പമ്പ – ചാലക്കയം റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന നേട്ടമെന്ന് മന്ത്രി പി കെ ബഷീർ

പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി പമ്പ റോഡിലെ ചാലക്കയം – പമ്പ റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് വകുപ്പിന്റെ അഭിമാന നേട്ടമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പിന്തുണയും വിവിധ വകുപ്പുകളുടെ ഏകോപനവും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കാരണമായി. റോഡിന്റെ ഉദ്ഘാടനം ചാലക്കയത്ത് നാട മുറിച് നിർവഹിച്ച ശേഷം പമ്പയിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 കോടി രൂപ ചെലവഴിച്ചാണ് 4.5 കിലോമീറ്റർ ദൈർഘ്യത്തിൽ 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.

ശബരിമല തീർഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലാണ് റോഡ് നവീകരണം അടിയന്തരമായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധികൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഒരു മേഖലയും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.24 മണിക്കൂറിനുള്ളിൽ ഭരണാനുമതിയും ഒരു മണിക്കൂറിനുള്ളിൽ മന്ത്രിസഭാ അംഗീകാരവും ലഭ്യമാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

ആവശ്യമായ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പിൻ്റെ കാര്യക്ഷമതയും സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാനുള്ള ശേഷിയും തെളിയിക്കുന്നതാണ് ഈ നവീകരണ പ്രവൃത്തിയെന്നും മന്ത്രി പറഞ്ഞു.നിശ്ചിത സമയത്തേക്കാൾ വളരെ വേഗം പ്രവൃത്തികൾ പൂർത്തിയാക്കാൻ കരാറുകാരനും ഉദ്യോഗസ്ഥരും നടത്തിയ ഏകോപിത പ്രവർത്തനങ്ങൾ നിർണായകമായി.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സർക്കാർ അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചു. പാക്കേജിൽ ഉൾപ്പെട്ട 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെൻഡർ ചെയ്തുകഴിഞ്ഞു. തീർത്ഥാടന പാതകളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കൂടുതൽ വേഗം കൈവരിക്കാനാകും.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹകരിച്ച കരാറുകാരൻ എം.പി. ജോളി,ജില്ലാ കളക്ടർ എ നിസാമുദ്ദീൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.ചടങ്ങിൽ പൊതുമരാമത്ത് വകുപ്പിനുള്ള ജില്ലാ ഭരണ കൂടത്തിൻ്റെ മെമൻ്റോ മന്ത്രി കെ മുരളീധരൻ പി ഡബ്ലു ഡി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളയ്ക്ക് നൽകി.

ചടങ്ങിൽ ആരോഗ്യം- ദേവസ്വം മന്ത്രി കെ മുരളീധരൻ അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയായി. പഴകുളം മധു എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, പി ഡബ്ലു ഡി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടർ എ നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എം അൻസാർ, സൂപ്രണ്ടിംഗ് എൻജിനീയർ ജി ആർ ബിജു തുടങ്ങിയവർ പങ്കെടുത്തു

ചാലക്കയം പമ്പ റോഡിന്റെ റെക്കോർഡ് വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവ് : മന്ത്രി കെ മുരളീധരൻ

ശബരിമല തീർത്ഥാടന പാതയിലെ സുപ്രധാനമായ ചാലക്കയം–പമ്പ റോഡ് വികസന പ്രവൃത്തികൾ ഒന്നര മാസം കൊണ്ട്  പൊതുമരാമത്ത് വകുപ്പ്
പൂർത്തിയാക്കിയത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന് ആരോഗ്യ – ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത് പൊതുമരാമത്ത് മന്ത്രിയാണ്. ദേവസ്വം ബോർഡിന്റെ അംഗീകാരവും ലഭ്യമാക്കിയതോടെ പദ്ധതിക്ക് തുടക്കമായി. അനുമതിയും സാങ്കേതിക നടപടികളും വേഗത്തിലാക്കി സെപ്റ്റംബറിൽ അംഗീകാരം ലഭിച്ച പദ്ധതി നവംബറിൽ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെൻഡർ ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും നിർദേശങ്ങളും തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വലിയ വേഗം നൽകിയിട്ടുണ്ട്. ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി യോഗം ചേർന്നിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക തീർക്കും

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളം, ചെങ്ങന്നൂർ, എരുമേലി എന്നിവിടങ്ങളിൽ നടത്തിയ അവലോകന യോഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ രണ്ടു വർഷത്തെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഈ കുടിശ്ശികയിൽ വലിയൊരു ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തീർപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ആദ്യ ഗഡു അനുവദിച്ച സാഹചര്യത്തിൽ രണ്ടാം ഗഡുവും ലഭ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മിനിറ്റിൽ 75 പേർക്ക് പതിനെട്ടാംപടി കയറാം

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പതിനെട്ടാംപടി കയറ്റത്തിന്റെ വേഗം നിർണായകമാണ്. ഒരു മിനിറ്റിൽ 75 തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റാൻ കഴിഞ്ഞാൽ തിരക്ക് നിയന്ത്രിക്കാനും ദർശനം സുഗമമാക്കാനും സാധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം പോലീസിന് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.

അപ്പവും അരവണയും ഉറപ്പാക്കും

അപ്പത്തിന്റെയും അരവണയുടെയും ലഭ്യത സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉൽപ്പാദന കേന്ദ്രം നേരിട്ട് സന്ദർശിച്ച് ജീവനക്കാരുടെ കഠിനാധ്വാനം ബോധ്യപ്പെട്ടതായും 24 മണിക്കൂറും പ്രവർത്തിച്ചാണ് അവർ ഉൽപ്പാദനം ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 75 ലക്ഷം ടിൻ അരവണ ലഭ്യമാക്കാനായാൽ തീർത്ഥാടനകാലം സുഗമമായി പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.

ബസ് സർവീസിനും ബുക്കിംഗിനും പ്രത്യേക സംവിധാനം

ചാലക്കയം–പമ്പ റൂട്ടിൽ തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി വാടക ബസുകൾ ഉൾപ്പെടെ അധിക സർവീസുകൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ആവശ്യമായ ബസുകൾ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവരസഹായ കേന്ദ്രത്തിലൂടെ വെർച്വൽ ക്യൂ, താമസസൗകര്യം, അപ്പം, അരവണ എന്നിവയുടെ ബുക്കിംഗിനൊപ്പം കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റുകളും നേരിട്ട് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒന്നരക്കോടി ചെലവിൽ തെരുവുവിളക്കുകൾ

ചാലക്കയം–പമ്പ റോഡിൽ ദേവസ്വം ബോർഡിന്റെ ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് തെരുവുവിളക്കുകൾ സ്ഥാപിച്ചു. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. റോഡ് നവീകരണത്തിന് പിന്നാലെ റോഡ് കുത്തിപ്പൊളിക്കാതെ തന്നെ മികച്ച വെളിച്ച സംവിധാനം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളും തങ്ങളുടെ ചുമതലകൾ ഏകോപനത്തോടെ നിർവഹിച്ചുവരികയാണ്. ഈ വർഷത്തെ തീർത്ഥാടനകാലം പൂർത്തിയായാലുടൻ അടുത്ത വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കും. നട അടച്ചശേഷം ഫെബ്രുവരി മുതൽ തന്നെ അടുത്ത തീർത്ഥാടനകാലത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.