ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ 69 വയസുകാരനായ ഭരതന് താടിയെല്ലിലെ ഗുരുതരമായ അർബുദത്തെ തുടർന്ന് സങ്കീർണമായ ശസ്ത്രക്രിയയും മൈക്രോവാസ്കുലർ ഫ്രീ ഫ്ലാപ്പ് ഉപയോഗിച്ചുള്ള പുനർനിർമാണവും വിജയകരമായി നടത്തി.രോഗബാധിതമായ താടിയെല്ലിന്റെ ഭാഗം നീക്കം ചെയ്തശേഷം മുഖത്തിന്റെ ഘടനയും പ്രവർത്തനവും പുനഃസ്ഥാപിക്കുക എന്നത് ചികിത്സാസംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. വിവിധ പുനർനിർമാണ മാർഗങ്ങൾ വിലയിരുത്തിയ ശേഷമാണ് മൈക്രോവാസ്കുലർ ഫ്രീ ഫ്ലാപ്പ് ട്രാൻസ്ഫർ നടത്താൻ തീരുമാനിച്ചത്.

രോഗിയുടെ കാലിൽനിന്ന് അസ്ഥി, പേശി, ത്വക്ക് എന്നിവ ഉൾപ്പെടുന്ന ഭാഗം എടുത്ത് മുഖത്തേക്ക് മാറ്റിവെച്ചാണ് താടിയെല്ലിന്റെ പുനർനിർമാണം നടത്തിയത്. മൈക്രോവാസ്കുലർ സാങ്കേതികവിദ്യയിലൂടെ രക്തക്കുഴലുകൾ സൂക്ഷ്മതലത്തിൽ ബന്ധിപ്പിച്ച് മാറ്റിവെച്ച ടിഷ്യുവിന് ആവശ്യമായ രക്തപ്രവാഹവും ഉറപ്പാക്കി.ഓങ്കോസർജറി വിഭാഗത്തിലെ ഡോ. അതുൽ വാസുദേവ്, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. അജിത്, ഡോ. ജിൻചു, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിലെ ഡോ. ദീപ്തി, ഡോ. ഉഷ, ഡോ. അജിത്, ഡോ. ചിത്ര, ഡോ. ജ്യോതി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അശ്വതി, ഡോ. നീന എന്നിവരും സിസ്റ്റർ ഷീജയും സംഘവും ചേർന്നാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ശസ്ത്രക്രിയയ്ക്കുശേഷം ഭരതൻ സുഖം പ്രാപിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർപരിചരണത്തിലും നിരീക്ഷണത്തിലുമുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

താടിയെല്ലിലെ സങ്കീർണമായ അർബുദ ശസ്ത്രക്രിയയ്ക്കൊപ്പം മുഖത്തിന്റെ ഘടനയും പ്രവർത്തനവും പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഇത്തരം മൈക്രോവാസ്കുലർ പുനർനിർമാണ ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളുടെ ഏകോപിത ചികിത്സാ സമീപനത്തിന്റെ നേട്ടമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. പി. എൽ. ലക്ഷ്മി അറിയിച്ചു