കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൻ്റെ (ഐസർ) നാലാമത് ഡയറക്ടറായി പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല ചുമതലയേറ്റു. ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രൊഫ. ശ്രീനിവാസുല 1993-ൽ വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ബിരുദം നേടി. നിലവിൽ IISER തിരുവനന്തപുരത്ത് HAG പ്രൊഫസറായ അദ്ദേഹം, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സ്ഥാപനത്തിന്റെ വിവിധ ഭരണനേതൃത്വ ചുമതലകൾ വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ, രജിസ്ട്രാർ, ഡീൻ (അഡ്മിനിസ്ട്രേഷൻ), ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫെയർ, സ്കൂൾ ഓഫ് ബയോളജിയുടെ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, സ്ഥാപനത്തിന്റെ വിവിധ നിയമപരമായ സമിതികളിലും ചെയർമാനായും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2012-ൽ IISER തിരുവനന്തപുരത്ത് ചേരുന്നതിന് മുമ്പ്, അമേരിക്കയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ 18 വർഷത്തിലേറെ ഗവേഷണം നടത്തിയ അദ്ദേഹം, മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ (NIH) ഭാഗമായ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒൻപത് വർഷത്തോളം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി സേവനമനുഷ്ഠിച്ചു.
ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനായ (Biologist) അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ, കോശങ്ങളുടെ സ്വാഭാവിക മരണം (apoptosis), കോശങ്ങളുടെ നിലനിൽപ്പ് തുടങ്ങിയ ജൈവപ്രക്രിയകളുടെ തന്മാത്രാ ഘടനയെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങൾക്ക് നിർണായക സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഭാവനകൾക്ക് വലിയ അന്താരാഷ്ട്ര അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. ശാസ്ത്ര സാഹിത്യ ലോകത്ത് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ 57,000-ത്തിലധികം തവണ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (Citations).
ശാസ്ത്രരംഗത്തെ മികവിന് അംഗീകാരമായി ‘സിഡ്നി കിമ്മൽ സ്കോളർ അവാർഡ്’, ലുക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റിയുടെ ‘സ്പെഷ്യൽ ഫെലോ’ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഐസർ തിരുവനന്തപുരത്തിലെ അദ്ദേഹത്തിന്റെ ലാബ് (ലബോറട്ടറി ഓഫ് ഇമ്മ്യൂൺ സെൽ ബയോളജി – LICB) കോശങ്ങളുടെ സിഗ്നലിംഗ്,ഓർഗനെൽ ഹോമിയോസ്റ്റാസിസ്, യുബിക്വിറ്റിൻ സിഗ്നലിംഗ്, ആതിഥേയ–രോഗാണു പരസ്പരബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.


