ ഒരു പാത സൃഷ്ടിക്കുന്നതിനാണ് ഈ പരിഷ്കരിച്ച പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാമ്പത്തിക പശ്ചാത്തലമോ അവസരങ്ങളുടെ അഭാവമോ കാരണം ഒരു കായിക പ്രതിഭയും തിരിച്ചറിയപ്പെടാതെ പോകരുതെന്ന് ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു.

ഖേലോ ഭാരത് നീതി 2025, ദേശീയ വിദ്യാഭ്യാസ നയം 2020 എന്നിവയുടെ കാഴ്ചപ്പാടുകളുമായി ചേ‍ർന്നുനിൽക്കുന്ന ഈ പദ്ധതി 2030-ലെ കോമൺവെൽത്ത് ഗെയിംസും ഒളിമ്പിക്, പാരലിമ്പിക് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ദീർഘകാല കായിക ലക്ഷ്യങ്ങൾക്ക് ശക്തമായ അടിത്തറയിടുന്നു. ഒപ്പം കായികരംഗത്തെ വിദ്യാഭ്യാസം, ഫിറ്റ്നസ്, സാങ്കേതികവിദ്യ, ഉന്നതതല പരിശീലനം എന്നിവയുമായും സംയോജിപ്പിക്കുന്നു.

ഓരോ കായികപ്രതിഭയ്ക്കും മികവിലേക്കുള്ള പാത തുറക്കുന്നു:

കഴിവുള്ള കായികതാരങ്ങളെ കണ്ടെത്തുന്നതും ശാസ്ത്രീയ പരിശീലനവും മുതൽ അന്താരാഷ്ട്ര മത്സരങ്ങളും ഒളിമ്പിക് തയ്യാറെടുപ്പുകളും വരെയുള്ള ഓരോ ഘട്ടത്തിലും യുവ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി ആദ്യമായി സമഗ്രമായ അത്‍ലറ്റ് വികസന പാത (athlete development pathway) തയ്യാറാക്കിയിട്ടുണ്ട്.

നാഷണൽ സെന്റേഴ്സ് ഓഫ് എക്സലൻസ് (NCOE), ഖേലോ ഇന്ത്യ സെന്റേഴ്സ് ഓഫ് എക്സലൻസ് (KICoE), സായ് (SAI) ട്രെയിനിംഗ് സെന്ററുകൾ (STC), ഖേലോ ഇന്ത്യ അംഗീകൃത അക്കാദമികൾ (KIAA), ഖേലോ ഇന്ത്യ സെന്ററുകൾ (KIC), സായുധ സേനയുടെ യൂത്ത് സ്പോർട്സ് കമ്പനികൾ (YSC) എന്നിവ ഉൾപ്പെടുന്ന സംയോജിത രാജ്യവ്യാപക കായിക ആവാസവ്യവസ്ഥയ്ക്ക് ഈ പദ്ധതി രൂപം നൽകുന്നു. ഇവ സംയുക്തമായി രാജ്യത്തുടനീളം ലോകോത്തര പരിശീലനം, സ്പോർട്സ് സയൻസ് പിന്തുണ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകും.

സ്കൂൾ കായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി ​ഗവൺമെന്റ് രണ്ട് പുതിയ പദ്ധതികൾ അവതരിപ്പിച്ചു – ഖേലോ ഇന്ത്യ ഫീഡർ സ്കൂളുകളും (KIFS) ഖേലോ ഇന്ത്യ ഉത്കൃഷ്ട വിദ്യാലയങ്ങളും (KIUV). ഇവ കായികരംഗത്തെ മുഖ്യധാര വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുകയും കഴിവുള്ള കുട്ടികളെ നേരത്തെ തന്നെ തിരിച്ചറിയാനും ചിട്ടയായി പരിപോഷിപ്പിക്കാനും സഹായിക്കുകയും ചെയ്യും.

ഇന്ത്യയുടെ അത്‌ലറ്റ് പൂൾ ഏകദേശം പത്തിരട്ടിയായി വിപുലീകരിക്കും:

നിലവിലുള്ള ഖേലോ ഇന്ത്യ അത്‌ലറ്റ്സ് പ്രോഗ്രാമിനൊപ്പം എമർജിംഗ് ഖേലോ ഇന്ത്യ അത്‌ലറ്റ്സ് (E-KIA) എന്ന പുതിയ വിഭാഗം സൃഷ്ടിച്ചതാണ് ഈ പദ്ധതിക്ക് കീഴിലുള്ള പ്രധാന പരിഷ്കാരം. ഇത് ഘടനാപരമായ അത്‌ലറ്റ് വികസന സംവിധാനത്തെ ഏകദേശം പത്തിരട്ടിയായി വിപുലീകരിക്കുകയും ആയിരക്കണക്കിന് അധിക യുവ കായികതാരങ്ങളെ പ്രൊഫഷണൽ കോച്ചിംഗ്, ശാസ്ത്രീയ പിന്തുണ, ദീർഘകാല മാർഗ്ഗനിർദ്ദേശം എന്നിവയുടെ കീഴിലേക്ക് കൊണ്ടുവരികയും ചെയ്യും.

