തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യത
തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും, നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദ്ദമായും (Well Marked Low Pressure Area), നവംബർ 15-ഓടെ അതേ മേഖലയിൽ തീവ്രന്യൂനമർദ്ദമായും (Depression) ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.
മന്നാർ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു.
നവംബർ 12 മുതൽ 16 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം/ ശക്തമായ മഴയ്ക്ക് സാധ്യത.
ഇന്ന് (നവംബർ 12) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനു സാധ്യത


