രാജ്യത്തുടനീളം നിക്ഷേപകർക്കായുള്ള സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും മ്യൂച്വൽ ഫണ്ട് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി ഇന്ത്യ പോസ്റ്റും യുടിഐ മ്യൂച്വൽ ഫണ്ടും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തി. നിലവിലുള്ള കരാർ നീട്ടുന്നതിനുള്ള ധാരണാപത്രത്തിൽ (MoU) ഇന്ന് മുംബൈയിലെ യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ (UTI AMC) കോർപ്പറേറ്റ് ഓഫീസിൽ ഒപ്പുവച്ചു.
രാജ്യവ്യാപകമായി കെവൈസി പരിശോധനാ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണാപത്രം കൈമാറുന്ന തപാൽ വകുപ്പ് ചീഫ് ജനറൽ മാനേജർ അദ്നാൻ അഹമ്മദും യുടിഐ എഎംസിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വെട്രി സുബ്രഹ്മണ്യവും.
രാജ്യത്തുടനീളം സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള ഇന്ത്യ പോസ്റ്റിന്റെയും യുടിഐ മ്യൂച്വൽ ഫണ്ടിന്റെയും സംയുക്ത പ്രതിജ്ഞാബദ്ധതയെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.
രാജ്യവ്യാപക കെവൈസി പരിശോധനാ പദ്ധതിയുടെ ഭാഗമായി, നിക്ഷേപകരുടെ വീടുകളിലെത്തി നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer – KYC) എന്ന നടപടിക്രമത്തിന്റെ പരിശോധന നടത്തുന്നതിനായി ഇന്ത്യ പോസ്റ്റ് വിപുലമായ തപാൽ സേവനശൃംഖല പ്രയോജനപ്പെടുത്തും. വിദൂര പ്രദേശങ്ങളിലും സേവനങ്ങൾ പരിമിതമായി ലഭിക്കുന്ന മേഖലകളിലും ഈ സൗകര്യം ലഭ്യമാക്കും. ബാധകമായ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിനൊപ്പം പരിശോധനാ നടപടിക്രമം കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മുൻപ് നടപ്പാക്കിയ കെവൈസി പരിഹാര സംരംഭത്തിന്റെ തുടർച്ചയായാണ് ഈ വിപുലീകൃത സംരംഭം. നിക്ഷേപകരെ അവരുടെ മുടങ്ങിക്കിടന്ന കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രേഖകളുമായി ബന്ധപ്പെട്ട പോരായ്മകൾ പരിഹരിക്കാനും ഈ സംരംഭം സഹായിച്ചിരുന്നു. ഇപ്പോൾ
വിപുലീകരിച്ച ഈ പദ്ധതി നിക്ഷേപക സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മ്യൂച്വൽ ഫണ്ടുകളിൽ കൂടുതൽ പേരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ സജ്ജമാക്കുന്നതിൽ, വിപുലമായ രാജ്യവ്യാപക ശൃംഖലയുള്ള തപാൽ വകുപ്പിന്റെ ശേഷി ഈ സംരംഭത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