കഴിവുള്ളവരെ കണ്ടെത്തുന്നതിനായുള്ള വികസന സമിതികൾ (Talent Identification Development Committees), സോണൽ സമിതികൾ, ടാലന്റ് സ്കൗട്ടുകൾ, ഹൈ പെർഫോമൻസ് ഡയറക്ടർമാർ, ഹൈ പെർഫോമൻസ് മാനേജർമാർ എന്നിവരെ ഉൾപ്പെടുത്തി രാജ്യവ്യാപകമായി ഒരു കരുത്തുറ്റ ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ ചട്ടക്കൂട് രാജ്യത്തുടനീളമുള്ള വളർന്നുവരുന്ന കായികതാരങ്ങളെ നിരന്തരം കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് ഉറപ്പാക്കും.

ഈ പദ്ധതി അടിസ്ഥാനതല മത്സരങ്ങളിൽ നിന്ന് ഖേലോ ഇന്ത്യയിലേക്കും തുടർന്ന് ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമിലേക്കും (TOPS) വ്യക്തമായ ഒരു മുന്നേറ്റ പാത സ്ഥാപിക്കുന്നു. ഇത് അർഹരായ കായികതാരങ്ങൾക്ക് ലോകോത്തര പരിശീലനവും അന്താരാഷ്ട്ര പരിചയസമ്പത്തും ഏറ്റവും ഉയർന്ന തലത്തിൽ മെഡലുകൾക്കായി മത്സരിക്കുന്നതിനുള്ള സമഗ്രമായ പിന്തുണയും ലഭിക്കാൻ പ്രാപ്തമാക്കുന്നു.

കൂടുതൽ മത്സരങ്ങൾ, കൂടുതൽ അവസരങ്ങൾ:

കായികരംഗത്തെ മികവ് പതിവായ മത്സരങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, പരിഷ്കരിച്ച പദ്ധതി ഇന്ത്യയുടെ ആഭ്യന്തര മത്സര ശൃംഖലയെ ഗണ്യമായി ശക്തിപ്പെടുത്തുന്നു. യുവ കായികതാരങ്ങൾക്ക് തുടർച്ചയായ മത്സര പരിചയം നൽകുന്നതിനായി ദേശീയ ചാമ്പ്യൻഷിപ്പുകൾക്കൊപ്പം സ്കൂൾ, യൂണിവേഴ്സിറ്റി, റീജിയണൽ, സ്പോർട്സ് അടിസ്ഥാനമാക്കിയുള്ള ലീഗുകൾ എന്നിവയെ ഇത് പിന്തുണയ്ക്കുന്നു.

വനിതാ കായികതാരങ്ങൾ, പാര-അത്‍ലറ്റുകൾ, പരമ്പരാഗത കായിക ഇനങ്ങൾ, സമാധാനത്തിനും എല്ലാവരെയും ഉൾക്കൊള്ളലിനും കമ്മ്യൂണിറ്റി വികസനത്തിനുമുള്ള ഒരു മാർഗ്ഗമെന്ന നിലയിലുള്ള കായികപ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ദേശീയ ഗെയിംസുകൾ സംഘടിപ്പിക്കുന്നതിനും പ്രധാന അന്താരാഷ്ട്ര കായിക പരിപാടികൾക്ക് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്നതിനും ഈ പദ്ധതി പിന്തുണ നൽകുന്നു.

കൂടുതൽ ഫിറ്റ്‌നസ്സുള്ളതും ആരോഗ്യകരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കൽ:

പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഫിറ്റ്‌നസിനെ ഒരു രാജ്യവ്യാപക മുന്നേറ്റമായി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’ ഗണ്യമായി വിപുലീകരിക്കും. കർമനിരതമായ ജീവിതശൈലി, കായികരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, അതിർത്തി പ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമുള്ള പ്രവർത്തനങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള കായികാധിഷ്ഠിത സംരംഭങ്ങൾ എന്നിവ ക്യാമ്പയ്നുകൾ വഴി പ്രോത്സാഹിപ്പിക്കും. ഇത് കായികരംഗത്തെ സാമൂഹിക പരിവർത്തനത്തിനുള്ള ഒരു മാധ്യമമായി ശക്തിപ്പെടുത്തുന്നു.

