കൊച്ചി: അമൃത ആശുപത്രിയിലെ ഒബ്‌സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെയും, കൊച്ചി ഒബ്‌സ്ടെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (COGS) ആഭിമുഖ്യത്തിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും (“Two Battles – Tackling Acute Obstetrics Crisis and Life Long Struggle of Endometriosis”) എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. അമൃത ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഗർഭകാല അടിയന്തരാവസ്ഥകളുടെ നൂതന ചികിത്സാരീതികളും എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്തു.

COGS പ്രസിഡന്റ് ഡോ. ഗ്രേസി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രീയ സെഷനുകൾക്ക് അമൃത ആശുപത്രിയിലെ ഒബ്‌സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം എമിരിറ്റസ് പ്രൊഫസർ ഡോ. രാധാമണി. കെ നേതൃത്വം നൽകി. അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി.ബീന, ഒബ്‌സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ചിത്ര. ആർ. തുടങ്ങിയവർ പ്രസംഗിച്ചു.

ഗർഭകാലത്ത് ഉണ്ടാകാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളായ അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം, യുട്രസ് റപ്ചർ, DIC, AFLP, എക്ലാംപ്സിയ, ഹൈപ്പർടെൻസീവ് ക്രൈസിസ്, സെപ്സിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ഗൈനക്കോളജിസ്റ്റുകളും വിദഗ്ധരും ക്ലാസുകൾ നയിച്ചു. എൻഡോമെട്രിയോസിസ് രോഗനിർണയവും ചികിത്സയും സംബന്ധിച്ച പാനൽ ചർച്ചയും നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.