സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും. ഏപ്രിൽ 5 മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം.എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. 4.25 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 30 വരെ നീളും. ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 15-ന് പ്രഖ്യാപിക്കും.
മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിനാണ് പരീക്ഷ ആരംഭിക്കുക. മറ്റ് ദിവസങ്ങളിൽ രാവിലെ 9.30-ന് പരീക്ഷ തുടങ്ങുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.
സ്കൂൾ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ
ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ.പി വിഭാഗം ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചശേഷം അവധിക്കായി അടയ്ക്കും. പത്തുദിവസത്തെ അവധിക്കുശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും.


