വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുണ്ടായ ബോട്ട് അപകടത്തിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ എംബസിയും കോൺസുലേറ്റും വിയറ്റ്നാമീസ് അധികൃതരുമായി സഹകരിച്ച് നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു

എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, ഫു ക്വോക്കിന് സമീപം ഇന്ത്യക്കാർ ഉൾപ്പെട്ട ബോട്ട് അപകടത്തെക്കുറിച്ചുള്ള വാർത്ത അതിയായ ദുഃഖമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയാണെന്നും വിയറ്റ്നാമീസ് അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് തെക്കൻ വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്