വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ കണക്റ്റിവിറ്റി പദ്ധതി കേന്ദ്ര ​ഗവൺമെൻ്റിൻ്റെ ‘പി.എം ഗതിശക്തി’ ദേശീയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ബി.ഐ.എസ്.എ.ജി (BISAG) പോർട്ടൽ വഴിയാണ് പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസഭയിൽ പി. പി. സുനീർ എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദക്ഷിണ റെയിൽവേ ശൃംഖലയിലെ തിരുവനന്തപുരം-നാഗർകോവിൽ പാതയിലുള്ള ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോ​ഗമിക്കുകയാണ്. റെയിൽവേ മന്ത്രാലയത്തിന്റെ പൊതു – സ്വകാര്യ പങ്കാളിത്ത(PPP) നയം അനുസരിച്ച് ദക്ഷിണ റെയിൽവേയും കേരള ​ഗവൺമെൻ്റിൻ്റെ പ്രത്യേക ഉദ്ദേശ്യ സ്ഥാപനമായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (VISL) തമ്മിൽ ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്.

കരാർ പ്രകാരം ഇന്ത്യൻ റെയിൽവേയുടെ മേൽനോട്ടത്തിൽ റെയിൽ പാതയുടെ നിർമ്മാണവും പരിപാലനവും വി.ഐ.എസ്.എൽ (VISL) നിർവ്വഹിക്കും. പുതിയ പാതയിലെ ട്രെയിൻ സർവീസുകളുടെ നടത്തിപ്പും ഗതാഗത നിയന്ത്രണവും പൂർണ്ണമായും ഇന്ത്യൻ റെയിൽവേയുടെ ചുമതലയിലായിരിക്കും.

തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് ചരക്കുനീക്കം വേഗത്തിലാക്കാനും ഇന്ത്യൻ റെയിൽവേയുടെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ശേഷി വർദ്ധിപ്പിക്കാനും ഏറെ സഹായകരമാകും.