പരിശീലകരിലും സാങ്കേതികവിദ്യയിലും നവീനാശയത്തിലും നിക്ഷേപം നടത്തൽ:

ലോകോത്തര പിന്തുണാ സംവിധാനങ്ങളിലൂടെ മാത്രമേ കായികതാരങ്ങൾക്ക് മികവ് പുലർത്താൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പരിശീലന യോഗ്യതകൾ ഏകീകരിക്കുന്നതിനും പ്രൊഫഷണൽ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള കോച്ചുകളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ശേഷി വർധിപ്പിക്കുന്നതിനുമായി ​ഗവൺമെന്റ് നാഷണൽ കോച്ച് അക്രഡിറ്റേഷൻ ബോർഡ് (NCAB) സ്ഥാപിക്കും.

അത്‍ലറ്റുകളുടെ ഡാറ്റാബേസുകൾ, അടിസ്ഥാന സൗകര്യങ്ങൾ, മത്സരങ്ങൾ, പരിശീലന വിഭവങ്ങൾ, കായികശേഷി വിലയിരുത്തലുകൾ, ധനസഹായം, ഫിറ്റ് ഇന്ത്യ പങ്കാളിത്തം എന്നിവ സംയോജിപ്പിക്കുന്ന ഒരു ഏകീകൃത ഡിജിറ്റൽ സ്പോർട്സ് പ്ലാറ്റ്‌ഫോമും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പ്ലാറ്റ്‌ഫോം ഡാറ്റാധിഷ്ഠിത ആസൂത്രണം, സുതാര്യമായ ഭരണനി‍ർവഹണം, വ്യക്തിഗത അത്‌ലറ്റ് വികാസം എന്നിവ സാധ്യമാക്കും.

കായിക മികവിനായി ശക്തമായ പങ്കാളിത്തം:

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന യഥാർത്ഥ ദേശീയ കായിക ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് കായിക അടിസ്ഥാന സൗകര്യങ്ങൾ, പ്രതിഭാ വികാസം, കായികതാരങ്ങൾക്കുള്ള പിന്തുണ എന്നിവയിലെ നിക്ഷേപം, നവീനാശയം, വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ അക്കാദമികൾ, കോർപ്പറേറ്റ് പങ്കാളികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായുള്ള സഹകരണം ​ഗവൺമെന്റ് കൂടുതൽ ശക്തമാക്കും.

ഇന്ത്യയുടെ ആഗോള കായിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കൽ:

പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്ക് അനുസൃതമായി 2026-31 കാലയളവിലേക്കായി ശക്തിപ്പെടുത്തിയ ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള (ANSF) ധനസഹായ പദ്ധതിക്കും ഗവൺമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്.

പരിശീലനം, സ്പോർട്സ് സയൻസ്, ആധുനിക ഉപകരണങ്ങൾ, അന്താരാഷ്ട്ര പരിചയസമ്പത്ത്, പരിശീലന ക്യാമ്പുകൾ, വിദേശ വിദഗ്ധരുടെ സേവനം ഉറപ്പാക്കൽ, പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിലെ പങ്കാളിത്തം എന്നിവയ്ക്കുള്ള ധനസഹായത്തിലൂടെ ഈ പദ്ധതി ഇന്ത്യൻ കായികതാരങ്ങളെയും ടീമുകളെയും പിന്തുണയ്ക്കും.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായുള്ള കായിക സഹകരണത്തെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ പരമ്പരാഗത കായിക ഇനങ്ങളെ അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വികസിത ഭാരതത്തിനായുള്ള ഒരു ദേശീയ ദൗത്യം:

പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതി ഇന്ത്യയുടെ കായിക ഭാവിയിൽ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കായിക പരിപാടി എന്നതിലുപരി അവസരം, ആത്മവിശ്വാസം, മികവ് എന്നിവ നൽകി ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ദേശീയ ദൗത്യമാണിത്.

അടിസ്ഥാന തലത്തിലെ പ്രതിഭകളിൽ നിന്ന് ആഗോള കായിക വിജയത്തിലേക്ക് സുഗമമായ ഒരു വഴി സൃഷ്ടിക്കുന്നതിലൂടെ ചാമ്പ്യന്മാരെ വളർത്തിയെടുക്കാനും ഫിറ്റ്‌നസ് സംസ്കാരത്തിന് പ്രചോദനം നൽകാനും ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും വികസിത ഭാരതം@2047 എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറുമ്പോൾ ലോകത്തിലെ മുൻനിര കായിക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തെ പ്രതിഷ്ഠിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
Cabinet India