കാഠ്മണ്ഡു: ടിബറ്റ് അതിർത്തിയോട് ചേർന്ന നേപ്പാളിലെ റാസുവ ജില്ലയിൽ ഭോട്ടെ കോശി നദിയിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടം. പ്രളയത്തിൽ നിരവധി പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു.നിരവധി ഇന്ത്യാക്കാരായ ടൂറിസ്റ്റുകളെയും കാണാതായി . മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ടിബറ്റിന്റെ ഭാഗത്തുനിന്ന് ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത്. റാസുവയിലെ ടിമുറെ, സ്യാഫ്രുബെസി മേഖലകളിലാണ് പ്രളയം ഏറ്റവും രൂക്ഷമായത്. വീടുകൾ, വാഹനങ്ങൾ, പാലങ്ങൾ, റോഡുകൾ തുടങ്ങിയവ വെള്ളപ്പാച്ചിലിൽ തകർന്നു. നിരവധി ജലവൈദ്യുത പദ്ധതികൾക്കും വൈദ്യുതി വിതരണ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
നേപ്പാൾ ടൂറിസം ബോർഡിന്റെ പ്രാഥമിക കണക്കനുസരിച്ച് കാണാതായ 384 യാത്രക്കാരിൽ 291 പേർ വിദേശികളും 93 പേർ നേപ്പാൾ സ്വദേശികളുമാണ്. വിദേശികളിൽ 105 പേർ ഇന്ത്യക്കാരാണ്. ടൂറിസം ഏജൻസികൾ, ഗൈഡുകൾ, പ്രാദേശിക ഭരണകൂടം, സുരക്ഷാ ഏജൻസികൾ എന്നിവയുടെ സഹായത്തോടെ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കി. എന്നാൽ ശക്തമായ ജലപ്രവാഹവും പ്രതികൂലമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായതായി റിപ്പോർട്ടുകളുണ്ട്.
പ്രളയത്തിന്റെ പ്രത്യാഘാതം ഇന്ത്യയിലേക്കും വ്യാപിക്കുമെന്ന ആശങ്കയിൽ ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദേശം നൽകി. ഭോട്ടെ കോശി–ത്രിശൂലി നദീസംവിധാനത്തിലുണ്ടായ ജലനിരപ്പ് വർധന ഗണ്ഡക് നദിയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത ശക്തമാക്കിയത്.
നേപ്പാൾ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും ആവശ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നേപ്പാളിൽ തുടരുകയാണ്.
നേപ്പാളിൽ മിന്നൽ പ്രളയം: മലയാളികളെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കണം
തിരുവനന്തപുരം: നേപ്പാളിൽ ഇന്ന് (26/08/2026) ഉണ്ടായ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കണം.
ലഭ്യമാകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഔദ്യോഗിക സംവിധാനത്തിലൂടെ നേപ്പാൾ സർക്കാരിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുവേണ്ടി മെമ്പർ സെക്രട്ടറി അറിയിച്ചു.
നേപ്പാൾ-തിബത്ത് അതിർത്തിയോട് ചേർന്ന റാസുവ മേഖലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർ മരിക്കുകയും നൂറുകണക്കിന് യാത്രക്കാരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ബന്ധപ്പെടേണ്ട നമ്പർ: 1070 — സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവന് അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്.കെ ഡവലപ്മെന്റ് ഓഫീസറേയും ചുമതലപ്പെടുത്തി.
ഹെല്‍പ്പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി
അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.


